ഫസ്റ്റ് എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്ത്രീകളെ ചോദ്യം ചെയ്ത ടിടിഇയുമായി ഇവർ തർക്കിച്ചു. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥന് നേരെ സ്ത്രീകൾ ജാതീയ അധിക്ഷേപം നടത്തുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ദില്ലി: ഫസ്റ്റ് എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട സ്ത്രീകൾ ടിക്കറ്റ് എക്സാമിനറുമായി (ടിടിഇ) തർക്കിക്കുകയും, ഇദ്ദേഹത്തിന് നേരെ ജാതീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. റെഡ്ഡിറ്റിലാണ് ദൃശ്യങ്ങൾ ആദ്യമായി പങ്കുവെക്കപ്പെട്ടത്. ഫസ്റ്റ് എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകളുമെന്ന് തോന്നിപ്പിക്കുന്ന രണ്ട് പേരെയാണ് ടിടി.ഇ. ചോദ്യം ചെയ്തത്. ദയവായി ടിക്കറ്റ് കാണിക്കൂ. എങ്ങനെയാണ് ടിക്കറ്റില്ലാതെ ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്യുന്നത്? എന്ന് ടിടിഇ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.
അപ്പോൾ, കൂട്ടത്തിൽ ഒരാൾ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനെ എതിർത്തു. നിങ്ങൾ ജോലി ചെയ്യുന്നത് ഞാൻ ബഹുമാനിക്കുന്നു, പക്ഷെ എൻ്റെ വീഡിയോ എടുക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന് യുവതി പറയുന്നു. ഇതിനിടെ, നിങ്ങൾക്ക് എങ്ങനെയുള്ള ഫോട്ടോയാണ് വേണ്ടത്? ഒരു സെൽഫി എടുത്താലോ? എന്ന് ഒരു സ്ത്രീ ഉദ്യോഗസ്ഥനെ പരിഹസിക്കുന്നുമുണ്ട്.
തൻ്റെ കുടുംബം മുഴുവൻ ഇന്ത്യൻ റെയിൽവേയിലാണ്. തൻ്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണ്. എനിക്ക് വാഷ്‌റൂം ഉപയോഗിക്കാൻ വേണ്ടി വന്നതാണ്, ജനറൽ കംപാർട്ട്‌മെന്റിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു, അപ്പോഴാണ് നിങ്ങൾ വന്നത്, എന്നും യുവതി ന്യായീകരിച്ചു. നിങ്ങൾ ജനറൽ കംപാർട്ട്‌മെന്റിലേക്ക് പോവുകയാണെങ്കിൽ പോലും യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നിങ്ങളുടെ പക്കൽ ടിക്കറ്റില്ല, എന്ന് ടിടിഇ മറുപടി നൽകുന്നു.
തുടർന്ന് രോഷാകുലയായ സ്ത്രീ ഉദ്യോഗസ്ഥൻ്റെ പേര് ചോദിച്ചറിയുകയും, ശേഷം ജാതീയ പരാമർശം നടത്തുകയും ചെയ്തു. അദ്ദേഹം മറ്റൊരു ജാതിയിൽപ്പെട്ട ആളായിരുന്നെങ്കിൽ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കില്ലായിരുന്നു എന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. ഞെട്ടലോടെ ടിടിഇ ഉടൻ തന്നെ പ്രതികരിച്ചു. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്നോട് ജാതീയ പരാമർശം നടത്തരുത്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ശേഷം നിങ്ങൾക്ക്, ഇനി ചെയ്യാൻ കഴിയുന്നത് ഇങ്ങനെ അലറി വിളിക്കുക മാത്രമാണ്, എന്ന് അദ്ദേഹം മറുപടി നൽകി.
അതേസമയം, സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുമായി ബന്ധപ്പെട്ട തർക്കങ്ങൾ വാർത്തയാകുന്നത്. നേരത്തെ ബിഹാറിൽ നിന്നുള്ള ഒരു സർക്കാർ സ്കൂൾ അധ്യാപിക എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിൻ്റെ ദൃശ്യങ്ങൾ വൈറൽആയിരുന്നു.


