44 സെക്കന്റ് വരുന്ന വീഡിയോയിൽ നഗരത്തിലെ സൈക്കിൾ ട്രാക്കിലൂടെ സൈക്കിളോടിക്കുന്ന കാവ്യയെ കാണാം. കാവ്യ മാത്രമല്ല ഈ സമയത്ത് ധൈര്യപൂർവം നഗരത്തിലൂടെ സൈക്കിളോടിച്ച് പോകുന്നത്. മറ്റ് സ്ത്രീകളും അതേസമയം സൈക്കിളോടിച്ച് പോകുന്നത് കാണാം.
രാത്രിയിൽ പല നഗരങ്ങളിലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പേടിയാണ്. അതിന് അർധരാത്രി പോലുമാവണ്ട. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തന്നെയാണ് കാരണം. എന്നാൽ, ഹൈദ്രാബാദിൽ നിന്നുള്ള വ്യത്യസ്തമായ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കയാണ് സോഷ്യൽ മീഡിയയിൽ കാവ്യ മേത്തി ഖണ്ഡേൽവാൾ എന്ന യുവതി. പുലർച്ചെ രണ്ട് മണിക്ക് നഗരത്തിലൂടെ സൈക്കിൾ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് കാവ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സംരംഭക കൂടിയായ കാവ്യ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിക്കഴിഞ്ഞു.
44 സെക്കന്റ് വരുന്ന വീഡിയോയിൽ നഗരത്തിലെ സൈക്കിൾ ട്രാക്കിലൂടെ സൈക്കിളോടിക്കുന്ന കാവ്യയെ കാണാം. കാവ്യ മാത്രമല്ല ഈ സമയത്ത് ധൈര്യപൂർവം നഗരത്തിലൂടെ സൈക്കിളോടിച്ച് പോകുന്നത്. മറ്റ് സ്ത്രീകളും അതേസമയം സൈക്കിളോടിച്ച് പോകുന്നത് കാണാം. കാവ്യയുടെ സഹോദരിയും കൂടെയുണ്ട്. 'ഹൈദരാബാദ്, ഞാൻ പുലർച്ചെ 2 മണിക്ക് സൈക്കിൾ ചവിട്ടുകയാണ്. വളരെ നല്ല കാലാവസ്ഥയാണ്. എന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല' എന്നും സൈക്ലിംഗ് ട്രാക്കിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ട് അവൾ പറയുന്നു. 'ഇതാണ് എന്റെ ട്രാക്ക്, ഇതിങ്ങനെയാണ് കാണപ്പെടുന്നത്. ഇതെന്താണ്, ഇതെന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു' എന്നും കാവ്യ പറയുന്നു.
രാത്രി ഇത്രയും വൈകിയിട്ടും ഇങ്ങനെ സുരക്ഷിതമായി സഞ്ചരിക്കുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. മൂന്ന് മില്ല്യണിലധികം വ്യൂവും രണ്ട് ലക്ഷത്തിലധികം ലൈക്കും 1900 -ത്തിലധികം കമന്റുകളും വീഡിയോയ്ക്ക് വന്നു കഴിഞ്ഞു. 'ഇന്ത്യയിലെ എല്ലാ നഗരങ്ങളും ഇതുപോലെ ആയിരുന്നെങ്കിൽ' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'കാവ്യയുടെ സന്തോഷം ആ മുഖത്ത് കാണാനുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.


