Asianet News MalayalamAsianet News Malayalam

ഗ്രീസിലേയും ബാലസോറിലെയും ട്രെയിന്‍ അപകടങ്ങള്‍; ഭരണകൂട അവഗണനയില്‍ ദുരന്തങ്ങള്‍ക്ക് ഏകമുഖം !

‘ഞങ്ങൾ മറക്കില്ല, ഞങ്ങൾ പൊറുക്കില്ല, ഞങ്ങളുറപ്പായും മരിച്ചവരുടെ ശബ്ദമാവും.’എന്നെഴുതിയ പ്ലേക്കാർഡുകള്‍ അൻപതോളം നഗരങ്ങൾ കീഴടക്കി. കൃത്യവിലോപത്തിന് സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ഗ്രസ് നടപടിയെടുത്തു, മന്ത്രി രാജിവച്ചു. സഹായധനവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു. 

Coincidence in the Greece and Balasore train accidents bkg
Author
First Published Jun 5, 2023, 2:09 PM IST


ന്ത്യയൊന്നാകെ കണ്ണീരിലമര്‍ന്ന മണിക്കൂറുകളാണ് കടന്നുപോയത്. നിശ്ചയിച്ച ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ പൊലിഞ്ഞ് പോയത് 275 ജീവനുകൾ. മരണ സംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. സിഗ്നൽ സംവിധാനത്തിലെ തകരാറുകളാണ് അപകടകാരണമായതെന്ന് പ്രഥമിക വിലയിരുത്തല്‍. ഇതിന് സമാനമായ അപകടമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചാം തീയ്യതി ഗ്രീസിലും അരങ്ങേറിയത്. പല സാമ്യതകളാൽ ഗ്രീസിലെ ലാറിസയില്‍ നിന്നും ഒഡിഷയിലെ ബാലസോറിലേക്ക് ഒരു ചൂളം വിളിയുടെ ദൂരമേയുള്ളൂയെന്ന് അറിയുക. 

ഏഥന്‍സിൽ നിന്നും രാത്രി 7.22 ന് പുറപ്പെട്ട് വടക്കൻ സിറ്റിയായ തെസ്സനലിക്കിയിലേക്ക് പോവുകയായിരുന്നു ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ. 376 കിലോ മീറ്ററുകള്‍ക്കപ്പുറത്ത്, അർദ്ധ രാത്രിയോടടുത്താണ് അപകടം നടക്കുന്നത്. ലാറിസ നഗര കേന്ദ്രത്തിന്‍റെ പ്രാന്തപ്രദേശത്ത് വെച്ച്, ഷിപ്പിംഗ് കണ്ടെയ്നറുമായെത്തിയ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിമിഷ നേരങ്ങള്‍ കൊണ്ട് ബോഗികളിലേക്ക് തീപടർന്നു. മണിക്കൂറില്‍ 130 കിലോമീറ്റ‍ർ വേഗതയിൽ കുതിച്ചെത്തിയ കോറമണ്ഡൽ എക്സ്പ്രസ് ബാലസോ‌റിൽ നിന്നും 28 കിലോമീറ്റര്‍ അകലെ ബഹനഗ സ്റ്റേഷന്‍റെ സമീപമുള്ള ലൂപ് ട്രാക്കിൽ നിർത്തിയിട്ട ഒരു ഗുഡ്സ് ട്രെയിനിലേക്കാണ് ഇടിച്ചുകയറിയത്. സിഗ്നലിൽ സംഭവിച്ച പിഴവ് തന്നെ ഇവിടെയും വില്ലൻ. എതിര്‍ദിശയിൽ പാഞ്ഞെത്തിയ യശ്വന്ത്പുര ഹൗറ എക്സ്പ്രസും അപകടത്തിൽപ്പെട്ടതോടെ ആഘാതം ഇരട്ടിയായി.

Coincidence in the Greece and Balasore train accidents bkg

(കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രീസില്‍ നടന്ന ട്രെയിന്‍ അപകടത്തിന്‍റെ ചിത്രം, ഗെറ്റിയില്‍ നിന്ന്.)

ഒഡിഷ ട്രെയിന്‍ ദുരന്തം; വരാനുള്ളത് മണ്‍സൂണ്‍ കാലം... നിസ്സഹായരായി അലിസേട്ടിനെ പോലെ ആയിരങ്ങള്‍

ഗ്രീസിൽ അപകടത്തിൽപ്പെട്ടവരിൽ ഭൂരിപക്ഷവും അവധി കഴിഞ്ഞ് സർവകലാശാലകളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളായിരുന്നു. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ എരിഞ്ഞടങ്ങിയത് 57 ജീവനുകൾ.. നൂറോളം മനുഷ്യർക്ക് സാരമായ പരുക്കുകൾ. DNA പരിശോധനയിലൂടെയും ലഭ്യമായ ശരീര ഭാഗങ്ങള്‍ വച്ചുമാണ് ബന്ധുക്കള്‍ തങ്ങളുടെ ഉള്ളവരെ തിരിച്ചറിഞ്ഞത്. ബാലസോർ ദുരന്തബാധിതരിൽ ഭൂരിപക്ഷവും അതിഥി തൊഴിലാളികൾ. ആയിരത്തോളം മനുഷ്യർക്ക് സാരമായ പരുക്കുകള്‍. തിരിച്ചറിയാനാവാത്ത വിധം ചിതറിപോയ ശരീരങ്ങള്‍, ബന്ധുക്കള്‍ക്ക് വിട്ടുനൽകുന്നതും ഡിഎന്‍എ പരിശോധന പ്രകാരം തിരിച്ചറിഞ്ഞ ശേഷം. 

ഗ്രീസിൽ പൊതുവെ സിഗ്നലുകളെ അവഗണിക്കുന്ന റെയിൽവേ സംസ്ക്കാരം നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ബാക്കി പത്രമായി, ചുവപ്പ് സിഗ്നലിലും മുന്നോട്ട് പോകാമെന്ന, സ്റ്റേഷൻ മാസ്റ്ററുടെ അലസ നിർദേശം അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നു. ഏഥൻസിനും തെസ്സനലിക്കിയ്ക്കും ഇടയിലുളള റെയിൽവേ ലൈൻ അപകടസാധ്യതയെക്കുറിച്ച് കാലങ്ങളായി മുന്നറിയിപ്പുണ്ടായിരുന്നെന്ന് ഗ്രീസിലെ ട്രെയിൻ യൂണിയനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബഹനഗ സ്റ്റേഷൻ ഉള്‍പ്പെട്ട സൗത്ത് ഈസ്റ്റേണ്‍ റെയിൽവേയും ഏത് നിമിഷവും വലിയ ദുരന്തത്തിന് സാക്ഷിയായേക്കാമെന്ന് ദീർഘനാളായി വിദഗ്ദർ അഭിപ്രായപ്പെടുന്നു. എന്നാൽ കഴിഞ്ഞ ഒരു ദശകമായിട്ടും പ്രസക്തമായ യാതൊരു പുരോഗതിയും ഈ ഭാഗത്തുണ്ടായിട്ടില്ലെന്നതിന്‍റെ ബാക്കിയാണ് തകര്‍ന്നുപോയ കോറമണ്ഡല്‍ എക്സ്പ്രസ്. 

Coincidence in the Greece and Balasore train accidents bkg

(ഒഡിഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തിന്‍റെ ചിത്രം)

ലാറിസ്സയിലെ ദുരന്തം ഗ്രീക്ക് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം 30,000 ലധികം ജനങ്ങള്‍ ഏഥൻസിലും 20,000 ലധികം പേർ തെസ്സനലിക്കിയിലും ഭരണകൂടത്തിനെതിരെ തെരുവിലറങ്ങി പ്രതിഷേധിച്ചു. ‘ഞങ്ങൾ മറക്കില്ല, ഞങ്ങൾ പൊറുക്കില്ല, ഞങ്ങളുറപ്പായും മരിച്ചവരുടെ ശബ്ദമാവും.’എന്നെഴുതിയ പ്ലേക്കാർഡുകള്‍ അൻപതോളം നഗരങ്ങൾ കീഴടക്കി. കൃത്യവിലോപത്തിന് സ്റ്റേഷൻ മാസ്റ്റർക്ക് നേരെ നടപടിയെടുത്ത ഗ്രീക്ക് ഗവണ്‍മെന്‍റ് സഹായധനവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗതമന്ത്രി കൊസ്താസ് കരമൻലിസ് രാജിവച്ചു. പിന്നാലെ തുടർഭരണം പ്രവചിച്ചിരുന്ന ഗ്രീസിലെ എക്സിറ്റ് പോള്‍ ഫലങ്ങളിൽ അൻപത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഒഡിഷയിലെ ദുരന്തപശ്ചാത്തലത്തിൽ റെയിൽവെ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നു. എന്നാൽ ഒരു സിബിഐ അന്വേഷണം മാത്രമാണ് ഭരണകൂടം പ്രഖ്യാപിച്ചത്.  

‘ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാനാകില്ല’; റെയിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ഗാന്ധി

Follow Us:
Download App:
  • android
  • ios