കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളിക്ക് ഒരബദ്ധം പറ്റി. അദ്ദേഹം മത്സ്യബന്ധനത്തിന് പോകുന്ന വഴി തന്‍റെ ബോട്ടില്‍ അല്പം പെട്രോളടിച്ചതാണ്. ഒന്നും രണ്ടും ലിറ്ററല്ല, 231 ലിറ്റര്‍ പെട്രോള്‍ !

പെട്രേള്‍, ഡീസല്‍ ഇന്ധനങ്ങളുടെ വിലയ്ക്ക് തീ പിടിച്ച കാലമാണ്. വില കൂടുന്നതിനാല്‍ ഏറെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ട ഒരു വസ്തുകൂടിയാണ് ഇന്ന് ഇന്ധനങ്ങള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളിക്ക് ഒരബദ്ധം പറ്റി. അദ്ദേഹം മത്സ്യബന്ധനത്തിന് പോകുന്ന വഴി തന്‍റെ ബോട്ടില്‍ അല്പം പെട്രോളടിച്ചതാണ്. ഒന്നും രണ്ടും ലിറ്ററല്ല, 231 ലിറ്റര്‍ പെട്രോള്‍ !

സംഗതി ഒരു കൈയബദ്ധമായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.... വിദേശരാജ്യങ്ങളില്‍ താരതമ്യേന ചെറിയ ബോട്ടുകളില്‍, ഒന്നോ രണ്ടോ ആളുകള്‍ക്ക് കയറുവുന്ന തരത്തിലുള്ള ബോട്ടുകളാണ് കടലില്‍ മത്സബന്ധനത്തിനായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ബോട്ടുകളെ കാറിന്‍റെയോ ട്രക്കിന്‍റെയോ പുറകില്‍ കെട്ടിവച്ച് കരയിലൂടെയും കൊണ്ട് പോകാന്‍ കഴിയും. കടലില്‍ നിന്നും ഏറെ ദൂരെയുള്ള ആളുകള്‍ക്ക് പോലും ഇങ്ങനെ ബോട്ടുകള്‍ കൊണ്ട് നടന്ന് ഉപയോഗിക്കാം. ഇത്തരത്തില്‍ തന്‍റെ കാറിന്‍റെ പുറകില്‍ ബോട്ടും കെട്ടിവച്ച് കഴിഞ്ഞ ദിവസം ഒരു മത്സ്യത്തൊഴിലാളി സിഡ്‌നിയിലെ ഹിൽസ് ഡിസ്ട്രിക്ടിലെ വെസ്റ്റ് പെനന്‍റ് ഹിൽസിലെ 7-ഇലവൻ സർവീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു. 

കൂടുതല്‍ വായനയ്ക്ക്: കാലാവസ്ഥാ വ്യതിയാനം; ഫോസിൽ ഇന്ധനങ്ങൾക്കുള്ള ധനസഹായം നിര്‍ത്താന്‍'Make My Money Matter'ക്യാമ്പയിൻ

മത്സ്യബന്ധനത്തിന് കടലില്‍ പോകും മുമ്പ് അല്പം പെട്രോള്‍ അടിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ പെട്രോള്‍ പമ്പുകളില്‍ വച്ച് വണ്ടികളില്‍ പെട്രോളോ ഡീസലോ നമ്മള്‍ സ്വന്തം നിലയ്ക്ക് അടിക്കണം. ഇത്തരത്തില്‍ അദ്ദേഹം സ്വയം ബോട്ടില്‍ പെട്രോള്‍ അടിക്കാന്‍ തുടങ്ങി. ഏറെ നേരം കഴിഞ്ഞ് ബോട്ടിന്‍റെ പുറകില്‍ കൂടി പെട്രോള്‍ ഒഴുകി പോകുന്നത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആ മത്സ്യബന്ധനത്തൊഴിലാളി കാര്യം അറിഞ്ഞത്. അദ്ദേഹം പെട്രോളിന്‍റെ പൈപ്പ് അതുവരെ പിടിച്ചിരുന്നത് ബോട്ടിന്‍റെ ഇന്ധനടാങ്കിലേക്ക് ആയിരുന്നില്ല, മറിച്ച് ബോട്ടിന്‍റെ റോഡ് ഹോള്‍ഡറിലായിരുന്നു (കമ്പികളും മറ്റും ഘടിപ്പിക്കാനായി ഉണ്ടാക്കിയ പ്രത്യേക ദ്വാരം). 

കൂടുതല്‍ വായനയ്ക്ക്: പരിണാമ സിദ്ധാന്തത്തിന് കൂടുതല്‍ തെളിവ്;മനുഷ്യനും കുരങ്ങുകളും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഒരേ ആംഗ്യഭാഷ

ഇതിനകം അദ്ദേഹം 231 ലിറ്റര്‍ പെട്രോള്‍ അടിച്ച് കഴിഞ്ഞിരുന്നു. അതായത് 500 ഓസ്ട്രേലിയന്‍ ഡോളറിനുള്ള പെട്രോള്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 29,000 രൂപയ്ക്കടുത്ത് വരും. സംഭവത്തിന്‍റെ വീഡിയോ ഫിഷിങ്ങ് സണ്‍ഡേ എന്ന ഫെസ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ടു. ഇതോടെ കമന്‍റുകളുമായി നിരവധി പേരെത്തി. ചിലര്‍ അദ്ദേഹത്തിന്‍റെ ബോധമില്ലായ്മയില്‍ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ ഇത് തങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും പെട്രോള്‍ നഷ്ടപ്പെടുന്നത് ആദ്യമായാണ് കാണുന്നതെന്നും ചിലര്‍ കമന്‍റ് ചെയ്തു. വീഡിയോ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ഇതിന് പിന്നാലെ 2021 ല്‍ ഓസ്‌ട്രേലിയയില്‍ തന്നെ മറ്റൊരു മത്സ്യബന്ധന തൊഴിലാളി തന്‍റെ ബോട്ടിലേക്ക് 150 ലിറ്റര്‍ പെട്രോള്‍ അടിച്ച മറ്റൊരു സംഭവവും ചിലര്‍ രേഖപ്പെടുത്തി.