നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ എഞ്ചിനിൽ സാരിത്തുമ്പ് കെട്ടി റെയിൽപാളത്തിൽ നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഈ പ്രകടനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ആളുകൾ നടത്തുന്ന വ്യത്യസ്ത പരീക്ഷണങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമായി മാറാറുണ്ട്. അത്തരം അപകടകരമായ റീലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധവും ഉയരുന്നത് സാധാരണം. അതുപോലെ തന്നെ പൊതുമുതൽ നശിപ്പിച്ച് കൊണ്ടോ അതല്ലെങ്കിൽ പൊതു ഇടങ്ങളിലെ ചില റീലുകൾക്ക് നേരെയും വലിയ തോതിലുള്ള വിമർശനമാണ് ഉയരാറ്. സമാനമായ രീതിയിൽ അടുത്തിടെ ഒരു റീൽ വലിയ തോതിലുള്ള വി‍മർശനം ഏറ്റുവാങ്ങി. നിർത്തിയിട്ട് ഒരു ട്രെയിനിൽ സാരിത്തുമ്പ് കെട്ടിയിട്ട് ചിത്രീകരിച്ച ഒരു റീലായിരുന്നു അത്.

ട്രെയിൽ കെട്ടിയിട്ട സാരിത്തുമ്പ്

പാളത്തിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിൻ എഞ്ചിനിൽ തന്‍റെ സാരിത്തുമ്പ് കെട്ടിയ ശേഷം റെയിൽപാളത്തിൽ നിന്ന് ബോളിവുഡ് സിനിമയിലെ പ്രണയരംഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്. സാരിയും സൺഗ്ലാസും ധരിച്ച യുവതി നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്‍റെ എൻജിനിൽ സാരിയുടെ അറ്റം കെട്ടിയ ശേഷം മുന്നിലേക്ക് നീങ്ങുന്നു. തുടർന്ന് പാട്ടിനൊപ്പം ചുണ്ടനക്കുകയും അതിശയോക്തി കലർന്ന മുഖഭാവങ്ങളോടെ നൃത്തം ചെയ്യുകയും ചെയ്യുന്നു. ട്രെയിനിലേക്ക് പലതവണ ആംഗ്യം കാണിച്ച് കൊണ്ടാണ് സ്ത്രീയുടെ പ്രകടനം. ബോളിവുഡ് ചിത്രങ്ങളിലെ ട്രെയിൻ പശ്ചാത്തലത്തിലുള്ള പ്രണയരംഗം പുനഃസൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അവരുടേത്.

Scroll to load tweet…

നടപടിവേണമെന്ന് നെറ്റിസെൺസ്

ഒക്ടോബർ ഒന്നിന് ‘ദി നളന്ദ ഇൻഡക്സ്’ എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. റീലിനായി ആളുകൾ സുരക്ഷയും ഉത്തരവാദിത്വവും മറക്കുന്നതിനെ വിമർശിച്ച് കൊണ്ടുള്ള കുറിപ്പിനൊപ്പമായിരുന്നു വീഡിയോ. എന്നാൽ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ എപ്പോൾ, എവിടെ വച്ചാണ് ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നു. റെയിൽപാളത്തിൽ നിൽക്കുന്നതും ട്രെയിനിനോട് ചേർന്ന് ഇത്തരം റീൽ ചിത്രീകരിക്കുന്നതും അപകടകരമാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ട്രെയിനുകളെ പശ്ചാത്തലമാക്കി റീൽ, ഡാൻസ്, സ്റ്റണ്ട് എന്നിവയ്ക്കായി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പ്രവണതയെക്കുറിച്ചുള്ള ചർച്ചയ്ക്കും വീഡിയോ വഴിവച്ചു. പാളത്തിൽ അതിക്രമിച്ച് കയറുകയോ യാത്രക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് റെയിൽവേയുടെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഇത്തരം റീലുകളും വീഡിയോകളും ഇപ്പോഴും ചിത്രീകരിക്കപ്പെടുന്നു.