പാകിസ്ഥാനില്‍ വൈദ്യുതി ബില്ല് വളരെ ഉയരത്തിലാണ്. ഇത് ഒന്ന് കുറയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്ന് അവതാരിക ചോദിക്കുമ്പോഴാണ് മൗലാന തന്‍റെ പ്രാര്‍ത്ഥന വിശ്വാസികൾക്കായി പറയുന്നത്. 

വൈദ്യുതി ബില്ല് നിയന്ത്രിക്കാൻ പലതരത്തിലുള്ള പരിഹാര മാർഗ്ഗങ്ങൾ ആളുകൾ തേടാറുണ്ട്. എന്നാൽ ഇതുവരെ ആളുകൾ തേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ ഒരു പരിഹാര മാർഗ്ഗം നിർദ്ദേശിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പുരോഹിതനാണ് വീഡിയോയിലൂടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇദ്ദേഹം നൽകുന്ന മറുപടിയാണ് വീഡിയോയിലുള്ളത്. എക്സ്പ്രസ് ടിവിയിലെ ജാവേരിയ സൗദിന്‍റെ റമദാൻ ഷോയിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനായ മൗലാന ആസാദ് ജമീലിന്‍റെ പഴയൊരു വീഡിയോയിലാണ് വൈദ്യുതി ബിൽ കുറയ്ക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വച്ച നി‍ദ്ദേശമുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 

ഓരോ ദിവസം ചെല്ലുന്തോറും വൈദ്യുതി ബിൽ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. അത് കുറയ്ക്കാൻ എന്തെങ്കിലും ഒരു പ്രാർത്ഥനയോ പ്രതിവിധിയോ പറഞ്ഞുതരാമോയെന്നാണ് ഷോയിൽ അവതാരിക മൗലാനയോട് ചോദിക്കുന്നു. ഈ സമയം പറഞ്ഞുതരാമെന്ന് പറയുന്ന പുരോഹിതന്‍ തുടർന്ന് നിർദ്ദേശിക്കുന്ന കാര്യങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ചർച്ചയായത്. വൈദ്യുതി ബില്ല് നിയന്ത്രിക്കാനായി ആത്മീയമായ ഒരു വഴിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ നിർദ്ദേശം വീഡിയോയില്‍ പറയുന്നത്. അദ്ദേഹം നിർദ്ദേശിച്ച പരിഹാര മാർഗ്ഗം ഇങ്ങനെയായിരുന്നു, 'മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ 'സം സം' എന്ന രണ്ട് വാക്കുകൾ എഴുതണം. ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും വീഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍, അവതാരികയ്ക്ക് ഉറപ്പ് നൽകി. 

Scroll to load tweet…

View post on Instagram

അടിക്കടി ഉയരുന്ന വൈദ്യുതി ബില്ലുകൾ പ്രശ്നമാകുന്നുണ്ടോ? ഈ പാകിസ്ഥാനി മൗലാനയുടെ കയ്യിൽ ഒരു ദൈവീക പരിഹാരമുണ്ട് എന്ന കുറിപ്പോടെ സോനം മഹാജന്‍ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1.4 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. മൗലാനയുടെ 'സം സം' എന്ന പരാമർശം വിശുദ്ധ ജലമായി ഇസ്ലാം മത വിശ്വാസികൾ കരുതുന്ന സംസം വെള്ളത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ കുറിച്ചു.