ദില്ലിയിൽ ആറ് വയസുകാരനെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചുകീറി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നായയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയിലെ പ്രേം നഗർ പ്രദേശത്ത് ആറ് വയസുള്ള ആണ്‍കുട്ടിയെ പിറ്റ്ബുൾ ഇനത്തില്‍പ്പെട്ട നായ കടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി. വീഡിയോയിൽ, ഒരു പിറ്റ്ബുൾ ആറ് വയസുകാരന്‍റെ നേരെ പാഞ്ഞടുക്കുന്നതും കുട്ടി ഓടാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം അക്രമണകാരികളായ നായ്ക്കളെ വള‍ർത്തുന്ന ഉടമകൾക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

ഭയപ്പെടുത്തുന്ന ദൃശ്യം

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് കുട്ടി വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. വിനയ് എൻക്ലേവിലെ തന്‍റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അയൽവാസിയുടെ വീട്ടിലെ വളർത്തുനായയായ പിറ്റ്ബുൾ റോഡിലേക്ക് ഓടിവരികയും ഒരു പ്രകോപനവും കൂടാതെ കുട്ടിയെ അക്രമിക്കുകയുമായിരുന്നു. പിറ്റ്ബുള്ളിന്‍റെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അവന്‍റെ വലതു ചെവി നായ കടിച്ചുമുറിച്ചെന്നും പോലീസ് അറിയിച്ചു.

Scroll to load tweet…

ശ്രമകരമായ രക്ഷപ്പെടുത്തൽ

നായ കുട്ടിയുടെ ചെവിയിൽ കടിച്ച് പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചു. കുട്ടിയെ നിലവിളികേട്ട് ഒരു സ്ത്രീ ഓടിവന്ന് നായയിൽ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ മറ്റൊരാളും സഹായത്തിനെത്തി. ഇയാൾ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയപ്പോൾ സ്ത്രീ നായയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അയൽക്കാരുടെ സഹായത്തോടെ മാതാപിതാക്കൾ കുട്ടിയെ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നായയുടെ ഉടമയായ രാജേഷ് പാലിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.