Asianet News MalayalamAsianet News Malayalam

8 ദിവസത്തിനിടെ 108 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിക്കുന്നതെന്ത് ?

മധ്യപ്രദേശിലെ ശിശു മരണനിരക്ക് കേരളത്തേക്കാൾ ആറിരട്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

108 deaths in 8 days What is happening in a government hospital in Maharashtra bkg
Author
First Published Oct 13, 2023, 1:40 PM IST

ഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  24 മണിക്കൂറിനുള്ളിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ 11 രോഗികളാണ് ആശുപത്രിയിൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സെൻട്രൽ നന്ദേഡിലെ ഡോ. ശങ്കർറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഡീൻ ഡോ. ശ്യാം വകോട, ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് ആവർത്തിച്ചതായും വാര്‍ത്തകള്‍ പുറത്ത് വന്നു. ആദ്യത്തെ മരണ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ  ആശുപത്രി ഡീനിനെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച ശിവസേന (ഷിന്‍ഡേ വിഭാഗം) എംപിയുടെ നടപടി ഏറെ വിവാദമാവുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

മരുന്ന് ക്ഷാമം മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്നും ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി ഡീൻ അവകാശപ്പെടുന്നത്. '24 മണിക്കൂറിനുള്ളിലെ ശരാശരി മരണനിരക്ക് മുമ്പ് 13 ആയിരുന്നു, അത് ഇപ്പോൾ 11 ആയി കുറഞ്ഞു. മരണങ്ങളിൽ ജനന വൈകല്യങ്ങളോടെ ജനിച്ച കുട്ടികളും ഉൾപ്പെടുന്നു.' എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡീൻ ശ്യാം വകോട പറഞ്ഞത്. ആശുപത്രിയിലെ എൻഐസിയുവിൽ 60-ലധികം ശിശുക്കളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, കുട്ടികളെ പരിചരിക്കാൻ മൂന്ന് നഴ്‌സുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കോൺഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാൻ ആരോപിച്ചു. ഒരേസമയം മൂന്ന് കുഞ്ഞുങ്ങളെ ചികിത്സിക്കാൻ ഒരു വാമർ ഉപയോഗിച്ചുവെന്ന് നന്ദേഡ് ജില്ലയിലെ ഭോക്കറിൽ നിന്നുള്ള എംഎൽഎയും ആരോപിക്കുന്നു.  

ഹീലിയം ബലൂൺ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം !

മഹാരാഷ്ട്രയിൽ പ്രതിദിനം ഏകദേശം 40 ശിശുക്കൾ ഒരു വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അവരിൽ മൂന്നിൽ രണ്ട് ഭാഗവും ഒരു മാസത്തിൽ താഴെ പ്രായമുള്ള നവജാത ശിശുക്കാളാണ്. മധ്യപ്രദേശിലെ ശിശു മരണനിരക്ക് കേരളത്തേക്കാൾ ആറിരട്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ ശിശുമരണ നിരക്ക് ഏറെ കൂടുതലാണ് (ഏകദേശം 76.6% മെന്ന് കണക്കുകള്‍) നഗരപ്രദേശങ്ങളില്‍ ഇത് 23.4% ശതമാനവും. 2023-ലെ ഇന്ത്യയിലെ ശിശുമരണ നിരക്ക് 26.619 ശതമാനമാണെന്ന് കൂടി കാണേണ്ടതുണ്ട്. മാസം തികയാതെയുള്ള ജനനം, ഭാരക്കുറവ്, ശ്വാസതടസ്സം, പോഷകാഹാരക്കുറവ്, ഗർഭകാലത്തെ മാതൃ പരിചരണത്തിന്‍റെ അപര്യാപ്തത, ഉയർന്ന വിളർച്ച, ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരിലാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രാദേശിക ആശുപത്രികളിൽ നിന്ന് സ്പെഷ്യലൈസ്റ്റ് ആശുപത്രിയികളിലേക്ക് താമസിച്ചുള്ള റഫറലുകളും മതിയായ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ, എമർജൻസി കെയർ സൗകര്യങ്ങളുടെ അപര്യപ്തയും മരണ നിരക്ക് ഉയരാന്‍ കാരണമാകുന്നു. താഴേതട്ടിലുള്ള ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. 

'മൂട്ട കടി സഹിക്കവയ്യ'; പാരീസിന്‍റെ തെരുവുകളില്‍ കിടക്കകള്‍ ഉപേക്ഷിച്ച് ജനം !

“ബജറ്റിനെ ആശ്രയിച്ച് ഞങ്ങൾ സാധാരണയായി മൂന്ന് മാസത്തേക്ക് മരുന്ന് സ്റ്റോക്ക് നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. നിലവില്‍ ആശുപത്രിയില്‍ മതിയായ മരുന്നുകൾ സംഭരിച്ചിട്ടുണ്ട്. സ്റ്റാഫ് എല്ലാ രോഗികളെയും സഹായിക്കുന്നുണ്ടെന്നുമായിരുന്നു.' മരുന്നുകളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡീനിന്‍റെ മറുപടി. മരുന്ന് ക്ഷാമം മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്നും ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും ഡീൻ ആവര്‍ത്തിച്ചു. അതേ സമയം ആശുപത്രിയില്‍ ആവശ്യത്തിന് നേഴ്സുമാരില്ലെന്ന കോണ്‍ഗ്രസ് ആരോപണം ശക്തമായി. പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ “വിഷൻ 2035” എന്ന പദ്ധതി വിശദീകരിച്ചു. എല്ലാ ജില്ലകളിലും സ്പെഷ്യാലിറ്റി ആശുപത്രികൾ ലഭ്യമാക്കുമെന്നും സർക്കാർ ആരോഗ്യ വകുപ്പിൽ ഒഴിവുള്ള 19,695 തസ്തികകളിലേക്ക് ഉടന്‍ റിക്രൂട്ട്മെന്‍റ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷൻ 2035 പ്രകാരം ആരോഗ്യ വകുപ്പിന്‍റെ ബജറ്റ് ഇരട്ടിയാക്കാനും പൊതുജനാരോഗ്യത്തിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും 2035-ഓടെ ഒരു ബ്ലൂപ്രിന്‍റ് തയ്യാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios