അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ യുവാവ്, തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ വിദേശ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. നാട്ടിലുള്ളവർ ആഡംബരമായി കാണുന്ന പലതും അമേരിക്കയിലെ ശരാശരി ജീവിതത്തിൻ്റെ ഭാഗം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രവാസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ന്യൂയോർക്ക്: വിദേശത്തു ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ ജീവിതം കാണുമ്പോൾ നാട്ടിലുള്ളവർക്ക് അത് വലിയ ആഡംബരമായി തോന്നാം. എന്നാൽ, വിദേശ ജീവിതത്തിന്റെ യഥാർത്ഥ വശങ്ങൾ തുറന്നുകാട്ടുന്ന രണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
അമേരിക്കയിലെ തന്‍റെ ദൈനംദിന ജീവിതം നാട്ടിലെ ജീവിതത്തിൽ നിന്ന് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് അർഹം ഇഷ്തിയാക് എന്ന ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അർഹം ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശത്തേക്ക് താമസം മാറിയത് സൗകര്യങ്ങളെയും ആഡംബരങ്ങളെയും കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ഒരേ വ്യക്തി... തികച്ചും വ്യത്യസ്തമായ യാഥാർത്ഥ്യം’. ‘ബിഹാറിലെ ശരാശരി ജീവിതം വേഴ്സസ് യുഎസിലെ ശരാശരി ജീവിതം’ എന്ന അടിക്കുറിപ്പോടെയാണ് അർഹം വീഡിയോ പങ്കുവെച്ചത്. തനിക്ക് നല്ലൊരു ജോലിയുള്ളതിനാലും ഏറ്റവും പുതിയ ഐഫോൺ ഉപയോഗിക്കുന്നതിനാലും നന്നായി വസ്ത്രം ധരിച്ച് അടിക്കടി യാത്രകൾ ചെയ്യുന്നതിനാലും നാട്ടിലുള്ളവർ വിചാരിക്കുന്നത് തന്റെ ജീവിതം പൂർണ്ണമായും 'സെറ്റ്' ആണെന്നാണ്. എന്നാൽ, ഇതൊന്നും അവിടെ വലിയ കാര്യമല്ലെന്ന് യുവാവ് പറയുന്നു.
സത്യത്തിൽ ഇതൊക്കെ ഇവിടുത്തെ വളരെ സാധാരണക്കാരായ മനുഷ്യരുടെ ശരാശരി ജീവിതം മാത്രമാണ്. ആളുകൾക്ക് ഇതിനപ്പുറവും വലിയ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും, ഇതൊരു തികച്ചും സാധാരണമായ ജീവിത നിലവാരം മാത്രമാണെന്നും അർഹം വ്യക്തമാക്കുന്നു. നിരവധി ഇന്ത്യൻ പ്രവാസികളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സമൂഹത്തിലെ ജാതീയതയ്ക്കും വിഭജനങ്ങൾക്കും പിന്നാലെ പോകാതെ, ജീവിതനിലവാരവും സാമൂഹിക വികസനവും മെച്ചപ്പെടുത്തുന്നതിലേക്ക് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്‍റ്.


