നേപ്പാളിലെ ഗ്രാമപ്രദേശത്ത് മഴയെ അവഗണിച്ച് കൈകോർത്ത് സ്കൂളിലേക്ക് പോകുന്ന മൂന്ന് കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അനിൽ ബുഡ് പകർത്തിയ ദൃശ്യത്തിലെ കുട്ടികളുടെ പരസ്പര കരുതലും നിഷ്കളങ്കതയുമാണ് കാഴ്ചക്കാരുടെ ഹൃദയം കവർന്നത്.
മഴയെ അവഗണിച്ച് കുന്നിൻപാതയിലൂടെ കൈകോർത്ത് സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്ന് കൊച്ചുകുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. നേപ്പാളിലെ ഗ്രാമപ്രദേശത്ത് നിന്നും പകർത്തിയ ഈ ദൃശ്യം ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടംപിടിച്ചു. അതേസമയം വീഡിയോ സ്ക്രിപ്റ്റഡ് എന്ന് ചിലർ ആരോപിച്ചെങ്കിലും അതിലുമൊരു മനോഹാരിതയുണ്ടെന്നായിരുന്നു മറ്റു ചിലരുടെ കുറിപ്പ്.
അനിൽ ബുഡ് തന്‍റെ നേപ്പാൾ യാത്രയ്ക്കിടെയാണ് ഈ ഹൃദ്യമായ നിമിഷം ക്യാമറയിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചെറിയ ചാറ്റൽ മഴയ്ക്കിടെ, പല നിറങ്ങളിലുള്ള കുഞ്ഞ് മഴക്കോട്ടുകൾ ധരിച്ച്, ചളി നിറഞ്ഞ മൺപാതയിലൂടെ കുന്ന് കയറി സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്ന് കുട്ടികളെയാണ് അനിൽ തന്‍റെ യാത്രയ്ക്കിടെ കണ്ടത്. അദ്ദേഹം കുട്ടികളെ വിളിച്ചെങ്കിലും അവർ അത് ശ്രദ്ധിക്കാതെ തങ്ങളുടെ യാത്ര തുടരുകയായിരുന്നു.
പരസ്പരമുള്ള കരുതൽ, കുഞ്ഞു ചുവടുകൾ...
പിങ്ക്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള മഴക്കോട്ടുകൾ ധരിച്ചിരുന്ന മൂന്ന് കുട്ടികളും പരസ്പരം കൈകോർത്ത് പിടിച്ചാണ്, മഴ പെയ്തതിനാൽ തെന്നാൻ സാധ്യതയുള്ള ആ വഴിയിലൂടെ മുന്നോട്ട് നീങ്ങിയത്. മഴക്കോട്ടുകൾക്കുള്ളിൽ അവരുടെ സ്കൂൾ യൂണിഫോം ഏതാണ്ട് മുഴുവൻ മറഞ്ഞുകിടക്കുന്നു. മഴയിൽ നനഞ്ഞ കുന്നിൻപാതയിലൂടെ ഒത്തൊരു മിച്ചുള്ള ചെറിയ ചുവടുകളോടെ ശ്രദ്ധയോടെ മുന്നേറുന്ന കുട്ടികളുടെ കുഞ്ഞൻ ചുവടുകളും വീഡിയോയിൽ വ്യക്തം. അതിൽ ഏറ്റവും ചെറിയ കുട്ടി വളരെ ആത്മവിശ്വാസത്തിലായിരുന്നു. അവന്‍റെ ഒരു കൈ പോക്കറ്റിൽ വിശ്രമിച്ചു.
ഒരു സാധാരണ കാഴ്ച എന്നതിലുപരി കുട്ടികളുടെ നിഷ്കളങ്കതയും പരസ്പര കരുതലും ഒരുമയും പ്രകടമാക്കുന്ന രംഗമായി വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. അപരിചിതനായ ഒരാൾ വിളിക്കുകയും വീഡിയോ പകർത്തുകയും ചെയ്തിട്ടും അവർ പ്രതികരിക്കാതെ, എന്നാൽ വളരെ ശാന്തമായി അവരുടെ യാത്ര തുടർന്നതും നിരവധി പേരെ ആകർഷിച്ചു. അപരിചിതരോട് അനാവശ്യമായി ഇടപെടാതെ ജാഗ്രത പാലിക്കാൻ അവർക്ക് അറിയാമെന്ന് ചിലരെഴുതി.
'ഓർമ്മകളിലക്കൊരു ദൃശ്യം...'
വീഡിയോ വൈറലായതോടെ നിരവധി പേർ കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റത്തെയും മഴയിലും മുടങ്ങാത്ത അവരുടെ സ്കൂൾ യാത്രയെയും അഭിനന്ദിച്ച് രംഗത്തെത്തി. കുട്ടികൾ കൈകോർത്ത് നടന്ന രീതി, പലരെയും അവരുടെ കുട്ടിക്കാല സ്കൂൾ യാത്രയുടെ ഓർമകളിലേക്ക് കൊണ്ട് പോയി. മഴക്കോട്ടിന്‍റെ നിറങ്ങളും കുഞ്ഞുങ്ങളുടെ സൂക്ഷ്മമായ ചുവടുകളും ദൃശ്യത്തെ കൂടുതൽ സിനിമാറ്റിക്കാക്കിയെന്ന് ചിലരെഴുതി.


