പാമ്പിനെ കണ്ട വീടിന്റെ ഉടമയും അയൽക്കാരും ചേർന്നാണ് അധികൃതരെ വിവരമറിയിച്ചത്. പിന്നാലെ, അജയ് ​ഗിരിയുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

പാമ്പുകളെ മിക്കവർക്കും പേടിയാണല്ലേ? പ്രത്യേകിച്ചും വിഷമുള്ള പാമ്പുകളെയും വലിയ പാമ്പുകളെയും. ചിലർക്കാകട്ടെ ഇഴയുന്ന ജീവികളെയെല്ലാം പേടിയും അറപ്പുമാണ്. എന്നിരുന്നാലും, പാമ്പിനെ റെസ്ക്യൂ ചെയ്യുന്നതടക്കമുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ചെറിയ പാമ്പിനെയൊന്നുമല്ല ഇതിൽ പിടികൂടുന്നത്. 12 അടി നീളമുള്ളൊരു മൂർഖനെയാണ്.

ajay_v_giri and madrascrocbank എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കർണ്ണാടകയിലെ അ​ഗംബെയിൽ നിന്നുള്ളതാണ് ഈ വീഡിയോ. സ്വതവേ ഈ സ്ഥലത്ത് ഇഷ്ടം പോലെ പാമ്പുകളെ കാണാറുണ്ട്. അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എആർആർഎസ്) ഫീൽഡ് ഡയറക്ടറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന അജയ് ഗിരി. വീഡിയോയുടെ കാപ്ഷനിൽ പറയുന്നതനുസരിച്ച് ഈ ഭീമൻ പാമ്പ് ആദ്യം റോഡ് മുറിച്ചു കടക്കുന്നതാണ് ആളുകൾ കണ്ടത്. പിന്നീട് അതൊരു മരക്കൊമ്പിൽ കയറുകയായിരുന്നു. 

ഒരു വീടിന്റെ കോംപൗണ്ടിലെ മരത്തിലാണ് പാമ്പ് കയറിയിരുന്നത് എന്നത് ആളുകളെ ആശങ്കയിലാഴ്ത്തി. പാമ്പിനെ കണ്ട വീടിന്റെ ഉടമയും അയൽക്കാരും ചേർന്നാണ് അധികൃതരെ വിവരമറിയിച്ചത്. പിന്നാലെ, അജയ് ​ഗിരിയുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചു. വീഡിയോയിൽ കാണുന്നത് പാമ്പിനെ പിടികൂടുന്നതാണ്. കാണുമ്പോൾ തന്നെ ഭീമനെന്ന് തോന്നുന്ന പാമ്പിനെ വീഡിയോയിൽ കാണാം. 

View post on Instagram

പിന്നീട് അതിനെ പിടികൂടുന്നതും കാണിക്കുന്നുണ്ട്. അവിടംകൊണ്ടും തീർന്നില്ല. അവിടെ കൂടി നിന്ന ആളുകൾക്ക് പാമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി. നോട്ടീസും നൽകിയാണ് സംഘം അവിടെ നിന്നും പോകുന്നത്. പാമ്പിനെ കാട്ടിൽ വിടുന്നതും വീഡിയോയിൽ കാണാം.

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.