ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയോട് വീട്ടുടമസ്ഥൻ മുറി ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ വാടക കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തി. ഈ വീഡിയോ വൈറലായതോടെ സമാനമായ നിരവധി അനുഭവങ്ങളാണ് മറ്റ് ഉപയോക്താക്കളും പങ്കുവെച്ചത്.

ഇന്ത്യൻ ഐടി ഹബ്ബ് എന്ന പദവി നേടിയെടുത്തതിന് പിന്നാലെ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ബെംഗളൂരു നഗരത്തിലെ വീട്ടുടമകൾ വാടക നിശ്ചയിക്കുന്നത്. വാടക നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത്തരം നിയമങ്ങൾ രാജ്യത്ത് നിലവിൽ ഉണ്ടെന്ന് പോലും അറിയാത്ത തരത്തിലാണ് വീട്ടുടമകളുടെ നടപടിയെന്ന് നെറ്റിസെൺസും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലായി ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുന്ന ദിൽക എന്ന യുവതിയാണ് തന്‍റെ വീട്ടുടമസ്ഥൻ ഓരോ മാസവും 4,000 രൂപ വച്ച് അധികം നൽകണമെന്ന പരാതിയുമായി രംഗത്തെത്തിയത്.
പ്രതിമാസം 4,000 രൂപ
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ദിഷക ഈ പരാതി ഉന്നയിച്ചത്. വീട്ടുടമസ്ഥന്‍റെ അനിയൻ നഗരത്തിലേക്ക് വരികയാണെന്നും അവന് താമസിക്കാൻ വേണ്ടി സിംഗിൾ ബെഡ്റൂം ഒഴിയണമെന്നുമാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ. അനിയന് വേണ്ടിയല്ല തന്നോട് ഒഴിയാൻ പറഞ്ഞതെന്നും മറിച്ച് വാടക കൂട്ടാനുള്ള വീട്ടുടമസ്ഥന്‍റെ അടവായിരുന്നു അതെന്നും ദിഷക വീഡിയോയിൽ പറയുന്നു. കെട്ടിടം മുഴുവൻ അയാളുടെ ഉടമസ്ഥതയിലാണ്. എന്നിട്ടും തന്‍റെ മുറിയിലേക്ക് തന്നെ അനിയനെ താമസിപ്പിക്കണമെന്ന് പറഞ്ഞത് തന്നിൽ സംശയുണ്ടാക്കിയെന്നും അവർ കൂട്ടിചേർത്തു. നിരന്തരം നടത്തിയ സംഭാഷണങ്ങൾക്കൊടുവിൽ പ്രദേശത്തെ സിംഗിൾ ബെഡ് മുറികൾക്ക് ഇപ്പോൾ 26,000 മുതൽ 28,000 രൂപ വരെ വാടക ലഭിക്കുന്നുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. കൂടുതൽ വാടകയ്ക്ക് വേണ്ടിയാണ് വീട്ടുടമസ്ഥൻ തന്നോട് മുറി മാറാൻ പറഞ്ഞതെന്ന് ഈ സംഭാഷണത്തിലൂടെ വ്യക്തമായെന്നും അവർ വീഡിയോയിൽ കൂട്ടിച്ചേർത്തു. ഇത്തരം സംഗതികൾ തനിക്ക് മാത്രമുള്ള അനുഭവമാണോ അതോ ബെംഗളൂരുവിൽ ഇത് സാധാരണമായ ഒരു കാര്യമാണോയെന്നും ദിഷക വീഡിയോയിൽ ചോദിച്ചു.
രൂക്ഷ പ്രതികരണവുമായി നെറ്റിസെൺസ്
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ സമാന അനുഭവം നേരിടുന്ന നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. കുറച്ച് മാസം മുമ്പ് മുതൽ വീട്ടുടമസ്ഥൻ തന്നോട് 2,000 രൂപ അധികം വാങ്ങുന്നെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. നിരവധി പേരാണ് ബെംഗളൂരുവിലെ വാടക എല്ലാ പരിധിക്കും പുറത്താണെന്ന് എഴുതിയത്. നല്ലൊരു വീട്ടുടമസ്ഥനെ ബെംഗളൂരുവിൽ കിട്ടടണെങ്കിലും ഭാഗ്യം ചെയ്യണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഫ്ലാറ്റ് വിൽക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് തന്‍റെ മുൻ വീട്ടുടമസ്ഥന്‍ തന്നെ ഒഴിപ്പിച്ചതെന്നും എന്നാൽ താൻ മാറിയതിന് പിന്നാലെ ആ വീട്ടിലേക്ക് പുതിയ വാടകക്കാരൻ വരികയാണ് ചെയ്തതെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു. അതേസമയം അമിത വാടകയ്ക്കെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വാടക നിയമത്തെ കുറിച്ച് മറ്റ് ചിലർ സൂചിപ്പിച്ചു. എന്നാൽ, ബെംഗൂരു അത്തരം നിയമങ്ങൾക്ക് പുറത്താണെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്.


