തന്റെ മകൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, അതും മറ്റൊരു രാജ്യത്ത് കുടുങ്ങിപ്പോയതിനാൽ ഇത്തവണ തനിക്ക് നിസ്സഹായതയുണ്ടെന്ന് അവർ സമ്മതിക്കുന്നു. 

രണ്ട് വർഷം മുമ്പാണ് റസിയാ ബീ​ഗത്തിന്റെ മകൻ ലോക്ക്ഡൗണി(Lockdown)ൽ കുടുങ്ങുന്നത്. അന്ന് 1400 കിലോമീറ്റർ സ്കൂട്ടറിൽ സഞ്ചരിച്ച് അവൾ മകനെ തിരികെ എത്തിച്ചു. എന്നാൽ, ഇന്ന് അതേ മകൻ യുക്രൈനി(Ukraine)ൽ കുടുങ്ങിയതിന്റെ വേദനയിലും നിസ്സഹായതയിലും ആണ് അവർ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്‌കൂളിലെ അധ്യാപികയായ റസിയ ബീഗം(Razia Begum), ഇത്തവണ യുദ്ധബാധിതമായ യുക്രൈനിൽ ഒറ്റപ്പെട്ട 19 വയസ്സുള്ള തന്റെ മകന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലയാണ്.

യുക്രൈനിൽ നിന്ന് 260 വിദ്യാർത്ഥികൾ തെലങ്കാനയിലേക്ക് മടങ്ങിയെങ്കിലും, റസിയ യുക്രൈനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സുമിയിൽ എംബിബിഎസ് ഒന്നാം വർഷ പഠിക്കുന്ന മകൻ നിസാമുദ്ദീൻ അമനെ കാത്തിരിക്കുകയാണ്. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള സുമി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളിൽ അമനും ഉൾപ്പെടുന്നു.

സുമിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 500 -ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഒഴിപ്പിക്കാൻ കാത്തിരിക്കുകയാണെന്നാണ്. തുടർച്ചയായ റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും ബങ്കറുകളിലാണെന്നാണ് റിപ്പോർട്ട്. നഗരത്തിലെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ യുദ്ധത്തിൽ തകർന്നതായി പറയപ്പെടുന്നു.

യുക്രൈനിലെ മറ്റ് നഗരങ്ങളിൽ നിന്ന് സുമി വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇത് ഇന്ത്യക്കാർക്കും അവിടെ കുടുങ്ങിയ മറ്റ് പൗരന്മാർക്കും പുറത്തേക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മകന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ് റസിയാ ബീഗം. താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ രണ്ട് ദിവസം മുമ്പ് അവനിൽ നിന്ന് ഒരു കോൾ വന്നതായി 50 -കാരിയായ അധ്യാപിക പറഞ്ഞു. "അവൻ സുരക്ഷിതനായതിനാൽ വിഷമിക്കേണ്ടെന്ന് എന്നോട് പറഞ്ഞു, പക്ഷേ അവൻ ഒരു വിദേശ രാജ്യത്ത് യുദ്ധത്തിനിടയിൽ കുടുങ്ങിയതിനാൽ ഞാൻ ആശങ്കാകുലയാണ്" അവർ പറഞ്ഞു.

അവിടെ കുടുങ്ങിയ തന്റെ മകനെയും മറ്റ് ഇന്ത്യൻ വിദ്യാർത്ഥികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് റസിയ ബീഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോടും അഭ്യർത്ഥിച്ചു. 

തന്റെ മകൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, അതും മറ്റൊരു രാജ്യത്ത് കുടുങ്ങിപ്പോയതിനാൽ ഇത്തവണ തനിക്ക് നിസ്സഹായതയുണ്ടെന്ന് അവർ സമ്മതിക്കുന്നു. രാജ്യവ്യാപകമായ ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയ തന്റെ മകനെ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ റസിയ ബീഗം തന്റെ സ്കൂട്ടറിൽ 1,400 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ യാത്ര നടത്തുകയായിരുന്നു. അവരുടെ ധൈര്യത്തെ അന്ന് നിരവധിപ്പേരാണ് പ്രശംസിച്ചത്.