വിവാഹച്ചടങ്ങിനിടെ ഹോമത്തിന് ആവശ്യമായ വിറകില്ല. ഉടനടി എത്തിച്ച് സ്വി​ഗി ഇൻസ്റ്റാമാർട്ട്. വൈറലായി യുവതി ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ. 

വിവാഹ ചടങ്ങുകൾക്കിടയിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുവില്ലെന്ന് വന്നാൽ എന്ത് ചെയ്യും? പലപ്പോഴും പല വിവാഹവേദികളിലും ഇത്തരം മറവികൾ വെപ്രാളത്തിനിടയിൽ സംഭവിച്ചു പോകാറുണ്ട്. എന്നാൽ, ഇന്ന് അതിനൊക്കെ വഴിയുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹച്ചടങ്ങിനിടെ അത്യാവശ്യമായി വേണ്ടിവന്ന ഒരു സാധനം മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് സോഷ്യൽ മീഡിയയുടെ കൈയടി നേടിയിരിക്കുന്നത് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടാണ്. സുപ്രിയ മട്ടപ്പള്ളി എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹിന്ദു വിവാഹങ്ങളിൽ പല സ്ഥലങ്ങളിലും വളരെ പ്രധാനപ്പെട്ട ചടങ്ങാണ് ഹോമം. ​ഹോമം നടത്താൻ നോക്കുമ്പോൾ വിറകില്ലെങ്കിൽ എന്ത് ചെയ്യും? അത്തരം സാഹചര്യത്തിലാണ് ഇവിടെ ഇൻസ്റ്റാമാർട്ട് തുണയായി മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എമർജൻസി വെഡ്ഡിങ് ഡെലിവറി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'വിവാഹം 10 മിനിറ്റ് ഡെലിവറിയെ ആശ്രയിച്ചിരിക്കുന്നു' എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. വിവാഹചടങ്ങുകൾക്കിടയിൽ ഒരു യുവതി വേ​ഗത്തിൽ ചെന്ന് ഡെലിവറി ബോയിയുടെ അടുത്ത് നിന്നും വിറക് വാങ്ങുന്നതും അത് വാങ്ങി തിരികെ പൂജാരിക്കരികിലേക്ക് ചെല്ലുന്നതും അത് നൽകുന്നതും കാണാം. എന്തായാലും, വീഡിയോ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ ശ്രദ്ധയിലും പെട്ടു. അവർ, രസകരമായ കമന്റും നൽകിയിട്ടുണ്ട്. 'ഇനി വേറെന്തെങ്കിലും വേണോ? ഇപ്പോൾ തന്നെ എത്തിച്ചുതരാം' എന്നായിരുന്നു കമന്റ്.

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതാണ് യഥാർത്ഥ ഇന്ത്യൻ ജുഗാഡ്' എന്ന് ആളുകൾ കമന്റ് നൽകി. 'ഹോമത്തിനുള്ള സാധനങ്ങൾ വരെ ക്വിക്ക് കൊമേഴ്‌സ് വഴി എത്തുന്നത് ഇന്ത്യയിൽ മാത്രമായിരിക്കും' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. എന്തായാലും, ഇത്തരത്തിലുള്ള അതിവേ​ഗ ഡെലിവറി ഇങ്ങനെ പെട്ടുപോകുന്ന സാഹചര്യങ്ങളിൽ വലിയ ആശ്വാസം തന്നെയാണ് അല്ലേ?