2023 മുതലാണ് ബോയിംങ് വിസില്‍ ബ്ലോവേഴ്സിന്‍റെ രംഗപ്രവേശനം. കമ്പനിയുടെ പല പണികളിലും കൃത്രിമംനടക്കുന്നുവെന്ന് ആരോപണം ഉയർന്നു. രണ്ട് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ആരോപണങ്ങൾ ഇന്നും അന്വേഷണമില്ലാത തുടരുന്നു. 

ഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്നതിന് പിന്നാലെ, ബിജെ മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിന് മുകളില്‍ തകർന്ന് വീണ എയര്‍ ഇന്ത്യയുടെ ബോയിംങ് 787-8 ഡ്രീംലൈനർ വിമാനം ചില പഴയ ആരോപണങ്ങള്‍ക്ക് കൂടി ബലം നല്‍കുന്നു. വർഷങ്ങൾക്ക് മുമ്പ് ഉയര്‍ന്ന ആരോപണങ്ങൾ ബോയിംങ് കമ്പനിക്കെതിരെയായിരുന്നു. ബോയിംങില്‍ ജോലി ചെയ്യുന്നവര്‍ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങൾ ശരിയായ രീതിയിലല്ല ന‍ടക്കുന്നതെന്നും കർശനമായ പരിശോധനകൾ ആവശ്യമാണെന്നും ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങൾ ഉന്നയിച്ചവരില്‍ പലരും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. വീണ്ടുമൊരു ആകാശ ദുരന്തത്തിന് മുന്നില്‍ നില്‍ക്കുമ്പോൾ പഴയ ആരോപണങ്ങൾ വീണ്ടും ചര്‍ച്ചയാകുന്നു.

എയർ ഇന്ത്യ, ബോയിംങ് വിമാന സര്‍വ്വീസ് ആരംഭിച്ച് 14 മാസത്തിനുള്ളില്‍ തന്നെ ഡ്രീംലൈനർ വിമാനങ്ങളില്‍ 136 ചെറിയ തകരാറുകളാണ് കണ്ടെത്തിയത്. ബോയിംങ് വിമാനങ്ങളുടെ തകരാറുകൾ പരിഹരിക്കാനുള്ള അധിക ചെലവുകൾക്കായി പ്രതി ദിവസം 1.43 കോടി രൂപ ചെലവഴിക്കുന്നെന്ന് ഏവിയേഷന്‍ മിനിസ്ട്രി തന്നെയാണ് അന്ന് രാജ്യസഭയില്‍ ഒരു ചോദ്യോത്തര വേളയില്‍ മറുപടിയായി പറഞ്ഞത്. 2015 -നും 2024 -നും ഇടയില്‍ എയര്‍ ഇന്ത്യയുടെ ബോയിംങ് വിമാനങ്ങളില്‍ ഗുരുതരമായ ഏതാണ്ട് 32 ഓളം പിഴവുകളാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് വിമാനങ്ങൾ അപകടങ്ങളില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll to load tweet…

ബോയിംങ് വിസില്‍ ബ്ലോവേഴ്സ്

ബോയിംങിനെതിരെ യുഎസിലും യൂറോപ്പിലും ആരോപണങ്ങൾ ശക്തമായ കാലത്താണ് 'If it's Boeing, I ain't going' എന്ന് വാക്കുകൾ സമൂഹ മാധ്യമങ്ങളില്‍ ഉയർന്നത്. ഭൂമിയുടെ ആകാശത്ത് ഏകാധിപത്യം പുലര്‍ത്തിയിരുന്ന ബോയിംങിന് അടിതെറ്റിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും. ബോയിംഗ് എഞ്ചിനീയർ സാം സാലെഹ്പൂർ, ബോയിംങില്‍ മൊത്തം 32 വര്‍ഷത്തെ സര്‍വ്വീസുള്ള 2010 മുതൽ ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്ന ജോൺ ബാർനെറ്റ്, സ്പിരിറ്റ് എയ്‌റോസിസ്റ്റംസിലെ മുൻ ക്വാളിറ്റി ഓഡിറ്റർ ഒഷുവ ഡീന്‍ (45), ഇങ്ങനെ ചിലര്‍ ബോയിംങിന്‍റെ പ്രവര്‍ത്തനത്തിലെ പാളിച്ചകൾ ചൂണ്ടി രംഗത്തെത്തിയതായിരുന്നു തുടക്കം.

ബോയിംങ് വിസിൽ ബ്ലോവറായ ജോണ്‍ ബാര്‍നെറ്റിനെ 2024 മാര്‍ച്ച് 9 ന് സ്വന്തം വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അത് ആത്മഹത്യയാണെന്ന പോലീസ് നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. പക്ഷേ. അദ്ദേഹം ബോയിംങിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഇന്നും നിലനില്‍ക്കുന്നു. 2010 മുതൽ ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ഈ പ്ലാന്‍റിാണ് ബോയിംഗ് തങ്ങളുടെ ദീർഘദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ 787 ഡ്രീംലൈനർ നിര്‍മ്മിക്കുന്നത്. ജോലി സ്ഥലത്തെ സമ്മർദ്ദം ഏറിയപ്പോള്‍ ചാൾസ്റ്റൺ പ്ലാന്‍റിലെ തൊഴിലാളികള്‍ വിമാനത്തില്‍ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ബോധപൂര്‍വ്വം ഘടിപ്പിച്ചെന്നായിരുന്നു ആരോപിച്ചത്. ഈ തട്ടിപ്പ് കണ്ടെത്തിയ ജോണ്‍, അത് വെളിപ്പെടുത്തി. ഗുണ നിലവാരം കുറഞ്ഞ ഉപകണങ്ങള്‍ കാരണം വിമാനത്തിലെ നാലിൽ ഒന്ന് ശ്വസന മാസ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോയിംഗ് ഈ ആരോപണം തള്ളി. ഇന്നും ഈ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണങ്ങൾ നടന്നിട്ടില്ല.

Scroll to load tweet…

കമ്പനിയുടെ കൻസാസിലെ വിച്ചിറ്റ പ്ലാന്‍റിലെ നിർമാണ തകരാറുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിച്ച, സ്പിരിറ്റ് എയ്‌റോസിസ്റ്റംസിലെ ക്വാളിറ്റി ഓഡിറ്ററായിരുന്ന ജോഷ്വ ഡീനിനെയും സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കമ്പനിയിലെ തട്ടിപ്പുകളെ കുറിച്ച് അറിയിച്ചതിന് 2023 ല്‍ തന്നെ കമ്പനി പുറത്താക്കിയെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതില്‍ അതീവ ശ്രദ്ധാലുമായ അദ്ദേഹം മരിക്കുമ്പോൾ രണ്ടാഴ്ചത്തെ ചികിത്സയിലായിരുന്നു എന്നാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍. പിന്നാലെ മെത്തിസിലിൻ-റെസിസ്റ്റന്‍റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് (Methicillin-Resistant Staphylococcus Aureus) അഥവാ എംആര്‍എസ്എ എന്നറിയപ്പെടുന്ന ഒരു ബാക്ടീരിയൽ അണുബാധയെ തുടര്‍ന്നാണ് ജോഷ്വ ഡീന്‍റെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോഷ്വയുടെ ആരോപണങ്ങളും അന്വേഷണമില്ലാതെ കിടന്നു.

Scroll to load tweet…

ബോയിംങ് 777, 787 ഡ്രീംലൈനർ ജെറ്റുകൾ നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ചില തട്ടിപ്പുകളെ ചൂണ്ടിക്കാട്ടിയാണ് 2024 -ൽ സാം സാലെഹ്പൂർ രംഗത്തെത്തിയത്. ഫ്യൂസ്ലേജിന്‍റെ വെവ്വേറെ നിർമ്മിച്ച ഭാഗങ്ങൾ യോജിപ്പിക്കുമ്പോൾ വിടവുകൾ നികത്താന്‍ ജീവനക്കാർ പരാജയപ്പെട്ടുവെന്നും, ഇത് വിമാനങ്ങളിൽ കൂടുതൽ തേയ്മാനം വരുത്തി ജെറ്റുകളുടെ ആയുസ്സ് കുറയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം കമ്പനിയില്‍ തൊഴിലാളികൾക്ക് നേരെ ചില മോശം പ്രവണതകൾ ഉയര്‍ന്നുവരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാം സാലെഹ്പൂരിന്‍റെ ആരോപണങ്ങൾ ഇന്നും ബോയിംങിന്‍റെ അന്വേഷണത്തിലാണ്. അപ്പോഴും ലോകമെങ്ങുമുള്ള ബോയിംങ് വിമാനങ്ങളില്‍ നിരവധി തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.