സ്കൂളിലേക്ക് ഐഫോൺ ബോക്സിൽ ഉച്ചഭക്ഷണം കൊണ്ടുവന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബോക്സ് തുറന്ന് പറാത്ത കാണിക്കുന്നതും, ഇത് കണ്ടു ചിരിക്കുന്ന ടീച്ചറെയും വീഡിയോയിൽ കാണാം. ഈ രസകരമായ സംഭവത്തിന് നിരവധി ട്രോളുകളും കമന്‍റുകളുമാണ് ലഭിക്കുന്നത്.
ഒരു കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്ന ലഞ്ച് ബോക്സിന്‍റെ ദൃശ്യമിപ്പോൾ സമൂഹ മാധ്യമങ്ങിൽ വൈറലാണ്. സാധാരണ കുട്ടികൾ സ്കൂളിൽ കൊണ്ടുവരാറുള്ളത് പോലെ പ്ലാസ്റ്റിക്കിന്‍റെയോ സ്റ്റീലിന്‍റെയോ ലഞ്ച് ബോക്സായിരുന്നില്ല അത്. അവൻ ഭക്ഷണം പൊതിഞ്ഞെടുത്തിരിക്കുന്നത് ആപ്പിളിന്‍റെ ഐഫോൺ ബോക്സിലാണ്!
ഐഫോൺ ബോക്സിലെന്ത്
ഒരു ആപ്പിൾ ഐഫോൺ ബോക്സുമായി കുട്ടി ക്ലാസിലേക്ക് കടന്നു വരുന്നു. കണ്ടുനിന്ന ടീച്ചർ ബോക്സിൽ എന്താണെന്ന് കുട്ടിയോട് ചോദിക്കുന്നു. നേർത്തൊരു പുഞ്ചിരിയോടെ അവൻ ശാന്തമായി മറുപടി പറഞ്ഞു 'മാഡം, ഉച്ചഭക്ഷണം.' പിന്നാലെ കുട്ടി അധ്യാപികയുടെ മുന്നിൽ വച്ച് തന്നെ തന്‍റെ ഐ ഫോൺ ലഞ്ച് ബോക്സ് തുറക്കുന്നുതും വീഡിയോയില്‍ കാണാം. അതിനുള്ളിൽ ഐഫോണിന് പകരം, ഭംഗിയായി പേപ്പറുകൾ കൊണ്ട് പൊതിഞ്ഞ പറാത്തകളാണ് ഉണ്ടായിരുന്നത്. ഇത് ക്ലാസ് റൂമിൽ ചിരിയും ഒപ്പം തന്നെ അമ്പരപ്പും ഉണ്ടാക്കി.
എന്‍റെ പൊതി
ഒരു ആപ്പിൾ ഫോണിന്‍റെ അൺബോക്സിങായി ആദ്യം തോന്നിയെങ്കിലും അപ്രതീക്ഷിതമായ ഉച്ചഭക്ഷണ പ്രദർശനത്തോടെ സംഭവം തമാശ നിറഞ്ഞ ടിഫിൻ അൺബോക്സിംഗ് വീഡിയോ ആയി മാറി. ആരാണ് ഇത്തരത്തിൽ ഉച്ചഭക്ഷണം പൊതിഞ്ഞതെന്ന് ടീച്ചർ വിദ്യാർത്ഥിയോട് ആരാഞ്ഞു. 'ഞാൻ തന്നെ പൊതിഞ്ഞതാണ്' എന്നവൻ മറുപടി നൽകി. എന്തായാലും ഈ കൊച്ചു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ രസകരമായ പ്രതികരണങ്ങൾക്ക് വഴി തുറന്നു.
ചിലർ ഇതിനെ കുട്ടിയുടെ പരിസ്ഥിതി സൗഹൃദപരമായ ഉച്ചഭക്ഷണ ആശയമെന്ന് തമാശയായി വിശേഷിപ്പിച്ചു. അവന്‍റെ വീട്ടിൽ ഐഫോൺ ഉള്ളത് എല്ലാവരും അറിഞ്ഞല്ലോയെന്ന് ചിലർ കളിയാക്കി. 1.5 ലക്ഷം രൂപയുടെ പറാത്താ ലഞ്ച് ബോക്സ് എന്നും കമൻറുകൾ വന്നു. എന്തായാലും രസകരമായ ട്രോളുകളും കമന്‍റുകളുമായി നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.


