ആനകളെ കുറിച്ചും അവയുടെ വൈകാരിക ജീവിതത്തെ കുറിച്ചും പെരിയാർ കടുവാ സങ്കേതത്തിലെ അസിസ്റ്റന്‍റ് വെറ്ററിനറി ഓഫീസർ ഡോ. അനുരാജ് ആറുമായി സംസാരിച്ച് തയ്യാറാക്കിയ കുറിപ്പ്. 

രു സമൂഹമെന്ന തരത്തില്‍ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോൾ മൃഗങ്ങളിലും സമാനമായ സാമൂഹിക ബോധമുള്ള ജീവികളേറെയുണ്ടെന്ന് കാണാം. അവയിലൊന്നാണ് ആനകൾ, കരയിലെ ഏറ്റവും വലിയ ജീവികളിൽ സാമൂഹിക ബോധവും വൈകാരിക അടുപ്പവും ശക്തമാണ്. ഒറ്റയ്ക്ക് നടക്കുന്ന കൊമ്പനും കൂട്ടമായി നടക്കുന്ന കൊമ്പന്മാരുമുണ്ട്. എന്നാല്‍, 'കുടുംബ സങ്കല്‍പ'ത്തിലുള്ള ആനക്കൂട്ടത്തെ നയിക്കുന്നത് കൂട്ടത്തിലെ ഏറ്റവും മുതിർന്ന പിടിയാനയാകും. കാട്ടിലെ പരമ്പരാഗത ആനത്താരകൾ അറിയുന്നവരാകും അവർ. ഒരു പ്രായം കഴിഞ്ഞാൽ കൊമ്പനാനകളെ കൂട്ടത്തില്‍ നിർത്തില്ല. കാരണം, ഇവ കൂട്ടത്തിലെ പിടിയാനകളുമായി ഇണ ചേരാന്‍ ശ്രമിക്കും. ഈ സമയത്ത് ആനക്കൂട്ടം കൊമ്പനാനകളെ തങ്ങളുടെ കൂട്ടത്തില്‍ നിന്നും തള്ളിമാറ്റി പുറത്താക്കുന്നു.

പിന്നീട് ഇണ ചേരാനുള്ള സമയമാകുമ്പോൾ, മറ്റ് കൊമ്പന്മാരുമായി മല്ലിട്ട് നിൽക്കാനുള്ള ശേഷി നേടുമ്പോൾ അവ ഏതെങ്കിലുമൊരു ആനക്കൂട്ടത്തിലേക്ക് തിരിച്ചെത്തുകയും കരുത്ത് തെളിയിക്കുകയും ഇണ ചേരാന്‍ തയ്യാറുള്ള പിടിയാനകളുമായി ഇണ ചേരുകയും ചെയ്യുന്നു. ഇങ്ങനെ കൂട്ടത്തിലേക്കെത്തുന്ന കൊമ്പന്മാരെ ഒരു ഘട്ടം കഴിയുമ്പോൾ ആനക്കൂട്ടം തന്നെ വീണ്ടും തള്ളി പുറത്താക്കുന്നു.

'കൂട്ടം' ചേരുന്ന കൊമ്പന്മാർ

അടുത്തിടെയായി വ്യത്യസ്തമായ ചില പ്രവണതകൾ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഏകാന്തരായ കൊമ്പനാനകളിൽ. സാധാരണയായി കൊമ്പനാനകൾ ഒറ്റയ്ക്കായിരിക്കും തീറ്റയെടുക്കുന്നതും അലയുന്നതും. ഈ സമയം കാടുകളില്‍ നിന്ന് കാടുകളിലേക്ക് അവ വന്യമായി സഞ്ചരിക്കും. എന്നാല്‍, ഒറ്റ കൊമ്പന്മാരിൽ അടുത്തിടെ വ്യത്യസ്തമായി മറ്റൊരു പ്രവണത കണ്ടെത്തിയിട്ടുണ്ട്. അവർ കൂട്ടം കൂടാന്‍ തുടങ്ങിയിരിക്കുന്നു! അതെ. ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടാൽ പരസ്പരം പോരടിച്ച് നിൽക്കുന്ന കൊമ്പന്മാര്‍, ഒരുമിച്ച് ഒരു കൂട്ടമായി നടക്കുന്നു.

ആദ്യമൊക്കെ രണ്ടും മൂന്നുമുള്ള കൊമ്പനാന കൂട്ടങ്ങളെ കണ്ടെത്തിയിരുന്നു. ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ അതില്‍ പ്രധാനിയെ പിടികൂടി മാറ്റാറുണ്ട്. അത്തരത്തിൽ പിടികൂടി മാറ്റിയ കൊമ്പനാണ് പിടി 7 (പാലക്കാട് ടസ്ക‍ർ 7). ചെറിയ ഗ്രൂപ്പുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൂടുതലായി കണ്ട് വരുന്നത് കൊണ്ടാണ് കൂട്ടത്തിലെ പ്രധാനിയെ ഇത്തരത്തില്‍ റീലൊക്കേറ്റ് ചെയ്യുന്നത്. എന്നാല്‍, അതിരപ്പിള്ളിയില്‍ കണ്ടെത്തിയ കൊമ്പനാനക്കൂട്ടത്തിൽ പത്തും പതിനഞ്ചും കൊമ്പനാനകളാണുള്ളത്.

(അതിരപ്പിള്ളിയിലെ കൊമ്പനാനക്കൂട്ടം)

മറ്റ് കൂട്ടങ്ങളില്‍ പിടിയാനകളും കുഞ്ഞുങ്ങളുമുണ്ടാകും. അതിനാൽ, തങ്ങളെ ഭയപ്പെടുത്താത്ത ഒന്നിനെ അവ അക്രമിക്കാനുള്ള സാധ്യതയും കുറവാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി അതിരപ്പിള്ളിയിലെ കൊമ്പന്മാരുടെ കൂട്ടത്തില്‍ അവ മാത്രമാണുള്ളത്. കൊമ്പന്മാര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടാൽ പോരാട്ടവും, ശക്തി പ്രകടനം സാധാരണമാണ്. എന്നാല്‍, ഇവിടെ കൊമ്പന്മാരുടെ കൂട്ടത്തില്‍ പരസ്പരമുള്ള പോരാട്ടങ്ങൾ കുറവാണ്. അവ മറ്റ് ആനക്കൂട്ടങ്ങളെ പോലെ ഒരു നേതാവിന്‍റെ കീഴില്‍ ഒരു കൂട്ടമായി സഞ്ചരിക്കുന്നു. അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടങ്ങളും ജല ലഭ്യതയുമാകാം അവിടെ അത്തരമൊരു വലിയ കൊമ്പനാനക്കൂട്ടത്തിന് കാരണം. ഇതുവരെയായും ഈ കൊമ്പനാനക്കൂട്ടം പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍. അതുകൊണ്ട് അവ പ്രശ്നക്കാരല്ലെന്നും വരുന്നില്ല.

വൈകാരിക ജീവികൾ

മനുഷ്യരെ പോലെ തന്നെ ആനകള്‍ വൈകാരിക ജീവികളും ഒപ്പം സമൂഹ ജീവികളുമാണ്. ഒരു കൂട്ടത്തിലെ ആനകൾ തമ്മില്‍ പരസ്പരം വൈകാരികമായി ബന്ധപ്പെട്ടിരിക്കും. ആ ബന്ധം പരസ്പരമുള്ള സുരക്ഷയൊരുക്കൽ മുതൽ തുടങ്ങുന്നു. ഒരു കൂട്ടമായി നടക്കുമ്പോൾ നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഒത്തൊരുമയോടെ തികഞ്ഞ സംഘാടനത്തോടെ അവ നേരിടുന്നു. കൂട്ടത്തിലെ ഏറ്റവും പ്രായമായ നേതാവ് അതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും മറ്റുള്ള ആനകൾ പ്രായഭേദമന്യേ അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അവ പരസ്പരം സുരക്ഷിതരായിക്കാന്‍ ശ്രമിക്കുന്നു. ഭക്ഷണം തേടുമ്പോഴും മറ്റും പരസ്പരം തൊട്ടുരുമ്മിയാകും നില്‍പ്പ്. കൂട്ടത്തിലെ ഒരു ആന ചരിഞ്ഞാല്‍ അവയെല്ലാവരും അതിനടുത്ത് വന്ന് തുമ്പിക്കൈ കൊണ്ട് തൊട്ടും കാല് കൊണ്ട് തട്ടി വിളിച്ചും ചരിഞ്ഞ ആനയെ ഉണർത്താനൊരു വിഫല ശ്രമം നടത്തും. കുറച്ചേറെ നേരം അവ അവിടെ നിലയുറപ്പിക്കും. മണ്ണിട്ടും വെള്ളം തളിച്ചും ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടക്കും.

കൂട്ടത്തിലെ ഒരു ആന മരിക്കുമ്പോഴാണ് അവയുടെ ഏറ്റവും ശക്തമായ വൈകാരിക പ്രകടനം കാണാനാകുക. കുഞ്ഞുങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. അവ മരിച്ചതായി അംഗീകരിക്കാന്‍ ആനകൾ ആദ്യം തയ്യാറാകില്ല. ഏറെ നേരം, ചിലപ്പോൾ ദിവസങ്ങളോളം മരിച്ച ആനകളെ ഉണര്‍ത്താനുള്ള ശ്രമവുമായി അവ അടുത്ത് തന്നെ നില്‍ക്കുന്ന സംഭവങ്ങൾ ധാരാളമുണ്ട്. മരിച്ച ആനകളുടെ പോസ്റ്റ്മോർട്ടത്തിന് പോകുമ്പോൾ ഈ പ്രശ്നം വലിയ തോതില്‍ അനുഭവപ്പെടുന്നു. മരിച്ച ആനയുടെ അടുത്തെത്താൻ കൂട്ടം നമ്മളെ അനുവദിക്കില്ല. അത്തരം ഒരു പാട് അനുഭവങ്ങളുണ്ട്. ഒരു കൂട്ടം ഒരു ആനക്കുട്ടിയെ കളയുന്നുണ്ടെങ്കില്‍ അത്, ആ കുട്ടിക്ക് അതിജീവിക്കാനുള്ള കരുത്തില്ലെന്ന് അവ തിരിച്ചറിയുന്ന സന്ദർഭത്തിൽ മാത്രമാകും.

(ചരിഞ്ഞ കുട്ടിയാനയുടെ ജഡം വെള്ളത്തില്‍ വച്ച് തട്ടി വിളിക്കുന്ന പിടിയാനകൾ)

ഒരു കുട്ടിയാന മരിച്ചത് അറിഞ്ഞ് ഞങ്ങൾ അതിനെ പോസ്റ്റ്മോർട്ടം ചെയ്യാനായി പോയി. രാത്രിയായിരുന്നു വിവരം ലഭിച്ചത്. പകൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. പക്ഷേ, രാവിലെ എത്തിയപ്പോൾ പറഞ്ഞ സ്ഥലത്തൊന്നും മൃതദേഹം കാണാനില്ലായിരുന്നു. ഡാം സൈറ്റിന് സമീപത്താണ് മൃതദേഹം കണ്ടതായി വിവരം ലഭിച്ചത്. ബോട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. മൊത്തം പ്രദേശത്തും പരിശോധിച്ചിട്ടും അതിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡാം സൈറ്റായതിനാല്‍ താഴേക്ക് ഒഴുകി കാണുമെന്ന് കരുതി താഴേയ്ക്ക് പോയി നോക്കി. പക്ഷേ, കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍, ഏതാണ്ട് രണ്ട് മൂന്ന് കിലോമീറ്ററോളം മുകളിലേക്ക് മാറി വെള്ളത്തിൽ രണ്ട് ആനകൾ നില്‍ക്കുന്നത് കണ്ടു. ചെന്ന് നോക്കിയപ്പോൾ കുട്ടിയാനയുടെ ശരീരം വെള്ളത്തിൽ കിടക്കുന്നു. അതിനെ ഉണർത്താനുള്ള ശ്രമത്തിലായിരുന്നു മറ്റ് രണ്ട് ആനകളും. തുമ്പി കൊണ്ടും കാല് കൊണ്ടും അവ കുട്ടിയാനയെ വിളിച്ചുണർത്താന്‍ ശ്രമിക്കുന്നത് വളരെ വൈകാരികമായ ഒരു കാഴ്ചയാണ്. മരിച്ചെന്ന് നമ്മുക്ക്, മനുഷ്യന് മനസിലാകും. പക്ഷേ, ആ മരണം, പ്രത്യേകിച്ചും കുട്ടികളുടെ മരണം അറിഞ്ഞോ അറിയാതെയോ അംഗീകരിക്കാന്‍ ആനകൾക്ക് വലിയ ബുദ്ധിമുട്ടാണ്.

ഞങ്ങളെ കണ്ടതും ആനകൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അവ വെള്ളത്തിൽ അടിച്ചും പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കിയും ഞങ്ങളെ അകറ്റാന്‍ ശ്രമിച്ചു. ഈ സമയം മറ്റ് ആനകൾ വരാന്‍ സാധ്യതയുണ്ടെന്ന് തോന്നി. അത് പോലെ തന്നെ കാട്ടില്‍ നിന്നും ഒരു പറ്റം ആനകൾ ഇറങ്ങിവന്നു. അവ കുഞ്ഞിന്‍റെ ശരീരം വിട്ടുതരാന്‍ മടിച്ചു. ഒരു പക്ഷേ, കുട്ടിയാനയെ ഏഴുന്നേല്‍പ്പിക്കാന്‍ കഴിയുമെന്ന് അവ കരുതിക്കാണും. പിന്നെ ഏറെ ശ്രമപ്പെട്ട് ബോട്ട് പരമാവധി അടുപ്പിച്ച് കുരുക്കിട്ട് കയറെറിഞ്ഞ് കുട്ടിയാനയുടെ ശരീരം വലിച്ചെടുക്കേണ്ടി വന്നു. ജഡം ബോട്ടിനോട് അടുപ്പിച്ച് നിർത്തി, കൊണ്ടുപോകാന്‍ തുടങ്ങിയപ്പോൾ കരയിലൂടെ ആനക്കൂട്ടം ഞങ്ങളെ ഏറെ നേരം പിന്തുടരുന്നതും കാണാമായിരുന്നു.

(ചരിഞ്ഞ ആനയുടെ പോസ്റ്റ്‍മോർട്ടത്തിനായി തയ്യാറെടുക്കുന്ന ഡോ. അനുരാജും സംഘവും)

ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ മരണം ആനക്കൂട്ടത്തെ ബാധിക്കുന്നത് പോലെ തന്നെ അമ്മയാനയുടെ മരണം കുഞ്ഞുങ്ങളെയും ഏറെ ബാധിക്കുന്നതായി കണ്ടിരുന്നു. സമാനമായൊരു അനുഭവം, ഒരിക്കൽ ഒരു ആന ചെരിഞ്ഞത് അറിഞ്ഞ് പോസ്റ്റ്മോർട്ടത്തിനായി എത്തിയപ്പോൾ, ഒരു കുട്ടിയാന പാല് കുടിക്കാനായി ശ്രമിക്കുന്നതും ഇടയ്ക്ക് കാല് കൊണ്ട് തട്ടിയും തുമ്പിക്കൈ കൊണ്ട് വിളിച്ചും കുഞ്ഞ് മസ്തകം കൊണ്ട് കുത്തിയും അമ്മയെ എഴുന്നേൽപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയായിരുന്നു. ഏറെ നേരം മൃതദേഹത്തിന് അടുത്തെത്താന്‍ ആ കുഞ്ഞ് ഞങ്ങളെ അനുവദിച്ചില്ല. ഒടുവിൽ, അതിനെ അവിടെ നിന്നും മാറ്റിയാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയത്. ഈ കുട്ടിയാനയെ പിന്നീട് ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും അതിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല.

കുടുംബം

ആനകളുടെ ഒരു യൂണിറ്റ് അഥവാ കുടുംബമെന്ന് പറയുന്നത്, സാധാരണയായി അമ്മയും കുഞ്ഞുമായിരിക്കും. വേനല്‍ കാലത്ത് ആനകൾ ഇത്തരത്തില്‍ ചെറിയ യൂണിറ്റുകളായി ഒറ്റപ്പെട്ടായിരിക്കും നില്‍ക്കുക. അത് കൂടുതലും ഭക്ഷണ, ജല ലഭ്യതയെ അനുസരിച്ചാകും. എന്നാല്‍, മഴക്കാലത്ത് വെള്ളവും ഭക്ഷണം കൂടുതൽ ലഭിക്കുമ്പോൾ അവ ഗ്രൂപ്പുകളായി മാറുന്നു. പിന്നീട് ഇവർ പത്തും ഇരുപതും ചിലപ്പോൾ അതിൽ കൂടുതലുമുള്ള ഒരു വലിയ കൂട്ടമായി മാറും. അതില്‍ കുഞ്ഞു കുട്ടി മുതൽ കൗമാരക്കാരായ ആനക്കുട്ടികളുണ്ടാകും. പിന്നെ പല പ്രായത്തിലുള്ള പിടിയാനകളും. അവ ഒരുമിച്ച് നീങ്ങുന്നു.

(പിടിയാനയുടെ നേതൃത്വത്തിലുള്ള ആനക്കുട്ടം)

പിടിയാനകളാണ് ഇത്തരം ആന കൂട്ടങ്ങളെ നിലനിർത്തുന്നത്. അവിടെ കൊമ്പനാനകൾ ഉണ്ടാകില്ല. ഇണ ചേരുന്ന കാലത്ത് ഇത്തരം കൂട്ടങ്ങളിലേക്ക് ഒറ്റയ്ക്ക് മതിച്ച് നടക്കുന്ന കൊമ്പനാനകൾ പരസ്പരം പോരടിച്ച് കരുത്ത് തെളിയിച്ച് കൂടെ കൂടുന്നു. ഈ സമയം കൂട്ടത്തിൽ കൊമ്പനാനകളുണ്ടെങ്കില്‍ അവയുമായി പോരാട്ടത്തിന് ഇവ‍ർ തയ്യാറാകണം. ഈ പോരാട്ടത്തില്‍ പരാജയപ്പെടുന്നയാൾ കൂട്ടത്തില്‍ നിന്ന് പിന്മാറുകയും വിജയിക്കുന്നവന്‍ കൂട്ടത്തോടൊപ്പം നീങ്ങുകയും ചെയ്യുന്നു.

ചിലപ്പോഴൊക്കെ ആനകളും മറ്റ് മൃഗങ്ങളാൽ വേട്ടയാടപ്പെടുന്നു. ഓരോ മൃഗത്തിനും ഓരോ ആക്രമണ രീതിയാണ്. അതും അക്രമിക്കപ്പെടുന്ന മൃഗമേതെന്ന് അനുസരിച്ചായിരിക്കും. ആനകളെ വേട്ടയാടുന്നവരില്‍ ഒന്ന് കാട്ടുനായ്ക്കളാണ്. കാട്ടുനായ്ക്കളുടെ അക്രമണ രീതി, അവ കൂട്ടമായി വന്ന് ഇരയുടെ നാല് പാടും വളഞ്ഞ് നിന്ന് ഒരേ സമയത്ത് അക്രമണം അഴിച്ച് വിടുമെന്നതാണ്. ഇതോടെ ഇര രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ നിസഹായനായി കീഴടങ്ങുന്നു. ആനകളില്‍ അവ കുട്ടിയാനകളെയാണ് നോട്ടമിടുക. പ്രതിരോധം കുറവായിരിക്കുമെന്നത് തന്നെ കാരണം. പക്ഷേ, കുട്ടിയാന എപ്പോഴും മറ്റ് ആനകളോടൊപ്പമായിരിക്കും. ചുറ്റും നിന്ന് വളഞ്ഞിട്ട് അക്രമിക്കുന്ന കാട്ട് നായ്ക്കളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍, അതിനെ നടുക്ക് നിർത്തി, ചുറ്റുമൊരു വലയം തീര്‍ത്ത് ആനക്കൂട്ടം പ്രതിരോധം തീർക്കുന്നു. അത്തരം സന്ദർഭങ്ങളില്‍ അല്പനേരം ശ്രമിച്ച് ഭയപ്പാടുണ്ടാക്കിയ ശേഷം കാട്ടുനായ്ക്കൾ പിന്‍മാറുന്ന കാഴ്ചയാണ് കാണാറ്. ഇത് ആനകളുടെ സംഘബോധത്തിന്‍റെയും സുരക്ഷാ വിഷയങ്ങളിലെ ഒത്തൊരുമയും പ്രകടമാക്കുന്നു.

കൂടുമാറ്റം

ആനകളെ ട്രാന്‍സ്‍ലോക്കേറ്റ് ചെയ്യുമ്പോൾ അതിന് അതിന്‍റെതായ ബുദ്ധിമുട്ടുകളുണ്ട്. കൊമ്പനാനയെയാണ് മാറ്റുന്നതെങ്കില്‍ വലിയ പ്രശ്നം കാണാറില്ല. കാരണം, അവ ഒറ്റയ്ക്കായിരിക്കുമെന്നത് തന്നെ. എന്നാല്‍ കൂട്ടത്തിലെ ഒരു പിടിയാനയെയാണ് മാറ്റുന്നതെങ്കില്‍ അത് വലിയ പ്രശ്നത്തിന് കാരണമാകും. അത്തരമൊരു അവസ്ഥയിൽ കൂട്ടത്തെ ഒന്നാകെ മാറ്റുന്നതാണ് അഭികാമ്യം. അരികൊമ്പന്‍ വിഷയത്തിലും ഇത് കാണാം. അവിടെ മറ്റ് ഇണകളെ കണ്ടെത്താന്‍ അരിക്കൊമ്പന് കഴിഞ്ഞത് കൊണ്ട് ഒരു പരിധിവരെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു.