Asianet News MalayalamAsianet News Malayalam

ചെല്ലാനത്തിന് വേണ്ടത് തൊലിപ്പുറത്തെ ചികില്‍സയല്ല

ചെല്ലാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതും കേരളത്തിന്റെ ഇതര തീരദേശ മേഖലകളില്‍ സംഭവിക്കാന്‍ പോകുന്നതും. കെ എ ഷാജി എഴുതുന്നു

Chellanam needs comprehensive measures   analysis by KA Shaji
Author
Chellanam, First Published May 26, 2021, 4:28 PM IST

കപ്പല്‍ നിര്‍മ്മാണ ശാലയും ചുഴലിക്കാറ്റും മാത്രമല്ല എറണാകുളം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡ് വരെ അവര്‍ക്കു സമ്മാനിക്കുന്നത് അടിക്കടിയുള്ള കടലാക്രമണങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങളുടെയും ഇരകളാണ് ചെല്ലാനത്തെ സാധു മനുഷ്യര്‍. ഈ ദുരന്തങ്ങള്‍ ഒന്നും അവര്‍ ഉണ്ടാക്കിയതല്ല. അവരുടെ മേല്‍ അടിച്ചേല്‍പിക്കപെട്ടതാണ്. കപ്പല്‍ നിര്‍മാണ ശാലയും അവരുടെ വീടുകളെ അതിരിട്ടു പോകുന്ന കപ്പല്‍ ചാലും തീരദേശ റോഡും ഒന്നും അവര്‍ ആവശ്യപ്പെട്ടതായിരുന്നില്ല. അടിച്ചേല്പിക്കപ്പെട്ടതായിരുന്നു. 

 

Chellanam needs comprehensive measures   analysis by KA Shaji

Read more: മണിക്കൂറുകള്‍ക്കകം റോഡുകള്‍ കടലെടുത്തു, വീടുകള്‍ക്കുള്ളിലൂടെ കടല്‍വെള്ളം പാഞ്ഞിറങ്ങി! 
............................

 

ടൗട്ടെ ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത് കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചെല്ലാനത്തായിരുന്നു. എങ്കിലും രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും  ദുരന്തത്തിന്റെ രൂക്ഷത നിറഞ്ഞു നിന്ന ദിവസങ്ങളില്‍ അവിടം സന്ദര്‍ശിക്കുന്നതില്‍  നിന്നും പൊതുവില്‍ വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളോടും അവര്‍ നേരിടുന്ന അതികഠിനമായ പാരിസ്ഥിതിക ദുരന്തങ്ങളോടും ഏതെങ്കിലും തരത്തില്‍ അവഗണന തോന്നിയിട്ടായിരുന്നില്ല അത്. മറിച്ച് ഇരുപത്തിയൊന്ന് വാര്‍ഡുകളുള്ള ആ പഞ്ചായത്തില്‍ കോവിഡ് രണ്ടാം വരവ് കടലാക്രമണത്തിനൊപ്പം തിമിര്‍ത്താടുകയായിരുന്നു. അറുനൂറിലധികം കുടുംബങ്ങള്‍ കോവിഡ് ബാധിതരായ സമയത്താണ് ചുഴലിക്കാറ്റ് വീശിയടിക്കുകയും വീടുകള്‍ തകരുകയും മനുഷ്യര്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തത്.

ചുഴലിക്കാറ്റുകളില്‍ എല്ലാ തവണയും ഏറ്റവും കൂടുതല്‍ നാശം നേരിടുന്ന പ്രദേശമാണ് ചെല്ലാനം. സുനാമി മുതല്‍ ഓഖി വരെ ഇവിടെ മനുഷ്യ ജീവിതങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.  ചെല്ലാനത്ത് കടലാക്രമണങ്ങള്‍ പുതിയതല്ല. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിന്നുള്ള കപ്പല്‍ വഴി തീരുമാനിക്കുകയും കൃത്യമായ ഇടവേളകളില്‍ അതിലടിയുന്ന എക്കല്‍ നീക്കം ചെയ്ത് ആഴം കൂട്ടുന്ന പ്രക്രിയകള്‍ തുടങ്ങുകയും ചെയ്തത് മുതലാണ് കടലാക്രമണങ്ങള്‍ എന്ന് അവിടുത്തെ സാധാരണ മനുഷ്യര്‍ പറയും. 

അടിച്ചേല്‍പ്പിക്കപ്പെടുന്ന ദുരന്തങ്ങള്‍
കപ്പല്‍ നിര്‍മ്മാണ ശാലയും ചുഴലിക്കാറ്റും മാത്രമല്ല എറണാകുളം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡ് വരെ അവര്‍ക്കു സമ്മാനിക്കുന്നത് അടിക്കടിയുള്ള കടലാക്രമണങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങളുടെയും ഇരകളാണ് ചെല്ലാനത്തെ സാധു മനുഷ്യര്‍. ഈ ദുരന്തങ്ങള്‍ ഒന്നും അവര്‍ ഉണ്ടാക്കിയതല്ല. അവരുടെ മേല്‍ അടിച്ചേല്‍പിക്കപെട്ടതാണ്. കപ്പല്‍ നിര്‍മാണ ശാലയും അവരുടെ വീടുകളെ അതിരിട്ടു പോകുന്ന കപ്പല്‍ ചാലും തീരദേശ റോഡും ഒന്നും അവര്‍ ആവശ്യപ്പെട്ടതായിരുന്നില്ല. അടിച്ചേല്പിക്കപ്പെട്ടതായിരുന്നു. 

ഏറ്റവും ഒടുവിലത്തെ വാര്‍ത്ത പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചെല്ലാനം സന്ദര്‍ശിച്ചതും അതിനു  പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തര തീരരക്ഷക്കായി ചെല്ലാനത്തിനു രണ്ടു കോടി രൂപ അനുവദിച്ചതുമാണ്. നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍ എങ്ങനെയാണ് ഈ അടിയന്തിര തീരദേശരക്ഷ? ചെല്ലാനത്തെ സ്ഥിരം പ്രതിഭാസമായ കടലാക്രമണത്തിന് കാലാവസ്ഥാ മാറ്റത്തെപ്പോലെ തന്നെ ഉത്തരവാദികളായ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, അവിടുത്തെ ജനങ്ങള്‍ വേണമെങ്കില്‍ ഒഴിഞ്ഞു പോകട്ടെ എന്ന നിലപാടിലാണ്. പൊതുമേഖലാ സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തില്‍ പോലും അവിടുത്തെ ജനങ്ങള്‍ വരുന്നില്ല. മത്സ്യ തൊഴിലാളികളാണ്. പാവങ്ങളാണ്. അസംഘടിതരാണ്.


കണ്ണില്‍ ചോരയില്ലാത്ത തീരുമാനങ്ങള്‍
ചെല്ലാനത്ത് നിന്നും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തിലാണ് കേരളാ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റി. അവരോടു പുതിയ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്രയും നാള്‍ ആ യൂണിവേഴ്‌സിറ്റി എന്താണ് പേടിച്ചു കൊണ്ടിരുന്നത് എന്ന് അതിലെ ചുമതലക്കാരോട് ചെല്ലാനം നിവാസികളും മന്ത്രിയും ചോദിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മന്ത്രി പോലും നിലവില്‍ മൗനം പാലിക്കുന്നത് ചെല്ലണത്തിനു വേണ്ടിയുള്ള പുനര്‍ ഗേഹം പദ്ധതിയെ കുറിച്ചാണ്. തങ്ങളുടേത് അല്ലാത്ത തെറ്റിന് അവിടുത്തെ മത്സ്യ തൊഴിലാളികള്‍ തീരം വിട്ട് ഉപജീവനം നഷ്ടപ്പെടുത്തി സര്‍ക്കാര്‍ പറയുന്ന ഉള്‍പ്രദേശങ്ങളിലേക്ക് താമസം മാറണം എന്നാണ് ഈ പദ്ധതി പറയുന്നത്. തങ്ങളെ ഒഴിപ്പിച്ചു കൊണ്ടും ഉപജീവനം മുടക്കി കൊണ്ടുമുള്ള തീരസംരക്ഷണം വേണ്ട എന്നാണ് അവിടുത്തെ ജനങ്ങള്‍ പറയുന്നത്. 

കോടികള്‍ ചിലവഴിച്ചു നാളിതുവരെ നടത്തിയ കടല്‍ ഭിത്തി നിര്‍മ്മാണങ്ങളും ജിയോബാഗുകളും ചുഴലിക്കാറ്റ് കൊണ്ടുപോയി. അറബിക്കടലില്‍ ഇനി പ്രതിവര്‍ഷം നിരവധി ചുഴലിക്കാറ്റുകള്‍ പ്രതീക്ഷിക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. കടലില്‍ ചൂട് കൂടുകയാണ്. ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരങ്ങളാണ് ചെല്ലാനത്തിന് വേണ്ടതെന്ന് കേരളത്തിലെ ബിഷപ്പുമാരുടെ സംഘടന തന്നെ പറഞ്ഞു കഴിഞ്ഞു. പക്ഷെ അതെങ്ങനെ വേണം എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആക്കം കൂട്ടുന്ന മനുഷ്യ നിര്‍മ്മിത പാരിസ്ഥിതിക ദുരന്തങ്ങളെ അതിജീവിക്കാവുന്ന തീരസുരക്ഷയേ ചെല്ലാനത്തിനു മുന്നില്‍ ഉള്ളു. പരിഹാരങ്ങള്‍ വേഗം കണ്ടെത്തപ്പെടേണ്ടതുണ്ട്. 

കേരളത്തിന്റെ തീരപ്രദേശം മുഴുവന്‍ നിരവധി ചെല്ലാനങ്ങള്‍ രൂപപ്പെടുകയാണ്. തുറമുഖങ്ങളും കടല്‍ഭിത്തികളും അനധികൃത നിര്‍മ്മാണങ്ങളും ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലുകളും വിവേചന രഹിതമായ ടൂറിസവും എല്ലാമായി നിരവധിയായ ചെല്ലാനങ്ങള്‍. ആദിവാസികളെ പശ്ചിമ ഘട്ടത്തിലെ കാടുകളുടെ പരിസരങ്ങളില്‍ നിന്നെന്ന പോലെ മത്സ്യ തൊഴിലാളികളെ കടല്‍ തീരങ്ങളില്‍ നിന്നും ആട്ടിപ്പായിക്കുന്നു. അവര്‍ പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ ആവുന്നു. കാലാവസ്ഥാ വ്യതിയാന അഭയാര്‍ത്ഥികള്‍. 

മനുഷ്യനിര്‍മിത ദുരന്തം

കേരളത്തില്‍ ഏറ്റവും അധികം തീരശോഷണം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ചെല്ലാനം. ആകെ 17.5 കി.മി വിസ്തീര്‍ണ്ണമുള്ള ചെല്ലാനം പഞ്ചായത്തില്‍ 1.5 കി.മി പ്രദേശം ഈ കഴിഞ്ഞ ചുഴലിക്കാറ്റില്‍ മാത്രം കടലെടുത്തു പോയി.  ചെല്ലാനത്തെ സംബന്ധിച്ചിടത്തോളം ഈ കടലാക്രമണം അപ്രതീക്ഷിതമല്ല. ചുഴലിക്കാറ്റിനൊപ്പം വന്ന അപ്രതീക്ഷിതമായ ന്യൂനമര്‍ദ്ദം ചെല്ലാനം വര്‍ഷം തോറും പ്രതീക്ഷിച്ചിരുന്ന കടല്‍കയറ്റം കുറച്ചു നേരത്തെ എത്തിച്ചുവെന്ന് മാത്രമേയുള്ളൂ. വരാനിരിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇനിയും കടല്‍കയറ്റം നേരിടാനിരിക്കുകയാണ് ഇവിടുത്തെ തീരം. 

കേരളത്തിലെ കടല്‍ തീരം ഇന്ത്യയുടെ മൊത്തം തീരത്തിന്റെ പത്തു ശതമാനം വരും. ഏതാണ്ട് 590 കിലോമീറ്റര്‍ അത് നീണ്ടുകിടക്കുന്നു.  പശ്ചിമഘട്ട മലനിരകളിലെ മുഴുവന്‍ കരിങ്കല്ലുകളും എടുത്തു വച്ചാല്‍ ചെല്ലാനത്തും മറ്റിടങ്ങളിലും  കടലാക്രമണം തടയാമെന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും പറയുന്ന ഒരു സ്ഥിരം കാര്യമാണ്. എന്നാലിപ്പോള്‍ ജിയോട്യൂബ് കൊണ്ടു പോലും  പ്രശ്‌നപരിഹാരം സാധ്യമല്ലെന്നാണ് ചെല്ലാനം തെളിയിക്കുന്നത്. ആവര്‍ത്തിക്കുന്ന ചുഴലിക്കാറ്റുകളില്‍ കരിങ്കല്‍ ഭിത്തികള്‍ ഒഴുകിപ്പോകുമ്പോള്‍ മണല്‍ച്ചാക്കുകളുടെ കാര്യം പറയേണ്ട കാര്യമില്ല. പശ്ചിമഘട്ടം രൂപപ്പെടുത്തുന്ന കേരളത്തിന്റെ കിഴക്കു പ്രദേശം പോലെ തീരദേശ മേഖലയും കടുത്ത പാരിസ്ഥിതിക ദുരന്തങ്ങള്‍ നേരിടുകയാണ്. പക്ഷെ കേരളത്തിലെ പൊതു സമൂഹത്തിനു കുലുക്കമില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വങ്ങള്‍ വലിയ ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുന്നു. 

കേരളത്തിന്റെ തീരം സുരക്ഷിതമല്ല എന്ന് പറയുന്നവരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ ചെല്ലാനം പ്രത്യേകമായും കൊച്ചി തീരം മൊത്തത്തിലും  നേരിടുന്നത് മനുഷ്യ നിര്‍മ്മിത പാരിസ്ഥിതിക ദുരന്തമാണ് എന്നത് സംബന്ധിച്ചു മുഖ്യമന്ത്രി ഒന്നും പറയുന്നില്ല.  പുനര്‍ഗേഹമെന്ന സംസ്‌കൃതപ്പേരില്‍ കോളനികളൊരുക്കിക്കൊടുത്ത് പുനരധിവസിപ്പിക്കാമെന്ന വാഗ്ദാനമാണ്  മല്‍സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ നാളിതുവരെ വച്ചിട്ടുള്ളത്. അതിനു തലവെക്കില്ലെന്നും തങ്ങളുടെ ആവാസവ്യവസ്ഥയും  ജീവിതവും തൊഴിലും സംസ്‌കാരവും ഇഴുകിച്ചേര്‍ന്ന കടപ്പുറം വിട്ടൊരു കളിക്കും ഇല്ലെന്നുമാണ് ചെല്ലാനത്തെ ജനങ്ങള്‍ പറയുന്നത്. തങ്ങള്‍ ഒരുതരത്തിലും ഉത്തരവാദികള്‍ അല്ലാത്ത കടലാക്രമണങ്ങളുടെ പേരില്‍ ഒഴിയണമെന്ന ഭരണകൂട നിര്‍ദേശങ്ങളെ ഗൂഢാലോചനയായിക്കാണാനാണ് തീരവാസികള്‍ക്കിഷ്ടം. 

.......................................

Read more: കേരളമേ, ചെല്ലാനം ഇപ്പോഴും ബാക്കിയുണ്ട്, എല്ലാം കടലെടുത്ത കുറേ മനുഷ്യരും

Chellanam needs comprehensive measures   analysis by KA Shaji

 

തീരാത്ത ദുരിതങ്ങള്‍, അന്തമില്ലാത്ത ദുരന്തങ്ങള്‍

ശാസ്ത്രീയവും മനുഷ്യാഭിമുഖ്യം ഉള്ളതുമായ പരിഹാരങ്ങള്‍ തേടി 2019 മുതല്‍ ചെല്ലാനം ജനകീയവേദിയുടെ നേതൃത്വത്തില്‍ അവിടെ സമരങ്ങള്‍ നടക്കുകയാണ്. ജിയോ ട്യൂബ്, കടല്‍ഭിത്തി, മണല്‍ച്ചാക്ക്, പുലിമുട്ട് എന്നിവ ഒന്നും ശാശ്വതമായ പരിഹാരങ്ങള്‍ അല്ലെന്ന് അവര്‍ തിരിച്ചറിയുന്നു. പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിക്കുന്ന ഒരു പുതിയ തീരം സൃഷ്ടിക്കുക എന്നതാണ് നിര്‍ദേശിക്കപ്പെടുന്ന ഒരു പ്രധാന  പോംവഴി. കപ്പല്‍ ചാലുകള്‍ക്കായി ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്ന ചെളി മറ്റിടങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കാതെ ഇവിടെ പുതിയ തീരം സൃഷ്ടിക്കാന്‍ ഉപയോഗിക്കുകയും കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യുന്നത് കടല്‍ ക്ഷോഭത്തെ വലിയ അളവില്‍  തടുക്കാന്‍ ആകുമെന്ന പഠനങ്ങളുണ്ട്. ചെല്ലാനം പോലെ തന്നെ വൈപ്പിനിലും കടലാക്രമണമുണ്ട്. പക്ഷേ, ഭാഗ്യവശാല്‍ അതെപ്പോഴും ചെല്ലാനത്തെപ്പോലെ ഭീകരമാവാറില്ല. വൈപ്പിനിലെ നിരവധി വലുതും ചെറുതുമായ തോടുകളും കലുങ്കുകളും കായലുമെല്ലാം വേലിയേറ്റ-ഇറക്ക വ്യവഹാരങ്ങളുടെ പ്രകൃതി സന്തുലിതത്വത്തെ വല്ലാതെ ലംഘിക്കുന്നില്ല.  പ്രകൃതിയുടെ സംവിധാനങ്ങളെ  നാം അട്ടിമറിക്കുന്നതാണ് ദുരന്തങ്ങളുടെ ഹേതു. കടലും കരയും തിരയും കാറ്റും മഴയുമൊക്കെച്ചേര്‍ന്ന പ്രകൃതിയാണ് മനുഷ്യനിര്‍മ്മിതമായ ഏതിനേയും അതിശയിപ്പിക്കുന്നതും അതിജയിക്കുന്നതും. 

മുംബൈയില്‍ മണ്‍സൂണ്‍ വോര്‍ട്ടെക്‌സ് എന്ന പ്രതിഭാസം ഉണ്ടായത് 2005 ജൂലൈ 27-ന് ആയിരുന്നു. അന്ന് ഒറ്റ ദിവസം പെയ്ത മഴയുടെ അളവ് 944.2 മില്ലിമീറ്റര്‍ ആയിരുന്നു. അതുപോലെയൊന്ന് ഇവിടെ സംഭവിക്കുകയും വേമ്പനാട് കായലില്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്താല്‍ ചെല്ലാനത്തിന്റെ വിധി വന്‍ദുരന്തമായിരിക്കും എന്ന് വിദഗ്ദര്‍ പറയുന്നു.  

ഈ സംഭവങ്ങളില്‍ സര്‍ക്കാരുകളുടെയും കപ്പല്‍ നിര്‍മ്മാണ ശാലയുടെയും അനാസ്ഥയുണ്ട്. തീരശോഷണമാണ് കടല്‍കയറ്റത്തിന് പ്രധാന കാരണം. കപ്പല്‍ ചാലിന്റെ സാന്നിധ്യമാണ് തീരശോഷണത്തിനു പ്രധാന കാരണം എന്ന് വിദഗ്ദര്‍ പറഞ്ഞിട്ടും കൊച്ചിന്‍ പോര്‍ട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഈ വസ്തുത അംഗീകരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇപ്പോഴും തയ്യാറല്ല. 

ഈ അവഗണനയും ശാസ്ത്രീയ പരിഹാരങ്ങളുടെ അഭാവവും ചെല്ലാനം തീരത്തെ ജനങ്ങളെ  കടുത്ത ദുരന്തമുഖത്തേക്കു തള്ളിയിട്ടിരിക്കുകയാണ്. എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന കടലാക്രമണങ്ങളില്‍ പതറുകയാണ് ഈ തീരദേശ ജനത. ചുഴലിക്കാറ്റ് ഒരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത്  കടല്‍കയറ്റം അതിരൂക്ഷമായിരിക്കും. വരാനിരിക്കുന്ന ചുഴലികള്‍ വേറെ.

ഉറങ്ങി എണീക്കുമ്പോള്‍ വീടു കാണാത്തവര്‍

ദുരിതമെന്നാല്‍ ചെല്ലാനത്തുകാരനായിരിക്കുക എന്നതാണ്. പ്രത്യേകിച്ചും മഴക്കാലത്ത് റോഡിന് പടിഞ്ഞാറു വശം കടലിനോടടുത്ത് താമസിക്കുന്നവര്‍. ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങള്‍ രാവിലെ ഉണര്‍ന്ന് കട്ടിലില്‍ നിന്ന് തറയില്‍ കാല്‍വയ്ക്കുമ്പോള്‍ രാത്രിപ്പെയ്ത്തിന്റെയും കടലേറ്റത്തിന്റെയും തണുത്ത ജലമാണ് വീടുകളില്‍ ഉണ്ടാവുക. ഉറങ്ങി എണീക്കുമ്പോള്‍ വീട് കാണാത്ത നിരവധി മനുഷ്യര്‍ ഉണ്ടവിടെ.  വായില്‍ ഉപ്പ് രസം രുചിച്ചെണീക്കുന്നവര്‍. സര്‍ട്ടിഫിക്കറ്റും പുസ്തകവും റേഷന്‍കാര്‍ഡും നനഞ്ഞു കുതിര്‍ന്നു ജീവിതം കൈവിട്ടുപോയവര്‍. നൂറുകണക്കിന് വീടുകളാണ് ഇക്കുറി കടല്‍കയറി തകര്‍ന്നത്. ഒരുപാട് പേരുടെ അധ്വാനവും സ്വപ്നങ്ങളുമാണ് കടല്‍ എടുത്തത്. 

ഒരിക്കല്‍ ചെല്ലാനം പ്രശാന്ത സുന്ദരമായിരുന്നു. ചെമ്മീന്‍കെട്ടുകളും  പൊക്കാളിപ്പാടങ്ങളും കായല്‍ നിലങ്ങളും നിറഞ്ഞ തീരദേശ ഗ്രാമം.  കരിമീനും കൊഞ്ചും നിറഞ്ഞ  വേമ്പനാട്ടു കായല്‍ ഒരുവശത്ത് അതിരിടുന്നു . മഴക്കാലത്ത് നിറഞ്ഞുകവിയുന്ന വേമ്പനാട്ടുകയലില്‍ നിന്ന് അധികമുള്ള ഉപരിജലം ചെല്ലാനത്തിന്റെ വിസ്തൃതിയിലൂടെ അറബിക്കടലിലേക്ക്. നിരന്തരം തിരയടിക്കുന്ന തീരത്തിന് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനാവശ്യമായ സെഡിമെന്റ്‌സ് നല്‍കിയിരുന്നത്  ചെല്ലാനത്തെ പശിമയുള്ള മണ്ണ് തഴുകി വരുന്ന വേമ്പനാട് കായലിലെ വെള്ളമായിരുന്നു.  കുറുകെ വന്ന റോഡ് പരിസ്ഥിതിയുടെ പ്രകൃത്യാല്‍ ഉള്ള പരസ്പര്യങ്ങള്‍ ഇല്ലാതാക്കി.  മണ്ണൊലിപ്പും കടലാക്രമണവും ഇവിടെ പതിവായി. ഓരോ മഴക്കാലത്തും കടലില്‍ കല്ലിടുന്ന കരാറുപണി മാത്രം തുടര്‍ച്ചയായി നടന്നു. കടലില്‍ കല്ലിടുന്നത് പോലെയുള്ള തൊലിപ്പുറത്തെ  ചികില്‍സയല്ലാ ചെല്ലാനത്തിന് വേണ്ടത്.

വേണ്ടത് സമഗ്ര പരിഹാരം

കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല കപ്പല്‍ച്ചാലില്‍ നിന്നും ഒരുവര്‍ഷം ശരാശരി 20 മില്യണ്‍ മെട്രിക് ക്യൂബ് എക്കല്‍ നീക്കം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഈ എക്കല്‍ ഇരുപത് കിലോമീറ്ററില്‍ അധികം അകലെ പുറംകടലില്‍ കൊണ്ട് പോയി നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ എക്കല്‍ ചെല്ലാനം-കൊച്ചി തീരത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കണം എന്നാണ് ചെല്ലാനം തീരജനതയുടെ പ്രധാന ആവശ്യം. ഈ തീരത്തെ കടുത്ത തീരശോഷണത്തിനു കാരണക്കാര്‍ എന്ന നിലയില്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലക്കും തുറമുഖത്തിനും  ഈ തീരം സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്തം ഒരിക്കലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. മാത്രമല്ല ഇപ്പോള്‍ പുറംകടലില്‍ വെറുതെ കൊണ്ട് പോയി കളയുന്ന എക്കല്‍ ശുദ്ധീകരിച്ച് നിര്‍മ്മാണ മേഖലക്ക് വിറ്റു കാശാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. മാറ്റങ്ങള്‍ ഉണ്ടായേ പറ്റൂ.

Follow Us:
Download App:
  • android
  • ios