തായ്ലൻഡിലെ കോ ടാവോയ്ക്കും കോ സമുയിക്കും ഇടയിലുണ്ടായ ഫെറി അപകടത്തിൽ യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ ലഗേജുകൾ കടലിൽ നഷ്ടപ്പെട്ടു. സ്യൂട്ട്കേസുകൾ കടലിലേക്ക് പതിച്ച സംഭവം,  ഫെറി സർവീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർത്തി.

തായ്ലൻഡിലെ പ്രശസ്ത ദ്വീപുകളായ കോ ടാവോയ്ക്കും കോ സമുയിക്കും ഇടയിലുണ്ടായ ഫെറി അപകടം മറ്റൊരു ദുരന്തം കൂടി സമ്മാനിച്ചു. അപകത്തില്‍ ഫെറിയാത്രക്കാരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ സ്യൂട്ട്‌കേസുകളും ബാക്ക്‌പാക്കുകളും ബാഗുകളും കടലില്‍ ഒഴുകി നടക്കുകയാണ്. ഇത് മറ്റൊരു ദുരന്തമാണെന്ന് സമൂഹ മാധ്യമ ഉപോയോക്തക്കളും പറന്നു.

ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകൾ

കടൽക്ഷോഭത്തിൽ ഫെറിയുടെ മുകൾത്തട്ടിൽ വെച്ചിരുന്ന ലഗേജുകൾ നനഞ്ഞ ഡെക്കിലൂടെ തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നു. കടലില്‍ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളുടെ ദൃശ്യങ്ങൾ ഒരു ഓസ്‌ട്രേലിയൻ ടൂറിസ്റ്റാണ് തന്‍റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചത്. തിരമാലകളിൽ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളും അവ തിരിച്ചെടുക്കാൻ പാടുപെടുന്ന ജീവനക്കാരെയും ദൃശ്യങ്ങളിൽ കാണാം.

View post on Instagram

തുച്ഛമായ നഷ്ടപരിഹാരം

വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പാസ്പോർട്ടുകൾ, ഇൻഷുറൻസ് പേപ്പറുകൾ യാത്രാ രേഖകൾ തുടങ്ങി യാത്രക്കാരുടെ നിരവധി വസ്തുക്കളാണ് നഷ്ടപ്പെട്ടത്. അപകടത്തിൽ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ട പെർത്തിൽ നിന്നുള്ള ടൂറിസ്റ്റിന് 50,000 ബാത്ത് (ഏകദേശം 1,39,024 രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. എന്നാൽ, തന്‍റെ സാധനങ്ങളുടെ യഥാർത്ഥ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒട്ടും മതിയാകില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റു യാത്രക്കാർ മതിയായ നഷ്ടപരിഹാരം ലഭിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.

സുരക്ഷാ ആശങ്ക

കടൽക്ഷോഭത്തിന് സാധ്യതയുള്ള റൂട്ടുകളിൽ പ്രവർത്തിക്കുന്ന തായ്‌ലൻഡിലെ ഫെറി സർവീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് സംഭവം വലിയ ചർച്ചകൾക്ക് തിരികൊളുത്തി. അതോടൊപ്പം തീർത്തും ഉത്തരവാദിത്വമില്ലാതെ സഞ്ചാരികളുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ നടപടിക്കെതിരെയും വിമർശനം ഉയർന്നു. ലഗേജുകൾ സുരക്ഷിതമാക്കുന്നതിൽ ജീവനക്കാർക്ക് തീരെ ഉത്തരവാദിത്വമില്ലെന്നാണ് മുൻപ് യാത്ര ചെയ്തിട്ടുള്ളവരും ആരോപണം ഉയർത്തിയിരുന്നു. ടൂറിസത്തിന് പ്രാധാന്യം നൽകുന്ന തായ്‌ലൻഡ് പോലൊരു രാജ്യത്ത് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതിൽ കുറിപ്പുകളിലൂടെ നിരവധി പേരാണ് ആശങ്ക അറിയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളും മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകളും വേണമെന്നാണും ചിലർ ആവശ്യപ്പെട്ടു.