വിമാനത്താവളത്തിൽ എത്താൻ വൈകുമെന്ന് ഡ്രൈവർ പറഞ്ഞതോടെ യാത്രക്കാരൻ അക്രമാസക്തനായി. ബെംഗളൂരു നഗരത്തിൽ കാറിന് മുകളിൽ കയറി ഗതാഗതം സ്തംഭിപ്പിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.  

വിമാനത്താവളത്തിൽ എത്താന്‍ വൈകുമെന്ന് കാർ ഡ്രൈവർ അറിയിച്ചതിന് പിന്നാലെ യാത്രക്കാരന്‍റെ നിയന്ത്രണം നഷ്ടപെട്ടു. അയാൾ ഡ്രൈവറെ അക്രമിക്കുകയും കാറിന് മുകളില്‍ കയറി ബെംഗളൂരു നഗരത്തലെ മൊത്തം ഗതാഗതവും സ്തംഭിപ്പിച്ചു. ഇതോടെ പോലീസും നാട്ടുകാരും കൂടി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി.

അക്രമാസക്തനായ യാത്രക്കാരന്‍

കഴിഞ്ഞ ഞായറാഴ്ച കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു സന്തോഷ്. മേഖ്രി സർക്കിളിലെത്തിയപ്പോൾ നഗരത്തിലെ തിരക്കില്‍പ്പെട്ട് കാര്‍ വളരെ ഇഴഞ്ഞാണ് നീങ്ങിയത്. പിന്നാലെ തനിക്ക് പോകേണ്ട വിമാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാർ ഡ്രൈവർ അറിയിച്ചതോടെ സന്തോഷിന്‍റെ നിയന്ത്രണം നഷ്ടമായി. അദ്ദേഹം അക്രമാസക്തനാകുകയും കാർ ഡ്രൈവറെ അക്രമിക്കുകയും ചെയ്തു. ഡ്രൈവർ റോഡിൽ വാഹനം നിർത്തി പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ നിന്നും പുറത്തിറങ്ങിയ സന്തോഷ് കാറിന് മുകളിൽ കയറി നൃത്തം ചെയ്യാന്‍ ആരംഭിച്ചു. പലരും അദ്ദേഹത്തോടെ താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാൾ കൂട്ടാക്കിയില്ല.

Scroll to load tweet…

ഇതോടെ അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. സാധാരണ തിരക്കിനിടെ ഇത്തരമൊരു പ്രശ്നം കണ്ടതും നാട്ടുകാര്‍ പ്രകോപിതരായി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു കാഴ്ചക്കാരന്‍ സന്തോഷിന്‍റെ കാലില്‍ പിടിച്ച് വലിച്ച് താഴെയിടുന്നത് കാണാം. ഇതിനിടെ മറ്റൊരാൾ ഹെൽമറ്റ് വച്ച് സന്തോഷിന്‍റെ തലയ്ക്കടിക്കുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന പോലീസുകാര്‍ ആളുകളെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതും കാണാം. അസാധാരണമായ രീതിയില്‍ പൊരുമാറിയ സന്തോഷിനെ കൈയും കാലും കെട്ടിയാണ് സദാശിവനഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കുടുംബം പറയുന്നത്

സന്തോഷിന് നേരത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് കുടുംബം പോലീസിനെ അറിയിച്ചത്. വിമാനം നഷ്ടപ്പെടുമെന്ന് അറിഞ്ഞപ്പോളുണ്ടായ ആശങ്കയിലാകാം സന്തോഷ് ഇത്തരത്തില്‍ പെരുമാറിയതെന്നും കുടുംബം പറയുന്നു. സന്തോഷിന്‍റെ ചികിത്സാ ചരിത്രം പരിശോധിക്കാനുളള തയ്യാറെടുപ്പിലാണ് പോലീസെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം വീഡിയോ സമൂഹ മാധ്യമങ്ങളില്‍ രണ്ട് ചേരിയുണ്ടാക്കി. സന്തോഷിനെ വലിച്ച് താഴെയിട്ടത് മോശമായില്ലെന്ന് ഒരു പക്ഷം പിടിച്ചപ്പോൾ മറുപക്ഷം അദ്ദേഹത്തിന്‍റെ മാനസികാവസ്ഥയെ പരിഗണിക്കേണ്ടിയിരുന്നുവെന്ന് കുറിച്ചു.