Asianet News MalayalamAsianet News Malayalam

ഗോദകളില്‍ യശസുയര്‍ത്തിയവര്‍ തെരുവില്‍ അഭിമാനത്തിനായി പോരാടുമ്പോള്‍ ഭരണകൂടം പറയുന്നതെന്ത് ?

ഗുസ്തിക്കാരുടെ ചെവി പുറത്തേക്ക് വിടർന്ന് നിൽക്കും. അങ്ങനെ ആനച്ചെവിയായാൽ പെണ്‍മക്കളുടെ കല്യാണം നടക്കില്ലെന്നായിരുന്നു ഹരിയാനക്കാരുടെ വിശ്വാസം. എന്നാല്‍, ഇരുപതാണ്ടിനിടെ നിരവധി പെണ്‍കുട്ടികള്‍ ഗോദയിലേക്ക് ഇറങ്ങി തങ്ങളുടെ ചെവികള്‍ ആനച്ചെവികളാക്കി. ഇന്ന് ഹരിയാനയിൽ വിടർന്ന ചെവി അധ്വാനത്തിന്‍റെ ചിഹ്നമാണെന്ന് മാത്രമല്ല അത്തരക്കാര്‍ക്ക് കൂടുതൽ ബഹുമാനവും ലഭിക്കുന്നു. ഇന്ത്യന്‍ വനിതാ ഗുസ്തുക്കാരുടെ സമരമുഖത്ത് നിന്നും ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗ് ഏഷ്യാനെറ്റ് ദില്ലി റിപ്പോര്‍ട്ടര്‍ സൗമ്യ ആര്‍ കൃഷ്ണ. 
 

What is the message of the government to the wrestlers who are protesting in the streets bkg
Author
First Published Jun 8, 2023, 1:19 PM IST


ന്നോളം പോന്ന എതിരാളിയെ കീഴ്പ്പെടുത്തി, വായുവിലുയർത്തി, മലർത്തി അടിക്കുന്നവരാരോ അവരാണ് ഗുസ്തിയിലെ വിജയി. എതിരാളിക്ക് മുമ്പ് ഫയൽവാൻ, തന്‍റെയുള്ളിലെ ഭയത്തെ കീഴ്പ്പെടുത്തും. അങ്ങനെ സ്വയം നിയന്ത്രിച്ച് എതിരാളിയെ വായുവിലുയര്‍ത്തി മലര്‍ത്തിയടിച്ച് കഴിഞ്ഞ 25 വർഷത്തിനിടെ ഹരിയാനയിലെ പെൺകുട്ടികൾ അന്താരാഷ്ട്രാതലത്തിൽ സ്വന്തമാക്കിയ ഗുസ്തി മെഡലുകളെണ്ണിയാൽ നൂറിലധികമുണ്ടാകും. 

ചരിത്രത്തില്‍ പെൺകുട്ടികൾക്ക് ജനിച്ച് വീഴാൻ പോലും അവകാശമില്ലാതിരുന്ന മണ്ണായിരുന്നു ഹരിയാനയിലേത്. ഗൂംഗട്ടിനുള്ളിൽ ഒളിച്ചു വച്ചിരുന്ന ഹരിയാനയിലെ സ്ത്രീകളുടെ മുഖം ഉയർന്ന് കാണാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പുരുഷന്‍റെ മുഖത്ത് നോക്കുന്ന പെണ്ണും, പുരുഷന്‍റെ നോട്ടമേൽക്കുന്ന പെണ്ണും മോശമാണെന്നതാണ് ഗൂംഗട്ടിന് പിന്നിലെ വിശ്വാസം. അങ്ങനെയുള്ളവർക്കിടയിൽ നിന്നാണ് മഹാവീർ ഫോഗട്ട് തന്‍റെ പെൺമക്കളെ ഗോദയിലേക്ക് ഇറക്കി നിർത്തിയത്. ഗീത ഫോഗട്ടും ബബിത ഫോഗട്ടും. പരിഹാസങ്ങളെയും സംശയങ്ങളെയുമെല്ലാം നിഷഭ്രമാക്കി 2010 കോമൺവെൽത്തിൽ രാജ്യത്തിന് വേണ്ടി ഗീത സ്വർണവും ബബിത വെള്ളിയും നേടി. മഹാവീർ ഫോഗട്ടിനെ പോലെ കുറേപ്പേർ തങ്ങളുടെ പെൺമക്കളിൽ അർപ്പിച്ച വിശ്വാസം മാറ്റിയത് ഇന്ത്യയിലെ കായിക വിനോദങ്ങളിലൊന്നായ ഗുസ്തിയെ മാത്രമല്ല, ഹരിയാന എന്ന സംസ്ഥാനത്തെ കൂടിയാണ്. 

What is the message of the government to the wrestlers who are protesting in the streets bkg

​ഗുസ്തിതാരങ്ങളുടെ സമരം; 'രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു'; രാഹുൽ ​ഗാന്ധി

കോമൺവെൽത്ത് ഗെയിംസിൽ 2010 -ൽ ഗീത ഫോഗട്ടിന് സ്വർണം. 2014 -ൽ ബബിതയും സ്വർണം സ്വന്തമാക്കി. 2016 -ൽ അവരുടെ സഹോദരി ഋതു ഫോഗട്ടും സ്വർണം നേടി ഗോദയിൽ ത്രിവർണ പതാക പാറിച്ചു. പെണ്ണായതിന്‍റെ പേരിൽ ഒന്നിലും പിന്നിലാകരുതെന്ന് മഹാവീർ ഫോഗട്ട് മടിയിലിരുത്തി പറഞ്ഞ് പഠിപ്പിച്ച ആ സഹോദരിമാരാണ് ഇന്ത്യയിലെ വനിതാ ഗുസ്തി താരങ്ങളുടെ വഴികാട്ടികൾ. അതേ കുടുംബത്തിൽ നിന്ന് ഗുസ്തി പഠിച്ചു വളർന്ന താരമാണ് വിനേഷ് ഫോഗട്ട്. ഭൂമി തർക്കത്തിൽ വിനേഷിന്‍റെ അച്ഛൻ രാജ്പാൽ ഫോഗട്ട് കൊല്ലപ്പെട്ടപ്പോൾ മഹാവീർ ഫോഗട്ട് വിനേഷിനേയും സഹോദരിയേയും ഏറ്റെടുത്ത് വളർത്തി. അങ്ങനെ മഹാവീർ ഫോഗട്ട് വിനേഷിനും ഗുരുവായി. 2018 -ൽ കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസിലും വിനേഷ് സ്വർണം നേടി. ഇതോടെ രണ്ട് മത്സരങ്ങളിലും മെഡൽ നേടുന്ന ആദ്യത്തെ വനിതാ ഗുസ്തി താരമായി വിനേഷ് മാറി.

എന്നാല്‍, ഒളിമ്പിക്സിൽ വനിതാ ഗുസ്തിയിലൊരു മെഡലിനായി രാജ്യത്തിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. 2016 -ല്‍ സാക്ഷി മാലിക് വരും വരെ. റിയോ ഒളിമ്പിക്സിൽ സാക്ഷി രാജ്യത്തിന് വേങ്കല മെഡൽ സമ്മാനിച്ചു. ദില്ലി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറാണ് സാക്ഷിയുടെ അച്ഛൻ. അമ്മ സർക്കാർ ആശുപത്രിയിലെ സൂപ്പർവൈസറും. ഗുസ്തിക്കാരനായ മുത്തശ്ശനെ കണ്ട് ഗുസ്തിയോട് ഇഷ്ടം തോന്നിയ സാക്ഷി, ഗുസ്തി പഠിക്കാൻ എത്തിയപ്പോൾ നാട്ടുകാർ മുഴുവൻ കളിയാക്കി. ഗുസ്തിക്കാരുടെ ചെവി പുറത്തേക്ക് വിടർന്ന് നിൽക്കും. അങ്ങനെ ആനച്ചെവിയായാൽ മകളുടെ കല്യാണം നടക്കില്ലെന്ന് ചുറ്റുമുള്ളവർ സാക്ഷിയുടെ അച്ഛനോട് സ്വകാര്യം പറഞ്ഞു. പതിറ്റാണ്ടുകള്‍ വേണ്ടിവന്നില്ല, ഇന്ന് ഹരിയാനയിൽ വിടർന്ന ചെവി അധ്വാനത്തിന്‍റെ ചിഹ്നമാണ്. ആനച്ചെവിയുള്ളവർക്ക് ഇന്ന് ഹരിയാനയില്‍ കൂടുതൽ ബഹുമാനം ലഭിക്കുന്നു. 

ഗീതിക ജക്കർ, ദിവ്യ കക്രൻ, മൻസി അഹ്ലാവത്, കുശി അഹ്ലാവത്, കിരൺ ബിശ്നോയി ഇവരൊക്കെ വെല്ലുവിളികൾ വകവകയ്ക്കാതെ ഗോദയിൽ ഇറങ്ങിയവരാണ്. സൽവാർ കമീസിൽ കുറഞ്ഞതൊന്നും അന്തസുള്ള വസ്ത്രമായി കണക്കാക്കാതിരുന്ന കാലത്ത് ഹരിയാനയിലെ അഘാഡകളിൽ പരിശീലനത്തിനിറങ്ങാൻ ധൈര്യം കാണിച്ച പെണ്‍കുട്ടികള്‍... അന്താരാഷ്ട്രാ മത്സര വേദികളിൽ അവർ മെഡലുകൾ ഉയർത്തുമ്പോൾ ഇങ്ങ് ഇന്ത്യയിലെ അനേകം ഗ്രാമത്തിലെ വീടുകളിലിരുന്ന് പെൺകുട്ടികൾ ആവേശത്തിൽ കൈയടിച്ചു. നൂറ് കണക്കിന് പെൺകുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട വഴി തെരഞ്ഞെടുക്കാൻ ആ ഒരൊറ്റ ദൃശ്യം പ്രചോദനമായി. ഇന്ന് ദില്ലിയിലും, ഹരിയാനയിലുമെല്ലാം കൂണു പോലെ അഘാഡകളാണ്. അവിടെയെല്ലാം കൊച്ചു കുട്ടികൾ സ്വയം നിയന്ത്രിച്ച് എതിരാളികളെ വായുവിലുയർത്തി, മലർത്തി അടിക്കാനായി കഠിന പരിശീലനത്തിലാണ്. അവരുടെയെല്ലാം ചെവികള്‍ പുറത്തേക്ക് വികസിച്ച് തുടങ്ങിയിരിക്കുന്നു. 

കായിക താരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന ബഹുമതിയായ ഖേൽരത്ന നൽകി രാജ്യം ആദരിച്ചവരാണ് സാക്ഷിയും വിനേഷും. വിനേഷ് അർജ്ജുന അവാർഡും കൈയിലേന്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ മുഴുവൻ സ്നേഹവും ബഹുമാനവും പിടിച്ചുപറ്റിയ ഈ താരങ്ങൾക്ക് പക്ഷേ... വര്‍ത്തമാനകാല ഇന്ത്യയുടെ തെരുവില്‍  സമരമിരിക്കേണ്ടി വന്നു. രാജ്യത്തെ ആയിരക്കണക്കിന് പെണ്‍കുട്ടികളോട് 'ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ, നാരീശക്തി സിന്ദാബാദ്' എന്ന് വിളിച്ച് പറയാതെ തന്നെ പറയിപ്പിച്ച ആ ഉറച്ച കൈകള്‍ക്കുളില്‍, നേഞ്ചോടടുക്കി പിടിച്ച് രാജ്യത്തിന്‍റെ അന്തസുയര്‍ത്തിയ മെഡലുകള്‍ ഗംഗയിലേക്ക് ഒഴുക്കാനായി അവര്‍ക്ക് തെരുവുകളിലൂടെ നടക്കേണ്ടി വന്നു. 

What is the message of the government to the wrestlers who are protesting in the streets bkg

ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

2023 ജനുവരി  18 

ഏകദേശം ഒരു നൂറ്റാണ്ട് കാലം രാജ്യത്തെ സാധാരണക്കാരും കര്‍ഷകരും ഉദ്യോഗസ്ഥരും അങ്ങനെയങ്ങനെ പല തരം മനുുഷ്യരുടെ പലതരം പ്രതിരോധങ്ങളും പ്രതിഷേധങ്ങളും കണ്ട ജന്തർ മന്തറിൽ നീതി തേടി ഒടുവില്‍ രാജ്യത്തിന്‍റെ അഭിമാന താരങ്ങളുമെത്തി. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്രംഗ് പൂനിയ... ജന്തർ മന്തറിലെ നടപ്പാതയിൽ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ കുത്തിയിരുന്നു. 'ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന്... ' പറഞ്ഞു തീർക്കും മുമ്പ് വിനേശ് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി. വർഷങ്ങളായി ഉള്ളിലടക്കിയിരുന്ന സങ്കടമത്രയും കണ്ണീരായി പുറത്തേക്കൊഴുകി. 

ഗുസ്തിയുമായി ഒരു ബന്ധവുമില്ലാത്ത ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ - ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി. ഠാക്കൂർ സമുദായത്തിലെ പ്രമാണി. പണം കൊണ്ടും അധികാരം കൊണ്ടും ജനപിന്തുണ കൊണ്ടും താരങ്ങളെക്കാൾ ശക്തനായിരുന്നു ബ്രിജ് ഭൂഷൺ. പരിശീലനത്തിനിടയിലും, സെലക്ഷനുകളിലുമൊക്കെ വച്ച് അധ്യക്ഷൻ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് താരങ്ങൾ പരസ്യമായി ആരോപിച്ചപ്പോഴും അധികാരത്തിനോ, ജനപിന്തുണയ്ക്കോ ഒരു കുറവുമില്ലാതെ അയാൾ സ്വതന്ത്രനായി നടന്നു. ബ്രിജ് ഭൂഷണെ ഫെഡറേഷന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ അന്ന് മൂന്ന് ദിവസത്തോളം ജന്തർ മന്തറിൽ സമരം ചെയ്തു. രാത്രിക്ക് രാത്രി താരങ്ങളുമായി ചർച്ചകൾ നടത്തി അവരെ അനുനയിപ്പിക്കാൻ കേന്ദ്രം ഭരണകൂടം കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ നിയോഗിച്ചു. 

ഒരു മേൽനോട്ട സമിതിയെ നിയോഗിച്ച് ഗുസ്തിതാരങ്ങളുടെ പരാതികൾ വിശദമായി അന്വേഷിക്കുമെന്ന് പതിവ് പോലെ കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. 28 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ കാലയളവിൽ ഫെഡറേഷന്‍റെ ചുമതല മേൽനോട്ട സമിതി വഹിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഭരണാധികാരിയുടെ ഉറപ്പ് വിശ്വസിച്ച താരങ്ങൾ സമരമവസാനിപ്പിച്ച് പരിശീലനത്തിനായി മടങ്ങി. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് പരാതികൾ അന്വേഷിച്ചത്. 28 ദിവസങ്ങള്‍ കഴിഞ്ഞു, രണ്ടര മാസമായിട്ടും സമിതിയുടെ പൊടി പോലുമില്ല. കേന്ദ്രം നിയോഗിച്ച സമിതിയെ വിശ്വസിച്ച് കാത്തിരുന്ന താരങ്ങൾക്ക് പ്രതീക്ഷയറ്റപ്പോൾ അവർ പോലീസിനെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ദില്ലി കൊനാട്ട് പ്ലേസിലെ പോലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷണെതിരെ പരാതി നൽകി. എന്നിട്ടോ...? പരാതി വാങ്ങി കയ്യിൽ വെച്ച് 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. അങ്ങനെ... അവർ വീണ്ടും ജന്തർ മന്തറിലേക്ക് വന്നു.
 
2023 ഏപ്രില്‍ 23

ലൈംഗിക പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകാത്ത ദില്ലി പൊലീസ്, പക്ഷേ സമരക്കാരെ പിന്തിരിപ്പിക്കാൻ തങ്ങളാലാവും വിധം പലതവണ ശ്രമിച്ചു. രാത്രികാല സമരത്തിന് അനുമതി ഇല്ലാത്ത ജന്തർ മന്തറിൽ ടെന്‍റുകെട്ടി സത്യാഗ്രഹമിരുന്നായിരുന്നു താരങ്ങൾ പ്രതികരിച്ചത്. ഒരു മാസം നീണ്ട ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരം. ദില്ലിയിലെ ഈ വർഷത്തെ ഏറ്റവും കടുത്ത ചൂടും, കാറ്റും മഴയും അതേ ടെന്‍റില്‍ ഇരുന്ന് അവർ അനുഭവിച്ചു. ഭക്ഷണമെത്തിക്കാനും, കുടിവെള്ളമെത്തിക്കാനും പോലീസിനോട് കലഹിക്കേണ്ടി വന്നു. രാത്രിയിൽ പൊലീസുകാരുമായുണ്ടായ തർക്കം സംഘർഷത്തിലവസാനിച്ചു. നീതി തേടിയെത്തിയവരെ ദില്ലി പോലീസ് കുറ്റവാളികളോടെന്ന പോലെ പെരുമാറി. 

What is the message of the government to the wrestlers who are protesting in the streets bkg

അമിത് ഷായെ സന്ദര്‍ശിച്ച് ഗുസ്തി താരങ്ങള്‍, പ്രതികരണം നിരാശപ്പെടുത്തിയെന്ന് സാക്ഷി മാലിക്കിന്‍‍റെ ഭര്‍ത്താവ്

കലുഷിതമായ ഈ അന്തരീക്ഷങ്ങളിലും പക്ഷേ അവർ ഗുസ്തി മറന്നില്ല. ഏഷ്യൻ ഗെയിംസും, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളും മറന്നില്ല. ജന്തർ മന്തറിലെ റോഡ് ഗോദയാക്കി അവർ തങ്ങളുടെ പോരാട്ടവും പരിശീലനം തുടർന്നു. രാപ്പകൽ സമരം പക്ഷേ, പോലീസിനെ അനക്കിയില്ല. മൂന്ന് ദിവസത്തിന് ശേഷവും പോക്സോ പരാതിയില്‍ പോലും എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ ദില്ലി പോലീസ് തയ്യാറാകാതിരുന്നതോടെ താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. അഞ്ച് ദിവസത്തിന് ശേഷം കോടതി മുറിയിൽ വച്ച് കേസെടുക്കുമെന്ന് പോലീസിന് സമ്മതിക്കേണ്ടി വന്നു. ഒടുവിൽ ബ്രിജ് ഭൂഷണെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി രണ്ട് എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തു. കേസെടുത്ത് മാസമൊന്ന് പിന്നിട്ടിട്ടും. അന്വേഷണം തുടരുന്നുവെന്ന് ആവർത്തിക്കുന്ന പോലീസ് പക്ഷേ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താന്‍ ഭയക്കുന്നു.  ബ്രിജ് ഭൂഷണാണെങ്കില്‍ പോക്സോ നിയമത്തില്‍ ഭേദഗതിക്കായി റാലി നടത്തുമെന്ന് പ്രഖ്യാപിക്കുന്നു. 

പരിശീലനത്തിനിടയിൽ അതിക്രമിച്ച് ദേഹത്ത് പിടിച്ചു, വസ്ത്രം മാറ്റി സ്പർശിക്കാൻ ശ്രമിച്ചു, ഫോട്ടോയിൽ ചേർത്ത് നിർത്തുന്നുവെന്ന വ്യാജേന ദേഹത്ത് സ്പര്‍ശിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു, എതിർപ്പ് പ്രകടിപ്പിച്ചവരുടെ അവസരം നിഷേധിച്ചു... പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ എഫ്ഐആറിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഗുരുതര ആരോപണമെന്ന് പൊലീസ് തന്നെ കോടതിയിൽ പറഞ്ഞിട്ടും ബ്രിജ് ഭൂഷണെ ഒരു തവണ മാത്രം ചോദ്യം ചെയ്ത് വിട്ടയച്ചതിന്‍റെ കാരണമെന്താകും? ഉത്തരം തേടിപ്പോയാൽ ഉത്തർപ്രദേശ് രാഷ്ട്രിയത്തിന്‍റെ ഉള്ളറകളിലേക്ക് എത്തും. 

ബ്രജ് ഭൂഷണ്‍ ശരണ്‍ സിംഗ് 

1991 -ൽ ആദ്യം എംപിയായത്  മുതൽ മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ച രാഷ്ട്രീയക്കാരനാണ് ബ്രിജ് ഭൂഷൺ. '96 -ൽ ടാഡ നിയമപ്രകാരം കേസെടുത്തപ്പോൾ ഭാര്യയെ രംഗത്തിറക്കി അധികാരം നിലനിർത്തി. അയോധ്യയ്ക്കും ശ്രാവസ്തിക്കും ഇടയിൽ അമ്പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബ്രിജ് ഭൂഷണ് സ്വന്തമായുണ്ട്. വോട്ട് ബാങ്ക് നിലനിർത്താൻ ബ്രിജ് ഭൂഷൺ ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗവും ഈ സ്കൂളുകളാണ്. അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബ്രിജ് ഭൂഷൺ ബാബരി മസ്ജിദ് കേസിലടക്കം പ്രതിയായിരുന്നു. ആത്യന്തികമായി ബിജെപി നേതാവ് ആണെങ്കിലും, പല തവണ എസ്പിക്കൊപ്പം നിന്ന് പാർട്ടിയെ വെല്ലുവിളിക്കാന്‍ ബ്രിജ് ഭൂഷണ് ഒരു മടിയുമില്ലായിരുന്നു. അയോധ്യയുൾപ്പടെ നിരവധി മണ്ഡലങ്ങളിൽ ബ്രിജ് ഭൂഷന്‍റെ സ്വാധീനം നന്നായി അറിയാവുന്ന ബിജെപിക്ക് ബ്രിജ് ഭൂഷണെ മുഷിപ്പിക്കുന്നതിലും താത്പര്യം ഗുസ്തിക്കാരുടെ അഭിമാനത്തെ അവഗണിക്കുകയാണ്. അഭിമാനം വോട്ടാകില്ല. അത് അധികാരത്തിലേക്കുള്ള വഴിയുമല്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. 

ബ്രിജ് ഭൂഷണിന്‍റെ സ്വാധീനത്തെ കുറിച്ച് നന്നായി അറിയാവുന്നവരാണ് ഗുസ്തി താരങ്ങൾ. രാഷ്ട്രീയ സ്വാധീനത്തിലുപരി ബ്രിജ് ഭൂഷണിന്‍റെ ഗുണ്ടായിസവും അവർക്ക് പരിചിതമാണ്. സ്വന്തം കൈകൊണ്ട് ഒരാളെ വെടിവെച്ചു കൊന്നുവെന്ന് ഒരു മാധ്യമത്തിന് മുന്നില്‍ വന്ന് നിന്ന് തുറന്നു പറഞ്ഞിട്ടും ഒരു നടപടിയും ബ്രിജ് ഭൂഷണിനെ തേടിയെത്തിയില്ല. രാജ്യത്തെ നിയമം നിയന്ത്രിക്കേണ്ടവര്‍ അയാള്‍ക്ക് മുന്നില്‍ തലകുനിച്ച് ഓച്ചാനിച്ച് നിന്നു. ഇതിനെല്ലാമപ്പുറം ബ്രിജ് ഭൂഷണെതിരെ ഉത്തർപ്രദേശിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, കലാപശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ നൂറോളം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരുണ്ടായിരുന്ന, എല്ലാ കേസുകളിൽ നിന്നും നിഷ്പ്രയാസം ഊരിപ്പോന്ന ബ്രിജ് ഭൂഷണെ ഈ കേസിലും രക്ഷിക്കാന്‍ ദില്ലി പൊലീസ് കൈകൊടുത്തെന്ന് ഗുസ്തി താരങ്ങൾ വിശ്വസിക്കുന്നു.

What is the message of the government to the wrestlers who are protesting in the streets bkg

'ജോലിക്കൊപ്പം പോരാട്ടം തുടരും' ഗുസ്തി താരങ്ങളുടെ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

സമരവും കേന്ദ്ര ഭരണകൂടവും  

സമരത്തിന്‍റെ തുടക്കം മുതൽ ബിജെപി ശ്രമിച്ചത് ഇതൊരു ഉത്തർപ്രദേശ് - ഹരിയാന തർക്കമാക്കി ചിത്രീകരിക്കാനായിരുന്നു. ഉത്തർപ്രദേശ് നേതാവായ ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഹരിയാനയിലെ പെൺകുട്ടികളുടെ ശ്രമമാണെന്ന് ബിജെപി ആരോപിച്ചു കൊണ്ടേയിരുന്നു. എന്നാല്‍, മക്കളെ ഗോദയിലേക്ക് ഇറക്കിവിട്ട അച്ഛന്മാര്‍ക്കൊപ്പം ഹരിയാനയിലേയും പഞ്ചാബിലേയും ഉത്തർപ്രദേശിലെയും കർഷകർ ഒന്നിച്ച് നിന്ന് ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധിച്ചു. ഖാപ് പഞ്ചായത്തുകൾ സമരത്തിന്‍റെ കരുത്തായി ഒപ്പം നിന്നു. ഞങ്ങളുടെ പെൺമക്കളുടെ അഭിമാനത്തിന്‍റെ പ്രശ്നമാണിതെന്നും അതിനെ വിലവച്ചില്ലെങ്കിൽ ദില്ലി മറ്റൊരു കർഷക സമരം കൂടി കാണുമെന്നും അവർ പ്രഖ്യാപിച്ചു. 

പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും പോക്സോ കേസില്‍ പോലും അറസ്റ്റ് ഉണ്ടായില്ല.  ഇതിന് പിന്നാലെ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമനന്ത്രി നരേന്ദ്ര മോദി ചെങ്കോലിനെ സാഷ്ടാംഗം നമസ്കരിക്കുമ്പോള്‍, ആ മന്ദിരത്തിന് പുറത്ത് തെരുവില്‍ പ്രതിഷേധിച്ച മഹിളാ പഞ്ചായത്തിന് നേരെ ദില്ലി പോലീസിന്‍റെ ചെയ്തി കണ്ട രാജ്യം തലകുനിച്ചു. രാജ്യത്തിന്‍റെ യശസുയര്‍ത്തിയവരെന്ന് സ്വകാര്യ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തോളില്‍ തട്ടി അഭിനന്ദിച്ച താരങ്ങള്‍ തെരുവുകളില്‍ പോലീസുകാരാല്‍ വലിച്ചിഴയ്ക്കപ്പെട്ടു. സമരം അടിച്ചമർത്താൻ പോലീസ് ശ്രമിച്ചപ്പോഴാണ് താരങ്ങൾ തങ്ങളുടെ ജീവന്‍ വച്ച് പോരാടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചത്. 

സമരം ചെയ്ത താരങ്ങൾ രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് പി ടി ഉഷയെ പോലുള്ളവർ പരിഹസിച്ചപ്പോൾ... അന്താരാഷ്ട്ര ഫെഡറേഷനുകൾ സംഭവങ്ങളിൽ തങ്ങളുടെ ദുഖം രേഖപ്പെടുത്തി. അപ്പോഴും ബിജെപിയും കേന്ദ്ര സർക്കാരും കേസും പരാതിയും ഒഴിവാക്കി ബ്രിജ് ഭൂഷണ് ക്ലീൻ ചിറ്റ് നൽകാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. സമരം ചെയ്തവർക്കെതിരെ കലാപ ശ്രമത്തിന് ദില്ലി പോലീസ് കേസെടുത്തു. റെയിൽവേയിലെ ജോലിയുടെ പേരിലും താരങ്ങള്‍ക്ക് നേരെ ഭീഷണികൾ ഉയര്‍ന്നു. പിന്മാറില്ലെന്ന് കണ്ടപ്പോൾ താരങ്ങളെ നേരിൽ കണ്ട് കേന്ദ്രമന്ത്രി അമിത് ഷായുടെ സമ്മർദ്ദ തന്ത്രം. അതിനും വഴങ്ങാതെ വന്നപ്പോൾ, യോഗേശ്വർ ദത്തിനെ പോലെ കായിക താരങ്ങൾക്കിടയിലെ ബിജെപി അനുഭാവികളെ മുന്നിൽ നിർത്തി സമരം അവസാനിപ്പിച്ചെന്ന് വാർത്ത പ്രചരിപ്പിച്ചു. രാഷ്ട്രീയ തന്ത്രങ്ങളും, വോട്ടു ബാങ്ക് കണക്ക് കൂട്ടലുകളും കഴിഞ്ഞ് നേരമുണ്ടെങ്കിൽ സർക്കാർ ഇവിടുത്തെ സ്ത്രീകൾക്ക് പറയാനുള്ളത് കേൾക്കണം. അവര്‍ കൂടി ഉള്‍പ്പെടുന്നതാണ് രാജ്യമെന്ന് മറക്കരുത്...

What is the message of the government to the wrestlers who are protesting in the streets bkg

'ആരെയും ഭയമില്ല, സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ല'; ബ്രിജ് ഭൂഷനെതിരെ പോരാട്ടം തുടരുമെന്ന് വിനേഷ് ഫോഗട്ട്

രാജ്യത്തിന് ലഭിച്ച 35 ഒളിമ്പിക് മെഡലുകളിൽ എട്ടെണ്ണം നേടിയത് വനിതകളാണ്. അതേസമയം രാജ്യത്തെ മുപ്പത് സ്പോർട്സ് ഫെഡറേഷനുകളില്‍ നടന്ന പരിശോധനകളില്‍ അതിൽ പതിനാറ് എണ്ണത്തിനും ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. കായിക രംഗത്ത് തിളങ്ങാൻ ആഗ്രഹിച്ച്, സ്വയം സമര്‍പ്പിച്ച് പരിശീലിക്കുന്ന ആയിരകണക്കിന് പെൺകുട്ടികള്‍ പുറത്തുണ്ട്. ആത്മാഭിമാനത്തോടെ ഗോദകളിലും ട്രാക്കിലും മറ്റ് കായിക ഇനങ്ങളിലും പോരാടി എതിരാളിയെ മലര്‍ത്തിയടിച്ച് രാജ്യത്തിന്‍റെ യശസുയര്‍ത്താന്‍ തയ്യാറായ ആ ആയിരക്കണക്കിന് പെണ്‍മക്കള്‍ക്ക് എന്ത് സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകാൻ ഉദ്ദേശിക്കുന്നത്? 

ഇനി കായിക താരങ്ങളെന്ന പരിഗണന മാറ്റിവെച്ച് നോക്കിയാലും സർക്കാർ നിലപാട്  രാജ്യത്തെ സ്ത്രീകളില്‍ ആശങ്കയുണ്ടാക്കുന്നതാണ്. പോക്സോ അടക്കമുള്ള ലൈംഗിക പീഡന പരാതി ഉന്നയിച്ച പെൺകുട്ടികളെ സമ്മർദ്ദത്തിലാക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ. പോക്സോ കേസിലെ പ്രതിയെ പാർലമെന്‍റ് ആംഗമായി തുടരാൻ അനുവദിച്ച് എല്ലാ സംരക്ഷണവും നൽകി രാജ്യം ഭരിക്കുന്ന പാർട്ടി. ഇതേ കൂട്ടരുടെ മുദ്രാവാക്യമാണ് 'ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ, നാരീശക്തി സിന്ദാബാദ്.' എന്നതും. രാജ്യം ഭരിക്കുന്നവരുടെ വാക്കും പ്രവര്‍ത്തിയും പലവഴി പിരിയുമ്പോള്‍... എന്താണ് നാം പ്രതീക്ഷിക്കേണ്ടത്.

'നീതി കിട്ടാൻ ജോലി തടസ്സമാണെങ്കിൽ രാജി വയ്ക്കാനും മടിയില്ല'; ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും സാക്ഷി മാലിക്

Follow Us:
Download App:
  • android
  • ios