ഉത്തർപ്രദേശിലെ നോയിഡയിൽ, യാത്രയ്ക്കിടെ ഡ്രൈവർ തനിക്ക് നേരെ കണ്ണിറുക്കിക്കാണിച്ചെന്ന് ആരോപിച്ച് യുവതി വാഹനം തടഞ്ഞുനിർത്തി. ഡ്രൈവർ ആരോപണം നിഷേധിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ഉത്തർപ്രദേശിലെ നോയിഡയിൽ യുവതിയും കാർ ഡ്രൈവറും തമ്മിലുണ്ടായ വാക്കുതർക്കത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യാത്രയ്ക്കിടെ ഡ്രൈവർ തനിക്ക് നേരെ കണ്ണിറുക്കിക്കാണിച്ചെന്നും അനുചിതമായി പെരുമാറിയെന്നും ആരോപിച്ചാണ് യുവതി, മറ്റൊരു വാഹനത്തിന്‍റെ ഡ്രൈവറെ വഴിയിൽ തടഞ്ഞത്. വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്ന യുവതിയുടെ വീഡിയോ ദൃശ്യളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
'നീ ആരാടാ എന്നെ നോക്കി കണ്ണിറുക്കാൻ?'
വീഡിയോയിൽ, ഡ്രൈവറുടെ അനുചിതമായ പെരുമാറ്റത്തെ ചോദ്യം ചെയ്യുന്ന യുവതിയെ കാണാം. നീ എങ്ങനെയാണ് എന്‍റെ നേരെ നോക്കി കണ്ണിറുക്കിയതെന്ന് യുവതി ചോദിക്കുന്നത് കേൾക്കാം. എന്നാൽ, യുവതിയുടെ ആരോപണം ഡ്രൈവർ നിഷേധിക്കുന്നു. താൻ ബോധപൂർവ്വം അത്തരമൊരു ആംഗ്യം കാട്ടിയിട്ടില്ലെന്നും തെറ്റിദ്ധാരണയാണെന്നും ഡ്രൈവർ വാദിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം കുറച്ചേറെ നേരം നീണ്ടുനിന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ചിലർ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ യുവതി പ്രതികരിച്ചത് ശരിയായ നടപടിയാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ഒരു ചെറിയ വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാരനായി മുദ്രകുത്തരുതെന്നും സംഭവത്തിന്‍റെ വിവരങ്ങളും പുറത്ത് വരേണ്ടതുണ്ടെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.
'ഇങ്ങനെ വേണം പെൺകുട്ടുകൾ പ്രതികരിക്കാൻ'
“എല്ലാ പെൺകുട്ടികളും ഇങ്ങനെ വേണം പ്രതികരിക്കേണ്ടത്,” എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. മറ്റൊരാൾ എഴുതിയത്, “ഏത് ഏറ്റുമുട്ടലിലും എപ്പോഴും ഒരു വീഡിയോ ഉണ്ടാക്കുക. അയാളുടെ കണ്ണുകളിൽ നിന്ന് അയാൾ കുറ്റക്കാരനാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.” എന്നായിരുന്നു. “അവൾ പുരുഷനെതിരെ ലൈംഗിക പീഡന കേസ് ഫയൽ ചെയ്യണം. പുരുഷന്മാർ വെറുപ്പുളവാക്കുന്നവരാണ്,” എന്നായിരുന്നു മറ്റൊരു രൂക്ഷ പ്രതികരണം. അതേസമയം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഹ്രസ്വ വീഡിയോകൾ പലപ്പോഴും സംഭവത്തിന്‍റെ പൂർണ ചിത്രം നൽകണമെന്നില്ലെന്നും, അതിനാൽ സമഗ്രമായ വിവരങ്ങൾ പരിശോധിച്ചശേഷം മാത്രമേ അന്തിമ നിഗമനങ്ങളിലെത്താവൂവെന്നും നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.


