പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിലാണ് ഏകദേശം 10 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇത്രയും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ വിദ്യാർഥിനികൾ ഭയന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു.
മധ്യപ്രദേശിലെ സാഗർ നഗരത്തിലെ ടിലി മേഖലയിലുള്ള ഒരു പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിലാണ് ഏകദേശം 10 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. അപ്രതീക്ഷിതമായി ഇത്രയും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ വിദ്യാർഥിനികൾ ഭയന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്നേക്ക് ക്യാച്ചർ അകീൽ ബാബയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പ് വലയിലായി.
10 അടി നീളമുള്ള പെരുമ്പാമ്പ്
ഹോസ്റ്റലിലെത്തിയ അകീൽ ബാബ, ബാത്ത്റൂമിൽ പരിശോധന നടത്തി ഏകദേശം 10 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. പിന്നാലെ വിദ്യാർഥികളെയും ഹോസ്റ്റൽ ജീവനക്കാരെയും സുരക്ഷിത അകലത്തിൽ മാറ്റി നിർത്തി അദ്ദേഹം രക്ഷാപ്രവർത്തനം ആരംഭിച്ചു. അൽപനേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി പുറത്തേക്ക് മാറ്റി. പാമ്പിന് പരിക്കേൽക്കാതെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ടിലി പ്രദേശം കുന്നുകളും ഏറെ വനവത്ക്കരണവുമുള്ള ഒരു പ്രദേശമാണ്. അതിനാൽ പെരുമ്പാമ്പുകൾ ഉൾപ്പെടെയുള്ള പാമ്പുകൾ ഇവിടെ പതിവായി കാണപ്പെടാറുണ്ടെന്ന് അകീൽ ബാബ പറഞ്ഞു. ഹൗസിങ് സ്കീമിന് കീഴിൽ നിർമിച്ച കെട്ടിടങ്ങളിലും സമീപ പ്രദേശങ്ങളിലും മുമ്പും നിരവധി തവണ പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാമ്പുകൾ ഏറെയുള്ള പ്രദേശം
ഇതുവരെ പ്രദേശത്ത് നിന്ന് ഏകദേശം 70 മുതൽ 75 വരെ പെരുമ്പാമ്പുകളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അവയെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചിട്ടുണ്ടെന്നും അകീൽ ബാബ കൂട്ടിച്ചേർത്തു. ഇത്തവണ രക്ഷപ്പെടുത്തിയ 10 അടി നീളമുള്ള പെരുമ്പാമ്പിനെയും സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയച്ചു. വീടുകളിലോ ഹോസ്റ്റലുകളിലോ മറ്റ് കെട്ടിടങ്ങളിലോ പാമ്പുകളെ കണ്ടാൽ ആളുകൾ സ്വയം പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുതെന്നും പരിശീലനം നേടിയ സ്നേക്ക് റെസ്ക്യൂ സംഘത്തെയോ ബന്ധപ്പെട്ട അധികൃതരെയോ ഉടൻ അറിയിക്കണമെന്നും അകീൽ ബാബ പറഞ്ഞു.


