സംഗീത വഴിയില്‍ പാരമ്പര്യങ്ങളൊന്നും അവകാശപ്പെടാനില്ല. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി വരികളെഴുതി, സംഗീതം നല്‍കി, പാടി. തിരക്കേറിയ ഹൃദയരോഗ നിര്‍ണ്ണയത്തിനിടെയിലും സംഗീതത്തിന്‍റെ കൈവിടാതെ ഒരു ഡോക്ടർ.
കേരളത്തിലെ ആശുപത്രികളിൽ വൈദ്യശാസ്ത്ര മികവിന്‍റെ പേരിൽ അറിയപ്പെടുന്ന ഡോക്ടർമാർ ഏറെയുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ കലാഹൃദയമുള്ളവർ അപൂർവമായിരിക്കും. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയുടെ കാർഡിയോളജി വിഭാഗത്തിലെ ഡോ. സന്ദീപ് ആർ (44) വ്യത്യസ്തനാകുന്നത് അവിടെയാണ്. ഏറെ തിരക്കുകളുള്ള ഒരു ഇന്‍റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് അദ്ദേഹം. തമിഴ്‌നാട്ടിൽ നിന്ന് എംബിബിഎസും കർണാടകയിൽ നിന്ന് എംഡിയും പൂർത്തിയാക്കി. 2015 -ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കാർഡിയോളജിയിൽ ഡോക്ടർ ഓഫ് മെഡിസിനും നേടി. ഇപ്പോൾ ആലുവയിൽ സ്ഥിര താമസം. ഇതിനിടയിൽ സ്വതന്ത്ര സംഗീതം, സിനിമാ ഗാനം, ലളിത ഗാനം, ഭക്തി ഗാനം, കവർ സോങ്ങുകൾ എന്നിവ ഉൾപ്പെടെ പത്തോളം ഗാനങ്ങൾ അണിയിച്ചൊരുക്കി. സ്പോട്ടിഫൈയിലും യൂട്യുബിലും ലക്ഷക്കണക്കിന് പ്രേക്ഷകർ ഇന്ന് ഡോക്ടർക്കുണ്ട്. കൂടാതെ പ്രമുഖ ന്യൂസ് ചാനലുകളിലും റേഡിയോ സ്റ്റേഷനുകളിലുമുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഡോക്ടറുടെ കൈയൊപ്പ് പതിഞ്ഞവയാണ്. വരൂ, ഒരു കാർഡിയോളജിസ്റ്റിന്‍റെ ഹൃദയത്തിനുള്ളിൽ വേരുപിടിച്ച സംഗീതം കേൾക്കാം.
ഡോ. സന്ദീപിന്‍റെ കുട്ടിക്കാലവും സ്‌കൂൾ പഠനവും ഗൾഫിലായിരുന്നു. അഞ്ചാം ക്ലാസിന് ശേഷമാണ് മലയാളം പഠിച്ച് തുടങ്ങിയത്. ചെറുപ്പത്തിൽ മാതാപിതാക്കളുടെ നിർബന്ധം കാരണം കർണാടിക്കും ഈസ്റ്റേൺ സ്റ്റൈലിലുള്ള കീബോർഡും പഠിച്ചു. ഏതാണ്ട് മൂന്ന് വർഷത്തെ സംഗീത പഠനം അവസാനിച്ചു. പിന്നെ എംബിബിഎസിന് കോളേജിൽ ചേർന്ന ശേഷമാണ് ആ കഴിവുകൾ വീണ്ടും പൊടിതട്ടിയെടുത്തത്. തമിഴ്‌നാട്ടിലെ രാജ മുത്തയ്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠനത്തിൽ മൂന്ന് ഡിസ്റ്റിങ്ഷനുകൾ വാങ്ങി മികവ് തെളിയിച്ചതിന് സമ്മാനമായി അച്ഛൻ ഒരു പ്രൊഫഷണൽ കീബോർഡ് സമ്മാനിച്ചു. ട്രാക്കുകൾ നിർമ്മിച്ച് റെക്കോർഡ് ചെയ്ത് കേൾക്കാൻ കഴിയുന്ന കീബോർഡായിരുന്നു അത്. അതൊരു വഴിത്തിരിവും പ്രചോദനവുമായി മാറി. മറ്റുള്ളവരുടെ പാട്ടുകൾ ഏറ്റുപാടുന്നതിനേക്കാൾ, സ്വന്തമായി പാട്ടുകൾ നിർമ്മിച്ച് മറ്റുള്ളവരെ കൊണ്ട് പാടിക്കുന്നതിലാണ് താൻ ഏറെ സന്തോഷം കണ്ടെത്തുന്നതെന്ന് ഡോ. സന്ദീപ് ആർ പറയുന്നു.

സ്വന്തമായി സംഗീതം കമ്പോസ് ചെയ്യുന്നതില്‍ കീബോർഡ് ഏറെ സഹായിച്ചു. നിരന്തരം പല പരീക്ഷണങ്ങളും നടത്തി. ആ അന്വേഷണങ്ങൾ മെഡിസിൻ പഠനകാലത്ത് തന്നെ സഹപാഠികളോടൊപ്പം ഒരു സ്വതന്ത്ര സംഗീത ബാൻഡ് തുടങ്ങാന്‍ കാരണമായി. എസൻഷ്യൽ ആൾട്ടർനേറ്റീവ് 24/7 എന്നായിരുന്നു പേര്. ഒറിജിനൽ ട്രാക്കുകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും കോളേജ് പരിപാടികളിൽ അത്യാവശ്യം നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. കീബോർഡ് സ്വയം പഠിച്ചെടുത്ത ഒന്നായത് കൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം മാത്രമുണ്ടായില്ല.
ആദ്യ പാട്ട്
കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനകാലത്തായിരുന്നു ആദ്യത്തെ പാട്ട് റിലീസ് ചെയ്യുന്നത്. അതൊരു ഓണപ്പാട്ടായിരുന്നു. 'ഓണം പൊൻതിരുവോണം' എന്ന ആ പാട്ട് യൂട്യൂബിൽ വൻ ഹിറ്റായി. ഇന്നും ഓണക്കാലത്ത് ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ഈ പാട്ട് തരംഗമാകാറുണ്ടന്ന് ഡോ. സന്ദീപ് പറയുന്നു. ആ പാട്ടിന് ഇപ്പോൾ യൂട്യൂബിൽ 25 ലക്ഷം കാഴ്ചക്കാരുണ്ട്. ഓരോ ഓണക്കാലത്തും പാട്ടിന് കാഴ്ചക്കാർ കൂടിവരുന്നു. സുഹൃത്തായിരുന്ന ഉണ്ണികൃഷ്ണൻ എന്ന ഗായകന്‍റെ സഹായത്തോടെയാണ് 'ഓണം പൊൻതിരുവോണം' എന്ന പാട്ട് പൂർത്തിയാക്കിയത്. പിന്നീട് മദർസ് ഡേക്ക് 'തായ് അവൾ' എന്നൊരു പാട്ടും പുറത്തിറക്കി. ആ പാട്ട് സാക്ഷാൽ എസ്.പി. ബാലസുബ്രമണ്യത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെയെത്തി അഭിനന്ദനം. അക്കാലത്ത് കുറെയേറെ കവർ സോങ്ങുകളും ഡോ സന്ദീപ് ആർ ചിട്ടപ്പെടുത്തി.
സംഗീത യാത്രയുടെ തുടക്കത്തിൽ കൂടെ തണലായും കരുത്തായും നിന്ന ഉണ്ണികൃഷ്ണന്‍റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കുറെയേറെ നാൾ ഡോ. സന്ദീപ് സംഗീതത്തിൽ നിന്ന് മാറിനിന്നു. ഏറെനാളുകൾക്ക് ശേഷം ചില സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പതിയെപ്പതിയെ ഒറ്റയ്ക്ക് ചില ചുവടുകൾ വെച്ചു തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിന്‍റെതായി പത്തിലേറെ പാട്ടുകൾ യൂട്യുബിലും സ്പോട്ടിഫൈയിലും ലഭ്യമാണ്. സഹൃദയരായ മറ്റ് ഡോക്ടർമാരെ കൊണ്ട് പാടിച്ചും അഭിനയിപ്പിച്ചും പാട്ടുകൾ പുറത്തിറക്കി. ചില ഡോക്ടർമാരെക്കൊണ്ടും സന്ദീപ് പാട്ടെഴുത്തിക്കും. പഴയകാല സംഗീതജ്ഞരെ പോലെ വരികളെ സംഗീതമാക്കി മാറ്റുന്ന രീതിയാണ് താൻ പിന്തുടരുന്നത് എന്ന് ഡോ. സന്ദീപ് ആർ പറയുന്നു. സംഗീതത്തിനനുസരിച്ച് വരികൾ ചിട്ടപ്പെടുത്തേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

പാട്ടുമായി പറന്ന്
കോവിഡ് കാലത്ത് നടൻ ധീരജ് ഡെന്നി അഭിനയിച്ച 'അതിജീവനം' എന്ന പാട്ട് ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് ഒരു മ്യൂസിക്കൽ ഷോർട്ട് ഫിലിം എന്ന പരീക്ഷണവും നടത്തി. ജ്യോത്സ്‌ന, ഉണ്ണി മേനോൻ, അരവിന്ദ് വേണുഗോപാൽ, മധു ബാലകൃഷ്ണൻ എന്നിങ്ങനെ പ്രശസ്ത ഗായകരുടെ ഒരു നീണ്ടനിര തന്നെ ഡോ. സന്ദീപിന്‍റെ പാട്ടുകൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. സുഹൃത്തുക്കളായ ഡോക്ടർമാരും പാട്ടുകൾ പാടിയിട്ടുണ്ട്. രചന നാരായണൻകുട്ടിയുടെ നൃത്തപ്രകടനത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ സംഗീതം ഏറെ അഭിനന്ദനം നേടി. ഓൾ ഇന്ത്യ റേഡിയോക്ക് വേണ്ടി മൂന്ന് ലളിതഗാനങ്ങളും ഡോ. സന്ദീപ് തയാറാക്കി നൽകി. ഇടയ്ക്ക് ഒരു സിനിമക്ക് വേണ്ടിയും ഒരു ഗാനം ചിട്ടപ്പെടുത്തി. പുറത്തിറങ്ങാതെ പോയ ആ ചിത്രം ഇപ്പോൾ ഒടിടി റിലീസിനുള്ള കാത്തിരിപ്പിലാണ്.
'മൗനരാഗം' എന്ന പേരിൽ സിത്താരയും വിജീഷ് ഗോപാലും പാടിയ ഒരു പാട്ടിന്‍റെ അണിയറ ജോലികളിലാണ് ഡോ. സന്ദീപ് ഇപ്പോൾ. എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഒപ്പം ചെറിയൊരു ടീം ഉണ്ടെന്നതാണ് ധൈര്യം. പുതിയ ട്യൂണുകളും ആശയങ്ങളും അവിചാരിതമായി മനസ്സിലെത്തുമ്പോൾ അത് ഉടൻ തന്നെ വാട്സ്ആപ്പിൽ റെക്കോർഡ് ചെയ്ത് തന്‍റെ ടീമിന് അയച്ച് കൊടുക്കും. ബാക്കി അവർ നോക്കിക്കൊള്ളും. ആശുപത്രിയിലെ തിരക്കുകൾക്കിടയിലും പാട്ടിനെയും കൂടെ കൂട്ടുന്നത് അത്ര എളുപ്പമല്ല. പലപ്പോഴും ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുൻപ് രാവിലെ സ്റ്റുഡിയോയിലെത്തി ചില കാര്യങ്ങൾ ചെയ്യേണ്ടി വരും. അവധിദിവസങ്ങൾ പൂർണമായും പാട്ടിന് വേണ്ടി മാറ്റിവെയ്‌ക്കേണ്ടിയും വരാറുണ്ട്.
സ്വതന്ത്ര്യ സംഗീതം
സ്വതന്ത്ര്യ സംഗീതത്തിന് കേരളത്തിൽ ഇപ്പോൾ വലിയ പ്രചാരമോ പ്രോത്സാഹനമോ കിട്ടുന്നില്ലെന്നതാണ് ഡോ. സന്ദീപിനെ പോലെയുള്ള കലാകാരൻമാർ നേരിടുന്ന പ്രധാന പ്രശ്നം. സിനിമാ പാട്ടുകളാണ് ഇപ്പോൾ കൂടുതൽ ജനകീയമാകുന്നത്. റേഡിയോകൾ പോലും ഇൻഡിപെൻഡന്‍റ് മ്യൂസിക്ക് ഏറ്റെടുക്കാൻ മടി കാണിക്കുന്നു. ഒരു ഹിന്ദി പാട്ടിന്‍റെ ജോലികൾ പുരോഗമിക്കുകയാണെന്നും ഭാവിയിൽ കൂടുതൽ സിനിമകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും ഡോ. സന്ദീപ് കൂട്ടിച്ചേര്‍ക്കുന്നു. ഡോക്ടറുടെ രണ്ട് മക്കളും ഇന്ന് അച്ഛന്‍റെ വഴിയേയാണ്. പക്ഷേ. അവരുടെ പാട്ട് പഠനം ഒരു അടിച്ചേൽപ്പിക്കലല്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിനും തിരക്കേറിയ കരിയറിനും ഇടയിലൊരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പാട്ടിന് കഴിയുമെന്ന തിരിച്ചറിവിൽ നിന്നാണ് ആ ഉദ്യമമെന്നും സന്ദീപ് പറഞ്ഞുവയ്ക്കുന്നു.
