ദുബായിൽ താമസിക്കുന്ന നേഹ ജയ്‌സ്വാൾ എന്ന യുവതി പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പുലർച്ചെ 4 മണിക്ക് വിജനമായ റോഡിൽ ഒരു കാർ ചുവപ്പ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദുബായിലെ കർശനമായ നിയമമെന്ന് നെറ്റിസെൻസ്.
അധികൃതർ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ മാത്രം ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ മതിയെന്ന മിഥ്യാധാരണ നമ്മുടെ രാജ്യത്ത് പൊതുവെയുണ്ട്. പൊലീസിന്‍റെ കണ്ണൊന്ന് മാറിയാൽ നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളിൽ പറക്കാനാണ് നമ്മളിൽ പലർക്കും ആവേശം. എന്നാൽ, നിയമങ്ങൾ എപ്പോഴും പാലിക്കേണ്ടതാണെന്ന് ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോയാണ് ദുബായിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. അതിരാവിലെ ചിത്രീകരിച്ച ഈ വീഡിയോ നഗരത്തിലെ കർശനമായ ട്രാഫിക് നിയമങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കിത്തരുന്ന ഒന്നായി മാറി.
'നിയമങ്ങൾ നിയമങ്ങളാണ്'
നേഹ ജയ്‌സ്വാൾ എന്ന യുവതി പങ്കുവെച്ച വീഡിയോയിൽ, പുലർച്ചെ ഏകദേശം 4 മണിക്ക് ഏതാണ്ട് വിജനമായ റോഡാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങളൊന്നും ഇല്ലാത്തപ്പോഴും ഒരു കാർ മാത്രം ചുവപ്പ് ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് ലളിതമായ ഒരു അടിക്കുറിപ്പും നേഹ എഴുതിയിട്ടുണ്ട്. "അതുകൊണ്ടാണ് ദുബായ് പുലർച്ചെ 4 മണിക്കും വ്യത്യസ്തമായി തോന്നുന്നത്, നിയമങ്ങൾ നിയമങ്ങളാണ്" എന്നായിരുന്നു ആ വാചകങ്ങൾ.
എന്നുവരും സ്വന്തം നാട്ടിൽ
മറ്റു വണ്ടികളൊന്നും ഇല്ലായിരിക്കുമ്പോഴും സിഗ്നലിൽ ഗ്രീൻ സിഗ്നൽ തെളിയാനായി കാത്തിരിക്കുന്ന ഡ്രൈവറെ നേഹ അഭിനന്ദിച്ചു. ദുബായിലെ അച്ചടക്കത്തിന്‍റെയും നിയമ പാലനത്തിന്റെയും ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നു. എന്തായാലും നേഹ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പൗരബോധത്തെയും നിയമം അനുസരിച്ചുള്ള പെരുമാറ്റത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ദൃശ്യങ്ങൾ തുടക്കമിട്ടു. ഈ അച്ചടക്കത്തെ അഭിനന്ദിക്കുന്നുവെന്നും തങ്ങളുടെ സ്വന്തം നഗരങ്ങളിലും ഇത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ചിലർ കുറിച്ചു. ദുബായിലെ ട്രാഫിക് ക്യാമറകൾക്ക് ഒരിക്കലും ഉറക്കമില്ലെന്നായിരുന്നു രസകരമായ മറ്റൊരു കുറിപ്പ്,


