പോർച്ചുഗീസ് വ്ലോഗറിനെ മുംബൈയിൽ സെൽഫിക്കായി നിരന്തരം ശല്യം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇന്ത്യയിലെത്തുന്ന വിദേശ വനിതാ സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുക്കുന്നു.
വിദേശ വനിതാ വ്ലോഗറെ സെൽഫിക്കായി നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്ത സംഭവത്തിൽ മുംബൈ പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പോർച്ചുഗലിൽ നിന്നുള്ള ട്രാവൽ വ്ലോഗർ ഇനസ് ഫാരിയ നേരിട്ട ദുരനുഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി. ഈ സംഭവം ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ, പ്രത്യേകിച്ച് വനിതാ ഉള്ളടക്ക സൃഷ്ടാക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കി.
നിർബന്ധ സെൽഫി
ജനുവരി ആദ്യവാരം മുതൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇനസ് ഫാരിയ, മുംബൈയിലെ പ്രശസ്തമായ ധോബി ഘട്ടിന് സമീപം വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. തനിക്ക് താൽപ്പര്യമില്ലെന്ന് പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും രണ്ട് യുവാക്കൾ വിടാതെ പിന്തുടരുകയും സെൽഫിക്കായി നിർബന്ധിക്കുകയും ചെയ്തു. ഏകദേശം 15 മിനിറ്റോളം ഇവർ ഇനസിനെയും സുഹൃത്തിനെയും പിന്തുടർന്ന് ശല്യപ്പെടുത്തി. ഒരു ഘട്ടത്തിൽ മറ്റൊരാളെയും കൂട്ടി ഇവർ തിരിച്ചെത്തിയത് സാഹചര്യം കൂടുതൽ ഭയപ്പെടുത്തുന്നതാക്കി.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം
ഇന്ത്യയിലെ തിരക്കേറിയ തെരുവുകളും ചരിത്രസ്മാരകങ്ങളും വ്ലോഗർമാരെ ആകർഷിക്കാറുണ്ടെങ്കിലും, പലപ്പോഴും നാട്ടുകാരുടെ അമിതമായ കൗതുകം ഇവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറാറുണ്ട്. സമ്മതമില്ലാതെ വീഡിയോ ചിത്രീകരിക്കുക, നിരന്തരമായി തുറിച്ച് നോക്കുക, ക്യാമറയുമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സംഘം ചേർന്ന് വളയുക തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയിൽ യാത്ര ചെയ്യുന്ന പല വനിതാ വ്ലോഗർമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.
ആഗോള ടൂറിസം ഹബ്ബ്
ഇന്ത്യയെ ഒരു ആഗോള ടൂറിസം ഹബ്ബായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം വാർത്തകൾ രാജ്യത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന വ്ലോഗർമാർ പങ്കുവെക്കുന്ന ഇത്തരം നെഗറ്റീവ് വീഡിയോകൾ വിദേശ സഞ്ചാരികൾ ഇന്ത്യയെ തെറ്റായി മനസ്സിലാക്കാൻ കാരണമാകും. മുംബൈ പോലീസിന്‍റെ വേഗത്തിലുള്ള ഇടപെടൽ അഭിനന്ദിക്കപ്പെടുന്നുണ്ടെങ്കിലും, വിദേശികളോടുള്ള പെരുമാറ്റത്തിൽ പൊതുജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ആവശ്യപ്പെടുന്നു.


