പ്രണയദിനത്തില്‍ പ്രണയികളുടെ സന്തത സഹചാരികളായ 'ഹംസങ്ങളെക്കുറിച്ച്' ചില ആലോചനകള്‍. ഷര്‍മിള സി നായര്‍ എഴുതുന്നു
ഒരു ഹംസം ദമയന്തിയെ അടിച്ചു കൊണ്ടുപോയ കഥകൂടി പറഞ്ഞാലേ ഹംസ ചരിതം പൂര്‍ണ്ണമാവൂ. കൂട്ടുകാരന്റെയും കാമുകിയുടേയും പിണക്കം തീര്‍ക്കാന്‍ അവളുടെ അടുത്തേയ്ക്ക് ഹംസമായി അയച്ചതായിരുന്നു അവനെ. പിണക്കം മാറിയില്ലെന്ന് മാത്രമല്ല, ആ പ്രണയകഥയില്‍ നിന്ന് കൂട്ടുകാരന്‍ ഔട്ടായി.

അന്നുമിന്നും പ്രണയദിനം പ്രണയികളുടെ മാത്രമല്ല, ഹംസങ്ങളുടേത് കൂടിയാണ്. വാട്ട്‌സാപ്പും, മെസഞ്ചറും, സോഷ്യല്‍ മീഡിയയും, എന്തിനേറെ ഫോണ്‍ സൗകര്യം കൂടി സര്‍വ്വസാധാരണമല്ലാതിരുന്ന പഴയ കാലത്തും ഇതെല്ലാമുള്ള പുതിയ കാലത്തും പ്രണയികള്‍ക്കിടയില്‍ ഒരു പാലമായി ഹംസങ്ങളുണ്ടായിരുന്നു. അച്ഛനും, അമ്മാവനും ആങ്ങളയുമൊക്കെ വില്ലന്‍മാരായി അവതരിക്കുന്ന നാട്ടുനടപ്പുവെച്ച് പ്രണയികളോളം തന്നെ നോവ് ദൂതന്‍മാരും അനുഭവിച്ചിരുന്നു. നളദമയന്തി പ്രണയകഥയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ഏതോ ഒരു സഹൃദയന്‍ ഇവരെ ഹംസം എന്നു വിളിച്ചതായിരിക്കണം പില്‍ക്കാലത്ത് ഹംസം എന്നായി ഇവരുടെ വിളിപ്പേര്.
നാട്ടിന്‍ പുറങ്ങളിലായിരുന്നു നന്മമരങ്ങളായ ഹംസങ്ങള്‍ കൂടുതലും കാണപ്പെട്ടിരുന്നത്. വയല്‍ വരമ്പിലൂടുള്ള യാത്രകളില്‍, അമ്പലപ്പറമ്പില്‍, വായനശാലയില്‍, കോളേജിലേക്കും തിരിച്ചുമുള്ള യാത്രകളിലൊക്കെ ഈ ഹംസങ്ങള്‍ പ്രണയികള്‍ക്കൊപ്പമുണ്ടാവും. വീട്ടുകാര്‍ വിശ്വസിച്ച് കൂട്ടിന് വിട്ടിരുന്നവര്‍ തന്നെയാവും പലപ്പോഴും ഈ ഹംസങ്ങള്‍ എന്നതാണ് വിരോധാഭാസം.
കുറേ പിന്നിലേയ്ക്ക് പോയാല്‍, പ്രണയിച്ചിട്ടില്ലെങ്കിലും സന്ദേശവാഹകരായ ഹംസമെങ്കിലും ആയിട്ടുണ്ടാവും നിങ്ങളില്‍ ഓരോരുത്തരും. അല്ലെങ്കില്‍ നിങ്ങള്‍ക്കും ഉണ്ടായിരുന്നിരിക്കും ഒരു ഹംസം. കൂട്ടുകാരന്‍ കാമുകിയ്ക്ക് എഴുതിയ കത്ത് കൈമാറാനായി വൈകുന്നേരങ്ങളില്‍, ഒരാഴ്ചയോളം അമ്പലമുറ്റത്ത് കാത്ത് നിന്ന ഒരു ഹംസത്തിലേക്ക് മനസ് കടന്നു ചെല്ലുന്നു.
കാളിദാസന്റെ മേഘ സന്ദേശത്തിലെ യക്ഷന്‍ ആയിരുന്നു കാര്‍മേഘം വഴി സന്ദേശമയച്ച ആദ്യ കാമുകന്‍. കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയില്‍ നിന്ന് വിന്ധ്യാപര്‍വത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനാണ് കാളിദാസന്റെ നായകനായ യക്ഷന്‍. ആഷാഢമാസത്തിലെ ആദ്യ ദിവസം അയാള്‍ താഴ്‌വരയില്‍ കൊമ്പുകുത്തിക്കളിക്കുന്ന ആനയെപ്പോലൊരു വര്‍ഷമേഘത്തെ കണ്ടെത്തി.
'കൊമ്പു കുത്തിക്കളിക്കാനൊരുമ്പെടും
കൊമ്പനാനപോല്‍
കാണാനഴകുമായ്
താഴ്‌വരയെ തഴുകിവന്നെത്തിടും
കാര്‍മുകിലിനെ
കണ്ടിതക്കാമുകന്‍..'
വിരഹദുഃഖത്താല്‍ സ്വബോധം തന്നെ നഷ്ടപ്പെട്ട യക്ഷന്‍ ആ മേഘം വഴി തന്റെ പത്‌നിക്ക് ഒരു സന്ദേശം അയക്കുന്നു. വിന്ധ്യാപര്‍വതത്തില്‍ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും യക്ഷന്‍ മേഘത്തിന് വര്‍ണ്ണിച്ചു കൊടുക്കുന്നുണ്ട്.
പിന്നീട് പല കവികളും പ്രണയികള്‍ക്ക് സന്ദേശം കൈമാറാന്‍ മേഘങ്ങളെ കൂട്ടുപിടിച്ചിട്ടുണ്ട്. തന്റെ കാമുകിയുടെ ദൂരെയുള്ള മന്ദിരത്തിലേക്ക് ശ്യാമമേഘത്തെ അയയ്ക്കുന്നുണ്ട് 'സമയമായില്ല പോലും ' എന്ന ചിത്രത്തില്‍ ഒ എന്‍ വിയുടെ കാമുകന്‍.
'ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ...
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ.'
'രാഗ പൗര്‍ണ്ണമി' എന്ന റിലീസ് ചെയ്യാത്ത ചിത്രത്തില്‍, കണിയാപുരം രാമചന്ദ്രന്റെ കാമുകനാവട്ടെ,
''ഇരു മിഴിയില്‍ നീര്‍ മിഴിയില്‍ ഈറനണിഞ്ഞു
കണ്മണി നിന്നെ എതിരേല്‍ക്കുമ്പോള്‍
എന്റെ കണ്മണി നിന്നെ എതിരേല്‍ക്കുമ്പോള്‍
തലയിണയില്‍ പാതി എനിക്കൊഴിച്ചു വയ്ക്കാന്‍
തരനാംഗിയോടു മെല്ലെ പോയ് പറയൂ'
എന്നാണ് മേഘത്തിനോട് ആവശ്യപ്പെടുന്നത്.
''അധിപന്‍ ' എന്ന ചിത്രത്തില്‍ ''ശ്യാമ മേഘമേ നീ യദുകുല സ്‌നേഹ ദൂതുമായ് വാ..'' എന്ന് ചുനക്കര രാമന്‍കുട്ടിയും പറയിക്കുന്നുണ്ട്. നിനക്കായി മേഘപാളികളില്‍ നിലാവു കൊണ്ടൊരു പ്രണയകാവ്യം തീര്‍ക്കാന്‍ എത്രയോ രാത്രികളില്‍ ഞാനും കൊതിച്ചിട്ടുണ്ട്.
ഹംസങ്ങളേക്കാള്‍ സന്ദേശവാഹകരാക്കാന്‍ കവികള്‍ കണ്ടെത്തിയത് മേഘങ്ങളെയായിരുന്നു. പ്രണയമെന്ന കാല്പനിക ആകാശത്ത് പറന്നു നടക്കുന്ന പ്രണയികള്‍ക്കിടയിലേയ്ക്ക് സന്ദേശമെത്തിക്കാന്‍ മേഘത്തിനോളം മറ്റാര്‍ക്കാണ് കഴിയുക! എങ്കിലും, പ്രണയികള്‍ക്കിടയിലെ തോഴരെന്നും ഹംസങ്ങള്‍ എന്നുതന്നെ അറിയപ്പെട്ടിരുന്നു. ഹംസങ്ങള്‍ എന്ന ആ ക്ലീഷേ പ്രയോഗം മാറ്റി ഈ തോഴരെ 'ശ്യാമമേഘം' എന്നു ഞാന്‍ വിളിച്ചു തുടങ്ങിയത് എന്ന് മുതലായിരുന്നു..
കുറേക്കാലം മുമ്പാണ്. തനിയ്ക്കും പഴയ പ്രണയിനിയ്ക്കുമിടയിലെ ഒരു പാലമായി എന്നെ കണ്ടിരുന്ന ഒരു സുഹൃത്ത് എനിക്കൊരു പേരിട്ടിരുന്നു. 'ശ്യാമമേഘം'. പരസ്പരം കാണാന്‍ കഴിയാതിരുന്ന, സംസാരിക്കാന്‍ പോലും വിലക്കുണ്ടായിരുന്ന അവര്‍ക്കിടയില്‍ ഒരു ശ്യാമ മേഘമായി ഒഴുകിയിരുന്നു കുറച്ചു നാളെങ്കിലും ഞാന്‍.
''ഓമലാള്‍ തന്‍ കാതിലെന്റെ
വേദനകള്‍ ചൊല്ലുമോ, ശ്യാമമേഘമേ'
എന്നയാള്‍ ചോദിക്കുമ്പോള്‍, എനിയ്ക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞ് ഞാനയാളെ ചൊടിപ്പിക്കുമെങ്കിലും, അയാളുടെ ആന്തലുകള്‍ കൃത്യമായി പ്രണയിനി സമക്ഷം എത്തിച്ചിരുന്നു. ഒടുവില്‍, ഒരു പ്രണയ ദിനത്തില്‍ അവര്‍ക്ക് നേരില്‍ കാണാനൊരവസരവും ഒരുക്കി. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ അവള്‍ക്ക് കൊടുക്കാന്‍ അയാള്‍ കരുതിയിരുന്നത് സിമോണ്‍ ദി ബു വേയുടെ 'സെക്കന്റ് സെക്‌സ്'എന്ന കൃതിയുടെ മലയാള വിവര്‍ത്തനമായിരുന്നു. അതിനു പിന്നിലെ ചേതോവികാരം ഇന്നും എനിയ്ക്ക് മനസിലായിട്ടില്ല.
''ങ്ങളെന്താ ബുദ്ധിജീവി ചമഞ്ഞതാണോ'' ന്ന് ചോദിച്ചപ്പോള്‍, നല്ല പ്രായത്തില്‍ പ്രണയത്തിനോട് പുച്ഛം തോന്നിയിട്ടുള്ളവര്‍ക്ക് ഇതൊന്നും മനസിലാവില്ലെന്ന് പറഞ്ഞയാള്‍ എന്റെ വായടച്ചു. അയാളുടെ പ്രണയം വരണ്ടു പോയതും, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച അവസാനത്തേതായി മാറിയതും മറ്റൊരു കഥ.
പിന്നെയും ഒരിയ്ക്കല്‍ക്കൂടി ശ്യാമമേഘമായിട്ടുണ്ട്. രണ്ടു പേരും വളരെ അടുത്ത സുഹൃത്തുക്കള്‍. അവര്‍ക്കിടയില്‍ വിലക്കുകള്‍ ഉണ്ടായിരുന്നില്ല. എങ്കിലും തമ്മില്‍ തല്ലി പിണങ്ങിക്കഴിയുന്ന നാളുകളില്‍ ഒരു ശ്യാമമേഘമായി അവര്‍ക്കിടയില്‍ ഞാനുണ്ടായിരുന്നു. പ്രവാസിയായ അവന്‍ പലപ്പോഴും എന്നെ വിളിച്ചിരുന്നത് അവളുടെ വിശേഷമറിയാനായി മാത്രമായിരുന്നു. ചിലപ്പോഴൊക്കെ അവനോട് ഞാനതിന് വഴുക്കുണ്ടാക്കിയിരുന്നെങ്കിലും, ഔദ്യോഗിക തിരക്കുകളില്‍പ്പെട്ട് വിരസമായി ഒഴുകിയിരുന്ന എന്റെ ദിനങ്ങള്‍ക്ക് ആ പ്രണയ വിശേഷങ്ങള്‍ നിറം പകര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ നാട്ടിലെത്തിയപ്പോള്‍ അവര്‍ക്ക് കാണാനൊരവസരം ഒരുക്കിയത് ഇന്നും നിറമുള്ളൊരോര്‍മ്മ. പക്ഷേ, ശ്യാമമേഘത്തിന് രാശിയുണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍. അവരും നിതാന്ത മൗനത്തിലേക്ക് കൂപ്പുകുത്തി. പക്ഷേ, അവളില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരു വഴി പറഞ്ഞുതാടോന്ന് ചോദിച്ചവനിപ്പോഴും വിളിക്കാറുണ്ട്. നിന്നില്‍നിന്ന് പുറത്തു കടക്കാനുള്ള വഴിയറിയാത്ത ഞാന്‍ അവനെ എങ്ങനെ സഹായിക്കാനാണെന്നോര്‍ത്ത് ഞാന്‍ ഉള്ളാലേ ചിരിക്കും.
''പ്രണയിക്കുന്നവരുടെ ഉള്ളില്‍
നിറയെ പൂക്കളുള്ള ഒരു കാടുണ്ട്.
എന്നാല്‍ പുറത്തുനിന്നാരുമത് കണുന്നതേയില്ല'
എന്ന് പറഞ്ഞത് കവി ഡി. വിനയചന്ദ്രനാണ്.
പ്രണയികള്‍ക്കൊപ്പം നടന്ന് അവരുടെ ഉള്ളിലെ നിറയെ പൂക്കളുള്ള കാട് കണ്ടറിഞ്ഞിരുന്നു പഴയകാല പ്രണയങ്ങളിലെ ശ്യാമമേഘങ്ങള്‍. ഈ ഡിജിറ്റല്‍ കാലഘട്ടത്തിലായിരുന്നിട്ടു കൂടി ഒരു ശ്യാമമേഘമായ് പ്രണയദൂതു പകര്‍ന്ന ആ നാളുകളില്‍ ഞാനും അത് തൊട്ടറിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം മനസ്സുകൊണ്ട് കവിയോട് വിയോജിച്ചിട്ടുണ്ട്.
ഒരു ഹംസം ദമയന്തിയെ അടിച്ചു കൊണ്ടുപോയ കഥകൂടി പറഞ്ഞാലേ ഹംസ ചരിതം പൂര്‍ണ്ണമാവൂ. കൂട്ടുകാരന്റെയും കാമുകിയുടേയും പിണക്കം തീര്‍ക്കാന്‍ അവളുടെ അടുത്തേയ്ക്ക് ഹംസമായി അയച്ചതായിരുന്നു അവനെ. പിണക്കം മാറിയില്ലെന്ന് മാത്രമല്ല, ആ പ്രണയകഥയില്‍ നിന്ന് കൂട്ടുകാരന്‍ ഔട്ടായി. ഏറെക്കാലത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടുമ്പോള്‍ കൂട്ടുകാരന്റെ ആ പഴയ കാമുകി അവന്റെ ഭാര്യയാണെന്നറിഞ്ഞ് തെല്ലൊന്നുമല്ല ഞാന്‍ ഞെട്ടിയത്. എങ്കിലും സന്ദേശവാഹകര്‍ക്ക് എല്ലാക്കാലത്തും പ്രണയത്തില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം ഉണ്ട്.
വീണ്ടും ഒരു പ്രണയ ദിനം കൂടി കടന്നു വരുന്നു. എവിടെയും പ്രണയത്തിന്റെ നിറം. എവിടെയും പ്രണയസംഗീതം. എവിടെയും പ്രണയം മണക്കുന്നു. റൂമിയുടേയും, ജിബ്രാന്റെയും, ഉദ്ധരണികളടക്കം ഇന്‍ബോക്‌സില്‍ വന്നു നിറയുന്ന പ്രണയദിന സന്ദേശങ്ങളിലൂടെ കടന്നുപോവുമ്പോള്‍, വെറുതേ ഓര്‍ത്തു പോവുന്നു, അന്ന്, നമുക്കിടയില്‍ ഒരു ശ്യാമമേഘമുണ്ടായിരുന്നെങ്കില്‍...
Also Read: വസന്തമായാല്‍ നിന്നെത്തൊടാന്‍ എനിക്ക് എത്ര വഴികളാണെന്നോ...
