ഉത്തർപ്രദേശിലെ വിവാഹ വേദിയിൽ വരൻ വധുവിന് വരണമാല്യം ചാർത്തുന്നതിനിടെ പോലീസുമായി ആദ്യ ഭാര്യയെത്തി. തൻ്റെ ഭർത്താവാണ് വരനെന്നും തെളിവുകൾ നിരത്തി യുവതി അവകാശപ്പെട്ടതോടെ വിവാഹം മുടങ്ങി. ഗുജറാത്തിൽ നിന്നുമാണ് ആദ്യ ഭാര്യയെത്തിയത്. 

'പവിത്ര'മെന്നാണ് പറയുന്നതെങ്കിലും വിവാഹം ഇന്ന് ഒരു കമ്പോള വസ്തുവാണ്. ലക്ഷങ്ങളും കോടികളും മറിയുന്ന കളം. ചില സ്ത്രീകളും പുരുഷന്മാരും വിവാഹത്തെ ഇന്ന് ഒരു വരുമാന മാർഗമായി കാണുന്നുവെന്ന് ചില വാര്‍ത്തകൾ തെളിവ് നല്‍കുന്നു. പത്തും മുപ്പതും വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി മുങ്ങുന്ന വിരുതന്മാരുടെയും വിരുതത്തികളുടെയും വാർത്തകൾക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. അത്തരമൊരു വിവാഹ വേദിയിലേക്ക് ഒരു സ്ത്രീ എത്തിയത് പോലീസുമായി. പിന്നാലെ തെളിവ് നിരത്തി വരൻ തന്‍റെ ഭർത്താവാണെന്ന് അവകാശപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കാഴ്ചക്കാരും അതൊരു ആഘോഷമാക്കിയെടുത്തു.

ആദ്യ ഭാര്യയുടെ നാടകീയ വരവ്

നവംബർ 17 -ന് രാത്രി ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പിരെല്ല ഗ്രാമത്തിലെ വിവാഹ പന്തലായിരുന്നു വേദി. അതിഥികളുടെ അനുഗ്രഹാശിസുകളോടെ വരന്‍ വധുവിന്‍റെ കഴുത്തില്‍ വരണ്യമാല്യം ചാർത്തുന്നതിനിടെയാണ് പെട്ടെന്ന് രേഷ്മ എന്ന യുവതി ഒരു കൂട്ടം പോലീസുകാരുമായെത്തിയത്. പിന്നാലെ അവ‍ർ വിവാഹം തടസപ്പെടുത്തി. വരന്‍ തന്‍റെ ഭർത്താവണെന്ന് വാദിച്ചു. ഒപ്പം തങ്ങളുടെ വിവാഹ ഫോട്ടോയും വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇവര്‍ അവിടെ വച്ച് പോലീസിനെ കാണിച്ചു. ഇതോടെ വിവാഹ വേദിയില്‍ സംഘര്‍ഷം ഉടലെടുത്തു.

View post on Instagram

View post on Instagram

View post on Instagram

ഗുജറാത്തിൽ നിന്നും യുപിയിലേക്ക്

ഗണേഷ്പൂരിലെ വാൾട്ടർഗഞ്ചിൽ നിന്നുള്ള ലവ്കുഷ് എന്നറിയപ്പെടുന്ന വിനയ് അംഗദ് ശർമ്മ എന്ന വരന്‍ ആ വിവാഹ വേദിയില്‍ വച്ച് പിരെല്ല ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുകയായിരുന്നു. ബാൻഡും പതിവ് ആഘോഷങ്ങളുമൊക്കെയായി വിവാഹ ഘോഷയാത്ര വേദിയിലെത്തി ചടങ്ങുകൾ ആരംഭിക്കുന്നതിനിടെയാണ് സംഭവങ്ങൾ. വിനയ് തന്‍റെ ഭർത്താവാണെന്ന് രേഷ്മ ആവർത്തിച്ച് പറ‌ഞ്ഞു. എല്ലാവരുടെയും മുന്നിൽ മറുപടി പറയണമെന്ന് അവര്‍ വിനയ്‍യെ നിർബന്ധിച്ചു. എന്നാൽ, തനിക്ക് അവരെ അറിയില്ലെന്നും താൻ മുമ്പ് വിവാഹം കഴിച്ചിട്ടില്ലെന്നും വിനയ് അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്തിലെ അങ്കലേശ്വറിൽ നിന്നുമെത്തിയ രേഷ്മ, വിനയ് തന്നെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും ആ പണം കൊണ്ടാണ് ഇപ്പോഴത്തെ വിവാഹമെന്നും ആരോപിച്ചു. വിവാഹ വേദിയില്‍ സംഘർഷം മൂർച്ചിച്ചതോടെ വധു വിവാഹത്തില്‍ നിന്നും പിന്മാറി വേദിയില്‍ നിന്നുമിറങ്ങിപ്പോയി.

പ്രണയ വിവാഹം

വിനയ്യുമായി ഒമ്പത് വർഷത്തെ ദാമ്പത്യബന്ധമുണ്ടെന്ന് രേഷ്മ അവകാശപ്പെട്ടു. കോളേജിൽ ഒരുമിച്ച് പഠിച്ച അവർ 2022 മാർച്ച് 30 ന് ഒരു കോടതിയിൽ വച്ച് വിവാഹിതരായി. 2022 ഡിസംബർ 8 ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരു ആഡംബര വിവാഹവും നടത്തി. എന്നാല്‍, പിന്നീട് ഇരുവരുടെയും ബന്ധം തക‍ർന്നു. അതിന്‍റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇതിനിടെ തന്‍റെ ആഭരണങ്ങളും പണവുമായി വിനയ് ഓടിപ്പോവുകയായിരുന്നെന്നും ഇത് സംബന്ധിച്ച് വിനയ്ക്കെതിരെ ഒരു വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും രേഷ്മ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം നിയമപരമായി അസാധുവാണെന്ന് അറിയിച്ച പോലീസ് രേഷ്മയെയും വിനയ്‍യെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.