സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ഒരു കൂട്ടം യുവാക്കൾ എസ്‌യുവി പുഴയിലേക്ക് ഓടിച്ചിറക്കി. ശക്തമായ ഒഴുക്കിന് സാധ്യതയുള്ള പുഴയിൽ ജീവൻ പണയപ്പെടുത്തിയുള്ള ഈ പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് നേരിടുന്നത്. റീലിനും ലൈക്കുകൾക്കും വേണ്ടി സ്വന്തം സുരക്ഷ മറക്കുന്നതിനെതിരെ നിരവധി പേർ പ്രതികരിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള റീലിനായി യുവാക്കൾ നടത്തുന്ന അപകടകരമായ സാഹസികതകൾ പലപ്പോഴും വലിയ വിമർശനങ്ങൾക്കും ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾക്കും വഴിവെക്കാറുണ്ട്. ഇപ്പോഴിതാ, എസ്‌യുവിയുമായി പുഴയിലേക്ക് ഇറങ്ങിയ ഒരു കൂട്ടം യുവാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരിടുകയാണ്. ജമ്മുകശ്മീരിലെ സോനാമാർഗിലെ സിന്ധ് നദിയിലാണ് യുവാക്കൾ എസ്യുവി ഇറക്കി സ്റ്റണ്ടിന് ശ്രമിച്ചത്. എന്നാൽ, വാഹനം നദിയിലേക്ക് ഇറക്കിയെങ്കിലും തിരികെ കയറ്റാൻ കഴിയാത്തതിനെ തുടർന്ന് പോലീസിന്‍റെയും നാട്ടുകാരുടെയും സഹായം തേടുകയായിരുന്നു.

കുത്തൊഴിക്കുള്ള നദിയിലേക്ക് വാഹനം

യുവാക്കൾ വാഹനം വെള്ളത്തിലേക്ക് ഓടിച്ചിറക്കി അതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത് വീഡിയോയിൽ കാണാം. യുവാക്കൾ എസ്‌യുവി നേരിട്ട് പുഴയിലേക്ക് നീങ്ങുന്നതും വെള്ളത്തിൽ വാഹനം മുന്നോട്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. സാഹസിക രംഗങ്ങൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയ റീലായി പങ്കുവയ്ക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കിന് സാധ്യതയുള്ള പുഴയിൽ ചൊറിയൊരു പിഴവ് പോലും ജീവൻ തന്നെ അപകത്തിലാക്കാൻ സാധ്യത ഏറെയുള്ള സാഹചര്യത്തിലാണ് യുവാക്കൾ ഇത്തരമൊരു പ്രവർത്തി നടത്തിയതെന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് നേരിടുന്നത്.

Scroll to load tweet…

പുഴയിലെ വെള്ളത്തിന്‍റെ ആഴം, ഒഴുക്കിന്‍റെ ശക്തി തുടങ്ങിയ കാരണങ്ങളാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങൾ പരിഗണിക്കാതെയാണ് യുവാക്കൾ, വെറുമൊരു റീലിന് വേണ്ടി അപകടകരമായ രീതിയിൽ വാഹനം വെള്ളത്തിലേക്ക് ഇറക്കിയത്. വാഹനം സാഹസികമായി ഇറക്കിയെങ്കിലും പിന്നീട് അത് തിരിച്ച് കയറ്റാൻ യുവാക്കൾക്ക് കഴിഞ്ഞില്ല. ഇതോടെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർ‍ത്തനം നടത്തുകയായിരുന്നു. പോലീസ് ജീപ്പ് സ്ഥലത്തേക്ക് എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

എല്ലാം വെറുമൊരു റീലിന് വേണ്ടി

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് യുവാക്കളുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. റീലിനും സോഷ്യൽ മീഡിയയിലെ ഏതാനും നിമിഷത്തെ ശ്രദ്ധയ്ക്കും വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. “എസ്‌യുവി ഉള്ളവർക്ക് ബുദ്ധിയുണ്ടാകില്ല” എന്ന പരിഹാസത്തോടെയുള്ള കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. സോഷ്യൽ മീഡിയയിൽ വ്യൂസും ലൈക്കുകളും നേടാനുള്ള മത്സരത്തിൽ അപകടകരമായ സ്റ്റണ്ടുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിവെച്ചു. റീൽ വൈറലാകുന്നതിന് മുമ്പ് സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് പലരും പങ്കുവച്ചു.