ഉത്തരാഖണ്ഡിലെ ചന്ദ്രശിലയിൽ ട്രെക്കിംഗിനെത്തിയ റഷ്യൻ യുവതി മാലിന്യം വലിച്ചെറിയരുതെന്ന് ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കണമെന്നും യുവതി.

തോന്നുന്നിടത്തെല്ലാം മാലിന്യം വലിച്ചെറിയുക പലപ്പോഴും ഇന്ത്യക്കാരുടെ ഒരു ശീലമാണ്. അതിനി പൊതുസ്ഥലം ഏതും ആയിക്കോട്ടെ പ്ലാസ്റ്റിക് കവറുകളും, കടലാസുകളും, ഉപയോ​ഗിച്ച കുപ്പികളും എല്ലാം ആളുകൾ ഇങ്ങനെ വലിച്ചെറിയാറുണ്ട്. വിദേശത്ത് നിന്നും ഇന്ത്യ സന്ദർശിക്കാൻ എത്തുന്നവർക്ക് പലപ്പോഴും ഇത് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടാറുമുണ്ട്. ഇപ്പോഴിതാ, മാലിന്യം വലിച്ചെറിയരുത് എന്നും ഇന്ത്യയുടെ പ്രകൃതി സൗന്ദര്യത്തെ ബഹുമാനിക്കണമെന്നും സന്ദർശകരോട് അഭ്യർത്ഥിക്കുന്ന ഒരു റഷ്യൻ സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ചന്ദ്രശിലയിലൂടെ ട്രെക്കിംഗ് നടത്തുന്ന റഷ്യൻ യുവതിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അടുത്തിടെ ചോപ്ത, തുങ്‌നാഥ്, ചന്ദ്രശില എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത @tanya_in_india എന്ന യൂസറാണ് തന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഹിന്ദു തീർത്ഥാടകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് ചന്ദ്രശില. ദിവസേന നിരവധിയായ ആളുകൾ സന്ദർശിക്കുന്ന ഇവിടങ്ങളിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ പക്ഷേ നിരാശാജനകമായ ഒരു കാഴ്ചയാണ്. പലപ്പോഴും കൊടുമുടിയുടെ മുകളിൽ വരേയും മാലിന്യം ചിതറിക്കിടക്കുന്നത് കാണാം.

View post on Instagram

"ഞങ്ങളുടെ കൈവശം ഒരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ ഞങ്ങൾക്ക് കഴിയുന്നത്രയും മാലിന്യം ഞങ്ങൾ ശേഖരിച്ചു," എന്നാണ് പോസ്റ്റിൽ അവർ കുറിച്ചിരിക്കുന്നത്. പിന്നീട്, അവർ മലയിറങ്ങിയ ശേഷം ആ മാലിന്യം നേരാംവണ്ണം സംസ്കരിച്ചു. പിന്നീട് ബേസിലെ പ്രാദേശിക ജീവനക്കാരോട് ഇതിനെ കുറിച്ച് പറയുകയും ചെയ്തു യുവതി. ദയവായി മലകളിൽ മാലിന്യം കൊണ്ടിടരുത്. നിങ്ങൾ വരുന്ന സ്ഥലത്തെ ബഹുമാനിക്കുക. അത് വൃത്തിയാക്കാനോ സഹായിക്കാനോ നിങ്ങളെ കൊണ്ട് സാധിക്കുമെങ്കിൽ അത് ഒരു നല്ല പ്രവൃത്തിയാണ് എന്നും യുവതി കുറിച്ചു. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പൊതുസ്ഥലങ്ങളെയും പ്രകൃതിയേയും മാലിന്യം വലിച്ചെറിയാതെ നന്നായി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് പലരും സൂചിപ്പിച്ചു.