ശരിക്കും ഇന്ത്യൻ സംസ്കാരത്തിലേക്ക് കൂടുതൽ ആഴത്തിൽ കടക്കാൻ ശ്രമിച്ചാൽ ഇന്ത്യയെ ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് ഇന്ത്യയെ വെറുക്കുന്നതായി ചിലർ നടിക്കുന്നത് എന്നാണ് നിലവിൽ മുംബൈയിൽ താമസിക്കുന്ന ഇവാന പെർകോവിച്ച് പറയുന്നത്.
ഇന്ത്യയെ കുറിച്ച് പലപ്പോഴും വിദേശത്ത് നിന്നുള്ളവർ ചില മോശം പരാമർശങ്ങളൊക്കെ നടത്താറുണ്ട്. അത് വൃത്തിയെ കുറിച്ചോ, സംസ്കാരത്തെ കുറിച്ചോ ഒക്കെയാവാം. എന്നാൽ, അതേസമയം തന്നെ വിദേശത്ത് നിന്നെത്തുന്നവർ തന്നെ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ കാണുകയും ഈ ധാരണകളെ തിരുത്തുകയും ഒക്കെ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു വിദേശ വനിതയാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യയെ കുറിച്ചുള്ള ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ശരിക്കും ഇന്ത്യൻ സംസ്കാരത്തിലേക്ക് കൂടുതൽ ആഴത്തിൽ കടക്കാൻ ശ്രമിച്ചാൽ ഇന്ത്യയെ ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് ഇന്ത്യയെ വെറുക്കുന്നതായി ചിലർ നടിക്കുന്നത് എന്നാണ് ആംസ്റ്റർഡാമിൽ നിന്നുള്ള, എന്നാൽ നിലവിൽ മുംബൈയിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ ഇവാന പെർകോവിച്ച് പറയുന്നത്. 10 വർഷം മുമ്പാണ് താൻ തന്റെ ഹൃദയം ഇന്ത്യയ്ക്ക് നൽകിയത് എന്നും പലർക്കും ഇന്ത്യയോടുള്ള വെറുപ്പ് കാണുമ്പോൾ അത് ശരിക്കും വെറുപ്പാണോ അതോ രഹസ്യമായ അഭിനിവേശമാണോ എന്ന് ചിന്തിക്കാറുണ്ട് എന്നും ഇവാന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ഇന്ത്യയെ വെറുക്കുന്നതായി നടിക്കുന്നവർ, ഇന്ത്യൻ ഭക്ഷണം രുചിച്ചുനോക്കിയാൽ, ഇന്ത്യയുടെ ആതിഥ്യം അനുഭവിച്ചുകഴിഞ്ഞാൽ, റോഡരികിലെ പശുക്കളുടെ സാന്നിധ്യം ആസ്വദിച്ചുകഴിഞ്ഞാൽ, അവരുടെ ലോകം എങ്ങനെ മാറുമെന്ന് ഉള്ളിന്റെ ഉള്ളിൽ ഭയപ്പെടുന്നുണ്ടാകാം. ഇന്ത്യയോട് ശരിക്കും മതിപ്പില്ലെങ്കിൽ, പിന്നെന്തിനാണ് അവർ എപ്പോഴും ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നത് എന്നും ഇവാന ചോദിക്കുന്നു. ഇന്ത്യയിലെ ഭക്ഷണത്തെ കുറിച്ചും, ഇന്ത്യയുടെ പ്രകൃതിഭംഗിയെ കുറിച്ചും ഒക്കെ ഇവാന പറയുന്നുണ്ട്. നിരവധിപ്പേർ ഇവാനയുടെ പോസ്റ്റിന് കമന്റുകൾ നൽകി. അസൂയ കാരണമാണ് പലരും ഇന്ത്യയെ കുറിച്ച് മോശം പറയുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.


