റിയാദിൽ നടന്ന നയതന്ത്ര ചടങ്ങിനിടെ ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പരമ്പരാഗത സൗദി വാൾനൃത്തം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയിൽ നാല് കാലുകളുള്ള മറ്റൊരു റോബോട്ട് കേക്ക് കൊണ്ടുവരുന്നതും കാണാമായിരുന്നു. സാങ്കേതികവിദ്യയും പാരമ്പര്യവും സംഗമിച്ച ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
റിയാദിൽ നടന്ന ഒരു നയതന്ത്ര ചടങ്ങിനിടെ ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ അവതരിപ്പിച്ച സൗദി പാരമ്പര്യ വാൾനൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായി. മനുഷ്യരെപ്പോലെ രൂപകൽപ്പന ചെയ്ത രണ്ട് റോബോട്ടുകൾ പരമ്പരാഗത സൗദി വസ്ത്രം ധരിച്ച് ‘അർദ’ (Al-Ardah) എന്നറിയപ്പെടുന്ന വാൾനൃത്തം അവതരിപ്പിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയ കാഴ്ച.
റോബോർട്ടുകളുടെ 'വാൾനൃത്തം'
ചൈനീസ് എംബസി റിയാദിലെ കൾച്ചറൽ പാലസിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് റോബോട്ടുകളുടെ പ്രകടനം നടന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 77 -ാം സ്ഥാപക വാർഷികത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ചടങ്ങിൽ സൗദി, ചൈനീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. റിയാദ് റീജിയൻ മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫും സൗദിയിലെ ചൈനീസ് അംബാസഡർ ചാങ് ഹുവയും ചടങ്ങിനെത്തിയിരുന്നു.
വെള്ള നിറത്തിലുള്ള പരമ്പരാഗത തൗബ്, ഘുത്ര തുടങ്ങിയ വേഷങ്ങളണിഞ്ഞാണ് റോബോട്ടുകൾ നൃത്തം ചെയ്തത്. കൈകളിൽ ആചാരപരമായ വാളുകളുമായി താളത്തിനൊത്ത് ഏകോപിതമായ ചുവടുകൾ വെക്കുന്ന റോബോട്ടുകളുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. ചൈനീസ് അംബാസഡർ ചാങ് ഹുവയാണ് ചടങ്ങിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചൈനയിൽ നിർമിച്ച റോബോട്ടുകളുടെ പ്രകടനം അതിഥികളിൽ വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം കുറിച്ചു.
കേക്ക് കൊണ്ടുവന്നത് 'നാല് കാലുള്ള റോബോർട്ട്'
റോബോട്ടുകളുടെ നൃത്തം മാത്രമല്ല ചടങ്ങിൽ ശ്രദ്ധ നേടിയത്. മറ്റൊരു ദൃശ്യത്തിൽ നാല് കാലുകളുള്ള ഒരു റോബോട്ട് പരിപാടിയുടെ കേക്ക് അതിഥികൾക്ക് കൈമാറുന്നതും കാണാം. വീഡിയോ വൈറലായതോടെ റോബോട്ടുകളുടെ ചലനങ്ങളുടെ കൃത്യതയെയും സാങ്കേതിക മികവിനെയും പ്രശംസിച്ചും പരമ്പരാഗത സൗദി നൃത്തം റോബോട്ടുകൾ അവതരിപ്പിക്കുന്നതിന്‍റെ പ്രത്യേകതയെക്കുറിച്ച് ചർച്ച ചെയ്തും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. അതേസമയം ഇനി നൃത്തം പോലുള്ള കലകൾക്ക് വേണ്ടിയും പ്രത്യേക റോബോർട്ടുകൾ വരുമോയെന്ന ആശങ്കയും ചിലർ പങ്കുവച്ചു. സാങ്കേതികവിദ്യയും പാരമ്പര്യവും ഒരേ വേദിയിൽ സംഗമിച്ച കാഴ്ചയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ ശ്രദ്ധാകേന്ദ്രം.


