തസ്‌മാനിയയിലെ ഹോബാർട്ട് വിമാനത്താവളത്തിലെ ഒരു ഗിഫ്റ്റ് ഷോപ്പിൽ, പാവകൾക്കിടയിൽ ഒളിച്ചിരുന്ന ഒരു പോസത്തിനെ ജീവനക്കാർ കണ്ടെത്തി. പിന്നീട് ഡിപ്പാർച്ചർ ലോഞ്ചിലൂടെ ഓടി ചെറിയ ബഹളമുണ്ടാക്കിയ ഈ പോസത്തിനെ അധികൃതർ സുരക്ഷിതമായി പുറത്തെത്തിച്ചു, ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Add Asianetnews as a Preferred SourcegooglePreferred

സ്‌മാനിയയിലെ ഹോബാർട്ട് വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ ഒളിച്ചിരുന്ന ഒരു കുഞ്ഞൻ പോസം (Possum) ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമാണ്. മാർച്ച് 18 -ന് നടന്ന ഈ രസകരമായ സംഭവം വിമാനത്താവള അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. എയ‍ർപോട്ടിലെ ​ഗിഫ്റ്റ് ഷോപ്പിലെ ഷെൽഫിൽ ഓസ്‌ട്രേലിയൻ തനിമയുള്ള മൃഗങ്ങളുടെ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് അവയിലൊന്നായി മാറാനായിരുന്നു ഈ "കള്ളൻ" പോസത്തിന്‍റെ ശ്രമം. എന്നാൽ, പാവയല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് വീഡിയോയെ ഇത്രത്തോളം വൈറലാക്കിയത്.

വിമാനത്താവളത്തിലെ പരിഭ്രാന്തി

രാവിലെ 11:45 -ഓടെയാണ് ഗിഫ്റ്റ് ഷോപ്പിലെ ജീവനക്കാർ ഇതിനെ കണ്ടെത്തിയത്. "പാവകൾക്കിടയിൽ വളരെ ശാന്തനായാണ് അവൻ ഇരുന്നിരുന്നത്. യാതൊരു പരിഭ്രാന്തിയും അവനുണ്ടായിരുന്നില്ല," എന്ന് ഷോപ്പ് മാനേജരായ ലിയാം ബ്ലൂംഫീൽഡ് പറഞ്ഞു. എന്നാൽ, കടയിൽ നിന്ന് പുറത്തിറങ്ങിയ പോസം ഡിപ്പാർച്ചർ ലോഞ്ചിലൂടെ ഓടാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യാത്രികർക്കിടയിലൂടെയുള്ള പോസത്തിന്‍റെ ഈ ഓട്ടം വിമാനത്താവളത്തിൽ ചെറിയ രീതിയിലുള്ള ബഹളങ്ങൾക്കും കൗതുകത്തിനും കാരണമായി. 

View post on Instagram

യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടി ഇതിന്‍റെ വീഡിയോ എടുക്കാനുള്ള തിരക്കിലായിരുന്നുവെന്നും ലിയാം കൂട്ടിച്ചേർത്തു. കാഴ്ചയിൽ ഒരു തരം കുഞ്ഞൻ എലികളെ പോലെ തോന്നിക്കുന്ന ജീവികളാണ് പോസം. ഇവ ഒപോസം എന്നും അറിയപ്പെടുന്നു. തെക്കൻ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻറ് തുടങ്ങിയ രാജ്യങ്ങിൽ ഇവയെ കാണാം.

വൈറലായി പോസം

ഒടുവിൽ അധികൃതർ ഇടപെട്ട് പോസത്തിനെ സുരക്ഷിതമായി ടെർമിനലിന് പുറത്തെത്തിച്ചു. ഇതിനുശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ആ പ്രദേശം മുഴുവൻ ശുചീകരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പോസത്തിന്‍റെ "ക്യൂട്ട്‌നെസിനെ" പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. "തന്‍റെ കള്ളത്തരം വെളിച്ചത്തായെന്ന് അവന് മനസ്സിലായ ആ നിമിഷം കൃത്യമായി കാണാം" എന്ന് ഒരാൾ കുറിപ്പെഴുതി. ഇത് കണ്ടതോടെ തന്‍റെ ദിവസം തന്നെ ധന്യമായെന്നാണ് മറ്റൊരാൾ കുറിച്ചത്. ആരെയും ഉപദ്രവിക്കാതെ പാവകൾക്കിടയിൽ ഒളിച്ചിരുന്ന ഈ വിരുതൻ പോസം ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.