50 മണിക്കൂർ നീണ്ട പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിലെത്തിയ ഡോ. സൗമ്യ ഗുപ്തയെ അമ്മായിയമ്മ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോ വൈറലായി. ജോലിഭാരത്തെയും കുടുംബത്തിൻ്റെ പിന്തുണയെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി ഡോക്ടറുടെ ഭർത്താവും രംഗത്തെത്തി.
സാധാരണഗതിയിൽ ഇന്ന് ജോലി സമയമെന്നത് 8 മണിക്കൂറാണ്. എന്നാൽ, ചില ജോലികൾ അതിലും നീണ്ട് പോകുന്നു. അതിലൊന്നാണ് ആശുപത്രി ജോലി. പ്രത്യേകിച്ചും ഡോക്ടമാരുടേത്. അത് സർജനാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സർജറി മുഴുവനും കഴിഞ്ഞ ശേഷം മാത്രമേ ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഇറങ്ങാൻ കഴിയൂ. അത്തരത്തിൽ 50 മണിക്കൂർ നീണ്ട പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിലെത്തിയ മരുമകളെ അമ്മായിയമ്മ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മരുമകളെ സ്വീകരിക്കുന്ന അമ്മായിയമ്മ
പ്ലാസ്റ്റിക് സർജനായ ഡോ. സൗമ്യ ഗുപ്തയാണ് 50 മണിക്കൂർ നീണ്ട സർജറിക്ക് ശേഷം വീട്ടിലെത്തിയ ആ സർജൻ. സൗമ്യ വീട്ടിലേക്ക് കയറുമ്പോൾ, നി ഞങ്ങളുടെ വീട്ടിലേക്ക് വന്നതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണെന്ന് പറഞ്ഞ് കൊണ്ട് ആരതി ഊഴിയുന്നു. ഈ സമയം അമ്മായിയമ്മയുടെ കാലിൽ തൊട്ട് തൊഴുത് കൊണ്ട് ദൈവം എനിക്ക് നല്ല ബുദ്ധി തോന്നിക്കാനും വീട്ടിൽ കൂടുതൽ നേരം ചെലവഴിക്കാനുള്ള സമയം തരട്ടെയെന്നും പ്രാർത്ഥിക്കുന്നു. ഈ സമയം ഡോക്ടറുടെ കൂടെ അവരുടെ വസ്തുക്കളുമായി കൂടെ വന്ന സഹായിയുമുണ്ടായിരുന്നു. അദ്ദേഹത്തോട് അമ്മായിയമ്മ ഇതുപോലൊരു മരുമകളെ നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന് ചോദിക്കുന്നു. ഒപ്പം അവൾ നാല് ദിവസത്തിലൊരിക്കലാണ് വീട്ടിലേക്ക് വരുന്നതെന്നും എന്നാൽ തങ്ങൾക്ക് വളരെ സന്തോഷമുണ്ടെന്നും പറയുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഇത്രയും വൈകിയുള്ള വരവിന് ശേഷം നിങ്ങൾക്ക് എന്ത് തോന്നുന്നെന്ന് കുറിച്ചു.
എറ്റവും നല്ല മരുമകൾ
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പലരും ഡോക്ടർക്ക് ജോലിയും ജീവിതവും ബാലൻസിംഗ് ഇല്ലെന്ന് എഴുതി. അതേസമയം മറ്റ് ചിലർ ഡോക്ടറുടെ ഭർതൃവിട്ടുകാരുടെ പെരുമാറ്റത്തെ പ്രശംസിച്ചു. തുർച്ചയായി രണ്ട് ദിവസം ജോലി ചെയ്തിട്ടും ഇത്രയും ഫ്രഷ് ആയിരിക്കുന്നതിന്‍റെ രഹസ്യമെന്താണെന്നും അത് പറഞ്ഞ് തരുമോയെന്നുമായിരുന്നു മറ്റ് ചിലരുടെ ചോദ്യം. മറ്റ് ചിലർ മനോഹരമായ വീഡിയോയെന്ന് പ്രശംസിക്കാനും മടിച്ചില്ല. അതേസമയ അമ്മായിയമ്മ മരുമോളെ കുറിച്ച് പറഞ്ഞതിനെ ചിലർ വിമർശിച്ചു. ഇതുകൊണ്ടാണ് ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാത്തതെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. വിമർശനങ്ങൾക്ക് ഒടുവിൽ മറുപടിയുമായി ഡോ സൗമ്യ ഗുപ്തയുടെ ഭർത്താവ് ഡോ. ഷാഗുൺ അഗർവാൾ തന്നെ രംഗത്തെത്തി. തനിക്കും ഭാര്യയ്ക്കും ലഭിക്കുന്ന ശമ്പളത്തെക്കാൾ വരുമാനം അമ്മയ്ക്ക് വാടക ഇനത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്നും തന്‍റെ ഭാര്യ സൗമ്യ, സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ല മരുമകളാണെന്നും അദ്ദേഹം എഴുതി.


