ഗ്വാളിയോറിലെ അർബൻ ഗ്രീൻ സിറ്റിയിൽ താമസിക്കുന്നവർ രാവിലെ എഴുന്നേറ്റപ്പോൾ വീടുകൾ വെള്ളത്തിൽ മുങ്ങിയത് കണ്ട് പരിഭ്രാന്തരായി. മേഘവിസ്ഫോടനമാണെന്ന് ആദ്യം ഭയന്നെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവമെന്താണെന്ന് വ്യക്തമായത്.
കാലാവസ്ഥാ വ്യതിയാനം മൂലം എന്ന് മഴക്കാലം ഏറെ ഭയക്കേണ്ട ഒന്നായി മാറിയിരിക്കുന്നു. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ ഒരു പ്രദേശത്തെ തന്നെ ഒന്നാകെ ഇല്ലാതാക്കാൻ കഴിവുള്ളതാണെന്ന് ഇതിനകം തെളിയിച്ചതാണ്. കഴിഞ്ഞ ദിവസം ഗ്വാളിയോറിലെ അർബൻ ഗ്രീൻ സിറ്റി പ്രദേശത്തെ ജനങ്ങൾ അത്തരമൊരു മേഘവിസ്ഫോടനം ഭയന്നു. രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് മഴയുടെ ഒരു ലാഞ്ചന പോലുമില്ലാതിരുന്നിട്ടും രാവിലെ എഴുന്നേറ്റപ്പോൾ വീടുകൾക്കുള്ളിൽ പോലും വെള്ളമെത്തി. അമ്പരന്ന് പോയ പോയ കോളനിക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
ആദ്യം ശബ്ദം മാത്രം പിന്നാലെ കണ്ടത്...
അർബൻ ഗ്രീൻ സിറ്റിൽ സ്ഥാപിച്ചിരുന്ന ഒരു പൈപ്പ് ലൈൻ തകരുന്ന കാഴ്ചയായിരുന്നു അത്. ശാന്തമായ ഒരു സിസിടിവി കാഴ്ചയായിരുന്നു തുടക്കത്തിൽ. ഒരു കെട്ടിടത്തിന്‍റെ ചുമരും റോഡിൽ സ്ഥാപിച്ച ഒരു ഇരുമ്പു കൂടും കാണാം. അല്പം നിമിഷം കഴിയുമ്പോൾ അസാധാരണമായൊരു ശബ്ദം കേൾക്കാം. നിമിഷങ്ങൾക്കുള്ളിൽ റോഡിലെ കോൺക്രീറ്റ് പൊടുന്ന ശബ്ദമാണെന്ന് വ്യക്തമാകും. അതിനകം കോൺക്രീറ്റുകൾ പൊട്ടി മുകളിലേക്ക് ഉയരുകയും പല ഭാഗത്ത് നിന്നായി വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നതും കാണാം. അതുവഴി പോയ ഒരു പ്രധാന ജലവിതരണ പൈപ്പ്ലൈൻ പൊട്ടുന്ന കാഴ്ചയായിരുന്നു അത്. നേരം ഇരുട്ടി വെളുക്കും മുമ്പ് അർബൻ ഗ്രീൻ കോളനി ഏരിയയിലെ വീടുകളിൽ വെള്ളം കയറി.
പൈപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് പരാതി
വെള്ളത്തിന്‍റെ ശക്തമായ മർദ്ദം കാരണം പ്രദേശത്തെ ഒരു ഡസൻ വീടുകളിൽ വിള്ളലുകൾ വീണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിരവധി വീടുകളുടെ സിറ്റൗട്ടുകൾ തകർന്നു. പുറത്ത് സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റും ഒഴുകിപ്പോയി. നിരവധി വീടുകളിൽ വെള്ളം കയറി. ആളുകൾ വിള്ളലുകൾ വീണ സ്വന്തം വീട്ടുകളിലേക്ക് കയറാൻ ഭയക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ശക്തമായ ജലപ്രവാഹത്താൽ മണ്ണിന്‍റെ ഘടന ദൂർബലമായെന്നും ഇത് വീടുകൾ ഇടിയാൻ കാരണമാകുമോയെന്നുമാണ് പ്രദേശവാസികളുടെ ഭയം. രാത്രിയിൽ വലിയൊരു ശബ്ദം കേട്ടതായും പുറത്തിറങ്ങി നോക്കിയപ്പോൾ പ്രദേശം മുഴുവനും വെള്ളത്തിലായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവം അറിയിച്ചതിന് പിന്നാലെ മുനിസിപ്പൽ കമ്മീഷണർ സ്ഥലത്തെത്തി ജലവിതരണ ലൈൻ അടയ്ക്കാൻ ഉത്തരവിട്ടു. പ്രദേശത്ത് സ്ഥാപിച്ചത് ഗുണനിലവാരമില്ലാത്ത പൈപ്പ് ലൈനുകളാണെന്ന് നാട്ടുകാർ ആരോപിച്ചു.


