താങ്കളുടെ സ്വപ്ന പാർട്ടി എനിക്ക് ഭീകര സ്വപ്നമെന്നാണ് പലരും പ്രതികരിക്കുന്നത്. അലസമായി 60കാരനൊപ്പം കിടക്കുന്ന പാമ്പുകൾക്കൊപ്പം കൂട്ടിലെമ്പാടും ഇഴഞ്ഞ് നടക്കുന്ന പാമ്പുകളും വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. 

കാലിഫോർണിയ: ജന്മദിനം പല രീതിയിൽ ആഘോഷിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്. മിക്കപ്പോഴും തങ്ങൾക്ക് ഏറ്റവും അടുത്ത ആളുകൾക്കൊപ്പമാകും ഇത്തരം ആഘോഷങ്ങൾ നടക്കാറ്. മൃഗശാല സ്ഥാപനായ വയോധികൻ ഇത്തരത്തിൽ ആഘോഷത്തിനായി തെരഞ്ഞെടുത്തത് ഒരു കൂട്ടം പാമ്പുകളെയാണ്. കാലിഫോർണിയയിലെ ഉരഗങ്ങളുടെ മൃഗശാല സ്ഥാപകന്റെ ജന്മദിനാഘോഷം ഇങ്ങനെ അല്ലാതെ ആവാൻ മറ്റ് വഴിയില്ലല്ലോ. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായ സ്നേക്ക് പാർട്ടിയുടെ വിവരങ്ങൾ അറിയാം. 

കാലിഫോർണിയയിലെ റെപ്റ്റൈൽ മൃഗശാല സ്ഥാപകനാണ് ജേ ബ്രൂവർ. ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് ജേ ബ്രൂവറെ പിന്തുടരുന്നത്. വിവിധ ഇനത്തിലുള്ള പെരുമ്പാമ്പുകൾക്കൊപ്പമാണ് ജേ ബ്രൂവർ കഴിഞ്ഞ ദിവസം തന്റെ ജന്മദിനം ആഘോഷിച്ചത്. ആറ് ലക്ഷത്തിൽ അധികം പേരാണ് ഈ സ്നേക് പാർട്ടി വീഡിയോ കണ്ടിരിക്കുന്നത്. 

പാമ്പുകൾ എന്ന് കേൾക്കുമ്പോഴേ ഭയന്ന് മാറുന്ന നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണം നടത്തിയിട്ടുള്ളത്. താങ്കളുടെ സ്വപ്ന പാർട്ടി എനിക്ക് ഭീകര സ്വപ്നമെന്നാണ് പലരും പ്രതികരിക്കുന്നത്. അലസമായി 60കാരനൊപ്പം കിടക്കുന്ന പാമ്പുകൾക്കൊപ്പം കൂട്ടിലെമ്പാടും ഇഴഞ്ഞ് നടക്കുന്ന പാമ്പുകളും വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. 

View post on Instagram

വിവിധ രീതിയിലെ പാമ്പുകളും മുതലകളും മറ്റ് ഉരഗങ്ങളെയും സാധാരണക്കാർക്ക് പരിചയപ്പെടാനാവുക എന്ന ലക്ഷ്യത്തോടെയാണ് 2009ലാണ് ഈ ഉരഗ മൃഗശാല തുറന്നത്. നൂറിലേറെ സ്പീഷ്യസുകളിലായി 600ലേറെ ഉരഗങ്ങളാണ് ഇവിടെയുള്ളത്. ജേയുടെ മൂന്ന് പെൺകുട്ടികളും ജേയ്ക്കൊപ്പം മൃഗശാല നടത്തിപ്പിന് കൂടെയുണ്ട്. 13000അടി സ്ക്വയർ ഫീറ്റ് വലുപ്പമാണ് ഈ ഉരഗ മൃഗശാലയ്ക്കുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം