യുഎസിലെ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ വംശജയായ വീട്ടമ്മ ജോലിക്കിടയില്‍ വടയും ചട്നിയും നല്‍കുന്ന വീഡിയോ വൈറല്‍.

മേരിക്കയിൽ താമസമാക്കിയ ഇന്ത്യൻ കുടുംബം വീട്ടിൽ ജോലിക്ക് എത്തിയ അമേരിക്കൻ തൊഴിലാളികളെ കയ്യിലെടുത്തത് ഇന്ത്യൻ ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കി നൽകി. ഒരു അമേരിക്കൻ സീൽകോട്ടിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് ഇന്ത്യക്കാരനായ വീട്ടുടമസ്ഥൻ വടയും ചട്നിയും കഴിക്കാൻ നൽകിയത്. ഏതായാലും അമേരിക്കൻ തൊഴിലാളികൾക്ക് നമ്മുടെ വടയും ചട്ടിയും നന്നേ ബോധിച്ചു.

മിനസോട്ട ആസ്ഥാനമായുള്ള പേവിംഗ്, ആസ്ഫാൽറ്റ് സേവനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ് സീൽകോട്ടിംഗ്. വടയും ചട്നിയും ഏറെ ഇഷ്ടപ്പെട്ട കമ്പനിയിലെ തൊഴിലാളികൾ തന്നെയാണ് വീട്ടുടമയായ സ്ത്രീ തങ്ങൾക്ക് ഭക്ഷണം വിളമ്പുന്നത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോയിൽ നൈറ്റി ധരിച്ച ഒരു വീട്ടമ്മ തൊഴിലാളികൾക്ക് വടയും തേങ്ങാ ചട്നിയും നൽകുന്നത് കാണാം. ഭക്ഷണം ഏറെ ഇഷ്ടപ്പെട്ട തൊഴിലാളികൾ വീട്ടമ്മയ്ക്ക് നന്ദിയും പറഞ്ഞാണ് മടങ്ങിയത്.

View post on Instagram

നൈറ്റി ധരിച്ച് തോളിൽ ദുപ്പട്ടയുമായി വീടിന് പുറത്ത് കൈകളിൽ രണ്ട് ഡിസ്‌പോസിബിൾ പ്ലേറ്റുകളുമായി നിൽക്കുന്ന ഒരു സ്ത്രീയിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഓരോ പ്ലേറ്റിലും തേങ്ങാ ചട്ണിയും മൂന്ന് വടകളും ഉണ്ടായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുന്ന സീൽകോട്ടിംഗ് തൊഴിലാളികൾക്ക് അവർ ആ പ്ലേറ്റുകൾ നൽകുന്നു. സന്തോഷത്തോടെ ഭക്ഷണം സ്വീകരിക്കുന്ന തൊഴിലാളികൾ അവരോട് നന്ദി പറയുന്നതും വീഡിയോയിൽ കേൾക്കാം.

ഇത് എന്ത് പലഹാരമാണെന്ന് തൊഴിലാളികൾ ചോദിക്കുമ്പോൾ യുവതി 'വട' എന്ന് മറുപടി പറയുകയും തൊഴിലാളികൾക്ക് കൂടുതൽ വ്യക്തമാക്കാൻ ഡോട്ട് പോലെ ഒരു പലഹാരമാണ് പക്ഷേ, മധുരമുണ്ടാകില്ലെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. വട കഴിച്ചു നോക്കിയ തൊഴിലാളികൾ 'അത്യുഗ്രൻ' എന്ന് പറയുന്നു. മെയ് 26 ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 11.3 ദശലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.