മധ്യപ്രദേശിലെ അരുഷി ഗ്രാമത്തിൽ നിന്നുള്ള ഗിർജ ശങ്കർ ശർമ്മ എന്ന യുവാവ് മൂർഖൻ പാമ്പിനെ തലോലിക്കുന്ന വീഡിയോ വൈറലായി. നാഗങ്ങളെ കുലദേവതയായി ആരാധിക്കുന്ന കുടുംബത്തിലെ അംഗമായ ഗിർജ, പാമ്പുകളെ ബഹുമാനിക്കണമെന്നും എന്നാൽ അകലം പാലിക്കണമെന്നും പറയുന്നു.
ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള കാഴ്ചകൾ നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ചും പാമ്പുകളുമായുള്ള മനുഷ്യരുടെ ഇണക്കത്തെ കാണിക്കുന്ന വീഡിയോകൾ. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു യുവാവ്, തെരുവിൽ നിന്നും കണ്ടെത്തിയ ഒരു മൂർഖൻ പാമ്പിന്‍റെ പുറത്ത് തലോടുന്നതും അതിനെ താലോലിക്കുന്നും അതിനോട് സംസാരിക്കുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ യുവാവ് അരുഷി ഗ്രാമത്തിൽ നാഗങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന കുടുംബത്തിൽ നിന്നുള്ള ഗിർജ ശങ്കർ ശർമ്മയാണെന്ന് തിരിച്ചറിഞ്ഞു.
വളരെ ഇണക്കത്തോടെ...
മധ്യപ്രദേശിലെ ഭിന്ദിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ലഹാർ പ്രദേശത്തെ അരുഷി ഗ്രാമത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗിർജ ശങ്കർ ശർമ്മ എന്ന യുവാവ് ഗ്രാമത്തിലെ തെരുവിൽ നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പിനെ താലോലിക്കുന്നത് വീഡിയോയിൽ കാണാം. ഗിർജ ശങ്കർ, പാമ്പിന്‍റെ പുറത്ത് തലോടുന്നു. അതിനെ എടുത്ത മടിയിൽ വച്ച് അതിനോട് സംസാരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പാമ്പ് ഒരിക്കൽ പോലും ഗിർജയ്ക്കെതിരെ തിരിയുന്നില്ലെന്ന് മാത്രമല്ല, വളരെ ഇണക്കത്തോടെ അദ്ദേഹത്തിന്‍റെ മടയിൽ ഇരിക്കുന്നു. പത്തി വിടർത്തിയ പാമ്പിനെ മടിയിൽ ഇരുത്തി അദ്ദേഹം അതിനോട് ഏതാണ്ട് ഒരു മണിക്കൂറോളം സംസാരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അകലം പാലിക്കണം, ബഹുമാനത്തോടെ
ഗ്രാമത്തിൽ നാഗങ്ങളെ ദൈവങ്ങളായി കണ്ട് ആരാധിക്കുന്ന കുടുംബത്തിൽ നിന്നാണ് ഗിർജ ശങ്കർ വരുന്നത്. സർപ്പത്തെ അവരുടെ കുലദേവതയായി കണക്കാക്കുന്നു. തദ്ദേശീയ വിശ്വാസമനുസരിച്ച്, അവരുടെ പൂർവ്വികരെ ഒരിക്കൽ പ്രയാസകരമായ സമയങ്ങളിൽ ഒരു പാമ്പ് സംരക്ഷിച്ചിരുന്നെന്നും അതിനുശേഷം കുടുംബം പാമ്പുകളെ സംരക്ഷകരായി ആരാധിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഗ്രാമത്തിലെ ഒരു വീട്ടിൽ മൂർഖൻ കയറിയതിനെ തുടർന്ന് അതിനെ പിടിക്കാനെത്തിയതായിരുന്നു ഗിർജ. ഇതിനിടെ റിക്കോർഡ് ചെയ്യപ്പെട്ടതാണ് വീഡിയോയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പാമ്പുകൾ അപകടകാരികളാണെന്നും അവയോട് അകലം പാലിക്കണമെന്നും പറഞ്ഞ അദ്ദേഹം അവയെ ബഹുമാനത്തോടെ പരിഗണിച്ചാൽ ഉപദ്രവിക്കില്ലെന്നും കൂട്ടിച്ചേർത്തു. അഗ്രിക്കൾച്ചറിൽ ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഗിർജ.


