രണ്ട് സംസ്കാരങ്ങളിൽ നിന്നുള്ള വധൂവരന്മാരുടെ വിവാഹത്തിൽ, പരസ്പരം മാലയണിയിക്കുന്നതിന് പകരം കുട്ടികൾ വരണമാല്യം ചാർത്തുന്ന വീഡിയോ വൈറൽ. ചടങ്ങ് ആചാരലംഘനമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കാലത്തിനനുസരിച്ചുള്ള മാറ്റമാണിതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു
രണ്ട് സംസ്കാരങ്ങളിൽ വളർന്നുവന്നവർ തമ്മിലുള്ള വിവാഹ ചടങ്ങിൽ വരണമാല്യം പോലുള്ള ചടങ്ങുകൾ തെറ്റുന്നെന്ന ആശങ്കയുമായി ഒരു കൂട്ടം നെറ്റിസെന്‍സ്. അതേസമയം കാലം മാറുമ്പോൾ ആചാരങ്ങളിലും മാറ്റാമാകാമെന്ന് മറ്റൊരു കൂട്ടം കാഴ്ചക്കാരും അഭിപ്രായപ്പെട്ട് രംഗത്തെത്തി. 'വെഡ്ഡിംഗ്സ് ബൈ ഏക്താ സൈഗൽ ലുല' എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. ഒരു ദിവസം കൊണ്ട് വീഡിയോ 20 ലക്ഷത്തിലേറെ പേരാണ് കണ്ടത്. വിവാഹ ആഘോഷത്തിനിടെ വരനും വധുവും മാല ചാർത്തിയ രീതിയാണ് കാഴ്ചക്കാരെ അസ്വസ്ഥരാക്കിയതെന്നത് വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളിൽ വ്യക്തം.
വരണമാല്യം ആര് അണിയിക്കണം
ഹിന്ദു വിവാഹങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങാണ് വരണമാല്യം ചാർത്തൽ. വിവാഹ സമയത്ത് വരനും വധുവും പരസ്പരം വരിക്കുന്നുവെന്നതിന്‍റെ പ്രതീകമായി പൂമാലകളോ തുളസി മാലകളോ പരസ്പരം കഴുത്തിലണിയിക്കുന്നു. ഈ ചടങ്ങോടെയാണ് വധുവും വരനും വിവാഹിതരാതായി പ്രഖ്യാപിക്കപ്പെടുന്നത്. ഹിന്ദു വിവാഹങ്ങളിൽ പരസ്പരം വരണമാല്യം അണിയിച്ച് ശേഷമാണ് മറ്റ് ചടങ്ങുകളിലേക്കും കടക്കുക. എന്നാൽ വിവാഹങ്ങൾ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികൾ നേരിട്ട് നടത്താൻ തുടങ്ങിയതോടെ ചടങ്ങുകൾ തീരുമാനിക്കുന്നത് കമ്പനിയായി. ഇതോടെ ആചാരങ്ങൾ പലതും ഫോട്ടോഷൂട്ടുകളുടെയും റീൽസുകളുടെയും എളുപ്പത്തിനായി മാറ്റിമറിക്കപ്പെട്ടു. അത്തരമൊരു വിവാഹാഘോഷമായിരുന്നു വീഡിയോയിൽ. ഒരു പുരാതനമായ കോട്ടയുടെ പശ്ചാത്തലത്തിൽ ഒരു തടാകത്തിന് നടുവിലുള്ള ഒരു പ്ലാറ്റ്ഫോമിൽ ഇന്ത്യൻ വംശജനായ വരന്‍റെയും വിദേശ വധുവിന്‍റെയും വിവാഹം നടക്കുകയാണ്. രണ്ട് ആണ്‍കുട്ടികൾ ഇരുവർക്കുമുള്ള മാലയുമായി വരുന്നു. പിന്നാലെ കുട്ടികൾ തന്നെ മാലകൾ വധുവിന്‍റെയും വരന്‍റെയും കഴുത്തിലണിയിക്കുന്നു. പിന്നാലെ ഇരുവരുടെയും പിന്നിൽ നിന്നും പുഷ്പവൃഷ്ടിയും കാണാം.
എല്ലാം ഒരോ ഇവന്‍റ് മാത്രം
രണ്ട് സംസ്കാരങ്ങളിൽ നിന്നും വധുവിന്‍റെയും വരന്‍റെയും വിവാഹത്തിൽ ആചാരങ്ങൾ പലതും ലംഘിക്കപ്പെട്ടെന്ന് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. ക്രിസ്തീയ വിവാഹങ്ങളിൽ വധുവിന്‍റെയും വരന്‍റെയും മോതിരം ചുമക്കുന്നവരുടെ റോളിന് തുല്യമായിരുന്നു ഇവിടെ കുട്ടുകളുടെ റോളുകളെന്ന് ചില കാഴ്ചക്കാർ ചൂണ്ടിക്കാട്ടി. വീഡിയോയിലെ നാല് പേർക്കും ഹിന്ദു വിവാഹ നിയമം ബാധകമാകുമോയെന്ന് ഒരു കാഴ്ചക്കരൻ തമാശയായി കുറിച്ചു. മറ്റൊരു കാഴ്ചക്കാരൻ സമാധാനിച്ചത് എല്ലാം ഒരോ ഇവന്‍റുകൾ മാത്രമാണല്ലോയെന്ന് കുറിച്ച് കൊണ്ടായിരുന്നു.


