Asianet News MalayalamAsianet News Malayalam

അപ്പോൾ, ഭൂമിയിൽ ജീവൻ ഉണ്ടായതെങ്ങനെയാണ്?

ജീവ തന്മാത്രകൾ ഉണ്ടായതിനെപ്പറ്റിയുള്ള വളരെ വലിയ ഒരു ധാരണയാണ് ഈ കണ്ടുപിടിത്തത്തോടെ ഊട്ടി ഉറപ്പിച്ചിരിക്കുന്നത്. അതായത് ബയോളജിക്കും മുമ്പേ കെമിസ്ട്രിയാണ് ജീവൻ തുടങ്ങാൻ കാരണം!

dr suresh c pillai writing on creating synthetic life
Author
Thiruvananthapuram, First Published May 20, 2019, 3:01 PM IST

കഴിഞ്ഞ ആഴ്ച വരെ മനുഷ്യന് ജീവൻ ഉണ്ടാക്കാൻ പറ്റുമോ എന്നുള്ളത് ഒരു കെട്ടുകഥ ആയിരുന്നു. എന്നാൽ, കേംബ്രിഡ്ജിൽ ഉള്ള മെഡിക്കൽ റിസർച്ച് കൗൺസിൽ ലബോറട്ടറി ഓഫ് മോളിക്യൂലാർ ബയോളജിയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ ബുധനാഴ്ച  ഇ. കോളി (Escherichia coli) ബാക്റ്റീരിയയുടെ ജനിതക ഘടന പൂർണ്ണമായും ലാബിൽ നിർമ്മിച്ചതായി ലോകത്തെ അറിയിച്ചു.

dr suresh c pillai writing on creating synthetic life

ഈ പഠനത്തിന്റെ വിശദാംശങ്ങൾ ഈ ആഴ്ചത്തെ 'നേച്ചർ' എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Total synthesis of Escherichia coli with a recoded genome (2019 May, DOI 10.1038/s41586-019-1192-5). അമിനോ ആസിഡുകൾ ഉണ്ടാക്കാം, പ്രോട്ടീനുകൾ ഉണ്ടാക്കാം, ജീവകോശങ്ങളിൽ നിന്ന് ക്ലോണുകൾ ഉണ്ടാക്കാം എന്നൊക്ക നേരത്തെ കണ്ടെത്തിയിരുന്നല്ലോ. ജീവൻ മാത്രം ലാബിൽ ഉണ്ടാക്കാൻ മനുഷ്യന് കഴിഞ്ഞിരുന്നില്ല.

ഒരു ജീവിയുടെ DNA കൃത്രിമമായി ഉണ്ടാക്കി, ജീവൻ നൽകുന്നത് ആദ്യമാണ്. സിന്തറ്റിക് ബയോളജി (മനുഷ്യനിര്മ്മിത ജീവശാസ്ത്ര പഠനം) യിൽ ഇതൊരു നാഴികക്കല്ലാണ് എന്ന് നിസ്സംശയം പറയാം. ബാക്റ്റീരിയയുടെ ജനിതകഘടന (genome) പൂർണമായും പഠിച്ചിട്ട് അവ ലാബിൽ സംശ്ലേഷണം ചെയ്തെടുക്കുക ആയിരുന്നു. ബാക്റ്റീരിയകൾ ജീവനോടെ ഉണ്ട്, അവ പ്രത്യുത്പാദനം നടത്തുന്നുണ്ട്.

വംശപാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകം ജീനുകൾ ആണ് എന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലോ? ഓരോ ജീനുകളും ഉണ്ടാക്കിയിരിക്കുന്നത് DNA കൊണ്ടാണ് എന്നും പഠിച്ചത് ഓർമ്മിക്കുമല്ലോ? ഓരോ ജീനുകളും നാല് അമിനോ ആസിഡുകളുടെ ആയിരക്കണക്കിന് യൂണിറ്റുകൾ കൊണ്ടാണ്.

ഭൗമോപരിതലത്തിലുള്ള സസ്യങ്ങൾ ഉണ്ടായിട്ട് 47.5 കോടി വർഷങ്ങളെ ആയുള്ളൂ

ഡി എൻ എ തന്മാത്ര എന്നാൽ നാലുതരം ബേസുകൾ അടങ്ങിയ ഒരു ബയോ-പോളിമർ ആണ്. ഇവയെ A (adenine ), C (cytosine ), G (guanine), T (thymine) എന്ന് പറയും. വാക്കുകൾ ബന്ധിപ്പിച്ച് കഥയും കവിതയും ഉണ്ടാകുന്ന പോലെ ഈ നാലുതരം ബേസുകളൂടെ പ്രത്യേക വിന്യാസം കൊണ്ട് അതിൽ ജനിതക വിവരങ്ങൾ ശേഖരിക്കപ്പെടും. ഇങ്ങനെയുള്ള ബേസുകളുടെ പ്രത്യേകമായുള്ള വിന്യാസം ആണ് അടുത്ത തലമുറയിലേക്ക് പാരമ്പര്യ സ്വഭാവങ്ങൾ കൈമാറുന്നത്. ഇതിനാണ് ജീൻ എന്ന് പറയുന്നത്. ഓരോ സ്വഭാവത്തിനും ഓരോ തരം ബേസ് വിന്യാസങ്ങൾ (ജീൻ) കാണും. വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഡി എൻ എ അതിന്റെ തനി പകർപ്പ് ഉണ്ടാക്കി അടുത്ത തലമുറകളിലേക്ക് കൈമാറുന്നു.

ഭൂമിയുടെ പ്രായം 450 കോടി വർഷമാണ്. ബാക്ടീരിയ പോലെയുള്ള ഒറ്റ കോശജീവികൾ ആദ്യമായി ഉണ്ടായത്, 380 കോടി വർഷങ്ങൾക്കു മുൻപാണ്. ബഹുകോശജീവികൾ ഉണ്ടായത് അതും കഴിഞ്ഞു വളരെ വർഷങ്ങൾക്കു ശേഷമാണ്. ഏകദേശം 57 കോടി വർഷങ്ങളെ ആയുള്ളൂ, ബഹുകോശ ജീവികൾ ഉണ്ടായിട്ട്. അതിനു ശേഷമാണ് ആന്ത്രപ്പോഡുകൾ അഥവാ ക്ലിപ്ത ചേർപ്പുകളോടു (exoskeleton) കൂടിയ ശരീരമുള്ള ജന്തുക്കൾ ഉണ്ടായത്. ഭൗമോപരിതലത്തിലുള്ള സസ്യങ്ങൾ ഉണ്ടായിട്ട് 47.5 കോടി വർഷങ്ങളെ ആയുള്ളൂ. കാടുകളുണ്ടായിട്ട്, 38.5 കോടി വർഷവും സസ്തിനികൾ ഉണ്ടായിട്ട് 20 കോടി വർഷവുമേ ആയുള്ളൂ.

ജീവ തന്മാത്രകൾ ഉണ്ടായതിനെപ്പറ്റിയുള്ള വളരെ വലിയ ഒരു ധാരണയാണ് ഈ കണ്ടുപിടിത്തത്തോടെ ഊട്ടി ഉറപ്പിച്ചിരിക്കുന്നത്. അതായത് ബയോളജിക്കും മുമ്പേ കെമിസ്ട്രിയാണ് ജീവൻ തുടങ്ങാൻ കാരണം!

അപ്പോൾ ഭൂമിയിൽ ജീവൻ ഉണ്ടായതോ?
ശക്തമായ ഇടിമിന്നൽ പോലെ, ഭൂമിയിലെ പ്രകൃതിദത്തമായ ചില പ്രക്രിയകൾ കൊണ്ടാവാം ഇനോർഗാനിക് മൂലകങ്ങൾ ചേർന്ന് ഓർഗാനിക് ജീവ-തന്മാത്രകൾ ഉണ്ടായത്. അന്തരീക്ഷത്തിലുള്ള വാതകങ്ങളായ അമോണിയ, മീഥേൻ, ജലബാഷ്പം, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവ പ്രത്യേക അനുപാതത്തിൽ യാദൃശ്ചികമായി ചേർന്നാവാം ആദ്യ ജീവകണിക ഉണ്ടായതെന്ന് അനുമാനിക്കുന്ന ശാസ്ത്രജ്ഞരുണ്ട്.

ഇങ്ങനെ അമിനോ ആസിഡുകളും ഡി എൻ എ യും ആർ എൻ എ യും ഒക്കെ പല സംവത്സരങ്ങൾ കൊണ്ട് ഉണ്ടായിവന്നു. പലതരം രാസപ്രവർത്തനങ്ങൾ കൊണ്ട് സ്വന്തം കോപ്പികൾ നിർമ്മിക്കാൻ പ്രാപ്തമായ ജീവതന്മാത്രകളെ സൃഷ്ടിച്ചതാണ് ജീവോത്പത്തിക്ക് കാരണം. അങ്ങനെ മുകളിൽ പറഞ്ഞ പോലെ ഏകകോശജീവികൾ ഉണ്ടായി, പിന്നെ ബഹുകോശ ജീവികൾ. ഇതിന് കാലക്രമേണ പരിണാമം സംഭവിച്ചു ജീവവൈവിദ്ധ്യം ഉണ്ടായി.

വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഡി എൻ എ അതിന്റെ തനി പകർപ്പ് ഉണ്ടാക്കുന്നു

ബാക്ടീരിയയുടെ ജനിതക ഘടന ലാബിൽ ഉണ്ടാക്കിയില്ലേ അപ്പോൾ മനുഷ്യനുൾപ്പെടെയുള്ള ഏതു ജീവിയേയും നമുക്ക് ലാബിൽ ഉണ്ടാക്കാൻ പറ്റില്ലേ? സൈദ്ധാന്തികമായി പറഞ്ഞാൽ പറ്റണം, പക്ഷെ, ഇത് വളരെ ചിലവേറിയതും, വളരെ വർഷങ്ങൾ നീണ്ട പ്രക്രിയയയും ആണ്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകൻ ആയ James Kuo പറഞ്ഞത്, "Tacking bases together to make genomes remains enormously costly. “It’s just way too expensive for academic groups to keep pursuing,” എന്നാണ് (Scientists Created Bacteria With a Synthetic Genome. Is This Artificial Life? ന്യൂ യോർക്ക് ടൈംസ്, May 15, 2019).

Yuval Noah Harari എഴുതിയ Sapiens: A Brief History of Humankind എന്ന പുസ്തകത്തിൽ പറഞ്ഞ പോലെ ജീവന്റെ ചരിത്രം ഒറ്റവാക്കിൽ പറഞ്ഞാൽ ആദ്യം ഫിസിക്സ് (ബിഗ് ബാംഗ്), പിന്നെ കെമിസ്ട്രി (ആറ്റങ്ങൾ, തന്മാത്രകൾ), പിന്നെ ബയോളജി, പിന്നെ ജീവ പരിണാമം, മനുഷ്യൻ, ദൈവം, കഥകൾ, പിന്നെയാണ് ഹിസ്റ്ററി.

അപ്പോൾ ആത്മാവ്?
ജീവൻ ഉണ്ടാകാൻ ആത്മാവും വേണ്ട എന്നു കൂടിയാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. ബയോ-മോളിക്യൂളുകളുടെ കൃത്യമായ കൂടിച്ചേരലുകൾ ആണ് ജീവൻ ഉണ്ടാക്കുന്നത്. ഒരു ബലൂൺ തലമുടിയിൽ കുറെ നേരം ഉരസിയാൽ 'സ്റ്റാറ്റിക് ഇലെക്ട്രിസിറ്റി' ഉണ്ടാവില്ലേ? അതുപോലെ ബയോ-മോളിക്യൂളുകളുടെ കൃത്യമായ കൂടിച്ചേരലുകൾ അവയുടെ പ്രത്യേക വിന്യാസം എന്നിവ കൊണ്ട് അതിൽ ജനിതക വിവരങ്ങൾ ശേഖരിക്കപ്പെടുവാൻ പറ്റും. വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഡി എൻ എ അതിന്റെ തനി പകർപ്പ് ഉണ്ടാക്കുന്നു, അവ അടുത്ത തലമുറകളിലേക്ക് കൈമാറുന്നു. അല്ലാതെ എവിടെ നിന്നോ വരുന്ന ആത്മാവല്ല ജീവൻ ഉണ്ടാക്കുന്നത് എന്നും കൂടി ഈ പഠനത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റും.

കൂടുതൽ വായനയ്ക്ക്:
Total synthesis of Escherichia coli with a recoded genome, Nature, 2019 May, DOI 10.1038/s41586-019-1192-5

Borenstein, Seth (October 19, 2015). "Hints of life on what was thought to be desolate early Earth". Excite. Yonkers, NY: Mindspark Interactive Network. Associated Press.

Elena, Santiago F.; Lenski, Richard E. (June 2003). "Evolution experiments with microorganisms: the dynamics and genetic bases of adaptation". Nature Reviews Genetics. London: Nature Publishing Group. 4 (6): 457–469. ISSN 1471-0056. PMID 12776215. doi:10.1038/nrg1088.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 
 

Follow Us:
Download App:
  • android
  • ios