ചിലിയിലെ ടോറസ് ഡെൽ പെയിൻ ദേശീയോദ്യാനത്തിൽ ശക്തമായ കാറ്റിൽ ആടിയുലഞ്ഞ തൂക്കുപാലത്തിൽ കുടുങ്ങിയ ജർമൻ വിനോദസഞ്ചാരിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. 45 മീറ്റർ താഴ്ചയുള്ള കൊക്കയ്ക്ക് മുകളിലെ പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ഇദ്ദേഹം മറുകര കടന്നത്.

ശക്തമായ കാറ്റിൽ ആടിയുലഞ്ഞ തൂക്കുപാലത്തിലൂടെ ജീവൻ പണയപ്പെടുത്തി മറുകരയിലെത്താൻ ശ്രമിക്കുന്ന ജർമൻ വിനോദ സഞ്ചാരിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തെക്കൻ ചിലിയിലെ പ്രശസ്തമായ ടോറസ് ഡെൽ പെയിൻ ദേശീയോദ്യാനത്തിലാണ് സംഭവം. പാലം കാറ്റിൽ ശക്തമായി ആടിയുലയുമ്പോൾ ഇരുവശത്തെയും കയറുകളിൽ മുറുകെപ്പിടിച്ച് കാലുകൾ അകറ്റിവെച്ച് ബാലൻസ് നിലനിർത്താൻ ശ്രമിക്കുന്ന വിനോദ സഞ്ചാരിയെ ദൃശ്യങ്ങളിൽ കാണാം.

ആടിയുലഞ്ഞ് തൂക്കുപാലം

30 -കാരനായ ഹെൻറി തോമസ് എന്ന ജർമൻ പൗരനാണ് അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോയത്. ഏഴുദിവസത്തെ ഒ-സർക്യൂട്ട് ട്രെക്കിങ്ങിന്‍റെ ഭാഗമായാണ് കാമുകിക്കൊപ്പം അദ്ദേഹം ഇവിടെയെത്തിയത്. 52 മീറ്റർ നീളമുള്ള ലാസ് ഗ്വാർദാസ് തൂക്കുപാലത്തിന് താഴെ ഏകദേശം 45 മീറ്റർ താഴ്ചയുള്ള കൊക്കയാണുള്ളത്. 18 കിലോയോളം ഭാരമുള്ള ബാഗും ചുമന്നാണ് ഹെൻറി പാലത്തിലേക്ക് കയറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

അപ്രതീക്ഷിതമായെത്തിയ കാറ്റ്

ആദ്യം കാമുകി പാലം കടന്നപ്പോൾ കാറ്റ് അത്ര ശക്തമായിരുന്നില്ല. എന്നാൽ, ഹെൻറി മറുകരയിലേക്ക് നീങ്ങുന്നതിനിടെ കാറ്റിന്‍റെ വേഗം പെട്ടെന്ന് വർധിച്ചു. ഇതോടെ തൂക്കു പാലം വശങ്ങളിലേക്ക് ശക്തമായി ആടാൻ തുടങ്ങി. ഇരുകൈകളും ഉപയോഗിച്ച് വശങ്ങളിലെ കയറുകളിൽ മുറുക്കെ പിടിച്ച് നിൽക്കുന്ന ഹെൻറിയെ വീഡിയോയിൽ കാണാം. സഹയാത്രികനായ മാർട്ടിൻ എസ്റ്റബാൻ ഗോൺസാലസ് ലോപ്പസാണ് ദൃശ്യങ്ങൾ പകർത്തിയത്. യാത്രാസംഘം മറുകരയിലെത്തിയ ശേഷവും കാറ്റിന്‍റെ ശക്തി കുറഞ്ഞില്ല. പാലം 180 ഡിഗ്രി തിരിഞ്ഞതായും പിന്നീട് പഴയ നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും ആടിക്കൊണ്ടിരുന്നതായും ഗോൺസാലസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ചിലിയുടെ ദേശീയ വനവൽക്കരണ കോർപറേഷനിലെ (CONAF) ഉദ്യോഗസ്ഥരെത്തി പാലത്തിലൂടെയുള്ള യാത്ര തടഞ്ഞു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.