മുംബൈയിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് പോകുന്ന ട്രെയിനിലെ തേഡ് എസി കോച്ചിൽ ഒരാൾ പാൻ തയ്യാറാക്കുന്ന വീഡിയോ വൈറലായി. ലോവർ ബർത്തിൽ ഇരുന്ന് 20-25 പാനുകൾ ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ഇന്ത്യൻ റെയിൽവേയിലെ ശുചിത്വത്തെയും അനധികൃത വിൽപ്പനയെയും കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു.
ട്രെയിനിലെ തേഡ് എസി കോച്ചിന്റെ ലോവർ ബർത്തിൽ വിശാലമായിരുന്ന് 20 മുതൽ 25 ഓളം പാനുകൾ തയ്യാറാക്കുന്ന ആളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ റെയിൽവേയിലെ ശുചിത്വവും അനധികൃത പാൻ വിൽപ്പനയും സംബന്ധിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.
വിശാലമായിരുന്നു പാൻ തയ്യാറാകുന്നു
മുംബൈയിൽനിന്ന് ഛത്തീസ്ഗഢിലേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. എക്സ് പ്ലാറ്റ്ഫോമിൽ @indiain24hr എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ, ഒരാൾ തേഡ് എസി കോച്ചിന്റെ ലോവർ ബർത്തിൽ തുണിയൊക്കെ വിരിച്ച് അതിനുമുകളിൽ പാൻ തയ്യാറാക്കാനുള്ള സാധനങ്ങൾ നിരത്തിവെച്ച് പാനുകൾ ഉണ്ടാക്കുന്നത് കാണാം. സമീപത്തുള്ള യാത്രക്കാർ ഇയാളുടെ പ്രവൃത്തി ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ ചിത്രീകരിച്ച യാത്രക്കാരന്റെ പറയുന്നത് അനുസരിച്ച് , ഏകദേശം 20–25 പാനുകൾക്കുള്ള ഓർഡർ ലഭിച്ചതിനെത്തുടർന്നാണ് ഇയാൾ അവ തയ്യാറാക്കിയത്. സാധാരണയായി കടകളിലോ സ്റ്റേഷനുകളിലോ കാണുന്ന പാൻ വിൽപ്പന ട്രെയിനിലെ എസി കോച്ചിന്റെ ബർത്തിലിരുന്ന് ചെയ്യുന്നത് കണ്ട് യാത്രക്കാരും സമൂഹ മാധ്യമ ഉപയോക്താക്കളും അത്ഭുതപ്പെട്ടു.
ആശങ്കയോടെ നെറ്റിസെൺസ്
എന്നാൽ, ഈ സംഭവം ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തി. യാത്രക്കാർക്ക് ഇരിക്കാനും വിശ്രമിക്കാനും ഉറങ്ങാനുമുള്ള ബർത്തിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നത് എത്രത്തോളം ഉചിതമാണെന്ന് ചിലർ ചോദിച്ചു. അയാൾ പാൻ തയ്യാറാക്കുന്ന സാഹചര്യത്തിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
അതേസമയം ട്രെയിനുകളിലെ ഭക്ഷണവിൽപ്പനയ്ക്ക് റെയിൽവേയുടെ അംഗീകൃത സംവിധാനങ്ങളും ചട്ടങ്ങളും ബാധകമാണ്. എന്നാൽ, ഈ വ്യക്തിക്ക് വിൽപ്പനാനുമതി ഉണ്ടായിരുന്നോയെന്ന് വൈറൽ വീഡിയോയിൽനിന്ന് വ്യക്തമല്ല. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.


