Asianet News MalayalamAsianet News Malayalam

വയസ് 27, കണ്ടാൽ 10 വയസുകാരനെപ്പോലെ, ജോലി പോലും കിട്ടാതെ യുവാവ്, ഒടുവിൽ...

ഷെങ്ങിന്റെ കഥ ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. അവരിൽ പലരും അയാൾക്ക് അവസരം നൽകാതിരുന്ന തൊഴിലുടമകളെ വലിയ രീതിയിൽ വിമർശിച്ചു. എന്നാൽ അയാൾ ഓൺലൈനിൽ പ്രശസ്തനായ ശേഷം, ധാരാളം സംരംഭകർ അയാൾക്ക് ജോലി വാഗ്ദാനം ചെയ്യുകയുണ്ടായി.

27 year old man looks like 10 year old
Author
China, First Published Jul 28, 2022, 2:15 PM IST

ചൈനയിലെ ഡോങ്‌ഗ്വാനിൽ നിന്നുള്ള മാവോ ഷെങിന് വയസ്സ് 27 കഴിഞ്ഞു. എന്നാൽ കണ്ടാൽ പത്ത് വയസ്സിനപ്പുറം പറയില്ല. നമ്മളെല്ലാവരും പ്രായം കുറച്ച് കാണിക്കാൻ ശ്രമിക്കുമ്പോൾ, ഇയാൾ പ്രായത്തിനനുസരിച്ചുള്ള രൂപം മതി എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. കാരണം ഈ രൂപം കാരണം അയാൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. ചിലർ അത് ഒരു അനുഗ്രഹമായി കണക്കാക്കുമ്പോൾ, ഷെങിനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ശാപമാണ്. അയാളുടെ ഈ രൂപം കണ്ട് ആരും അയാളെ ജോലിയ്ക്ക് എടുക്കുന്നില്ല.

ഭൂരിഭാഗം ആളുകളും അയാൾക്ക് ഇത്ര പ്രായമുണ്ടെന്ന് വിശ്വസിക്കാൻ തയ്യാറാകുന്നില്ല. അയാൾ കള്ളം പറഞ്ഞ് ജോലി തട്ടിയെടുക്കാൻ നോക്കുകയാണ് എന്നാണ് പലരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ആളുകൾ അയാളെ ജോലിക്കെടുക്കാൻ വിസമ്മതിക്കുന്നു. എങ്ങാൻ ജോലി കൊടുത്താൽ അയാളുടെ ഈ രൂപം കണ്ട് ബാലവേല ചെയ്യിപ്പിക്കുകയാണ് എന്നാരോപിച്ച് തങ്ങളെ അറസ്റ്റ് ചെയ്യുമോ എന്ന ഭയമാണ് പലർക്കും. അദ്ദേഹത്തിന്റെ അച്ഛൻ സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലാണ്. പിതാവിനെ നോക്കാൻ ഷെങിന് ജോലിയ്ക്ക് പോയെ മതിയാകൂ.

ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച വിഷമിച്ച് ഇരിക്കുമ്പോഴാണ്, ഒട്ടും പ്രതീക്ഷിക്കാതെ ഒരു വഴിത്തിരിവുണ്ടായത്. കഴിഞ്ഞ ആഴ്ച ഒറ്റരാത്രികൊണ്ട് അയാൾ ഒരു സെൻസേഷനായി മാറി. അയാളുടെ അവസ്ഥ കാണിക്കുന്ന ഒരു വീഡിയോ ടിക്ടോക്കിൽ വൈറലായതാണ് കാരണം. ഡോങ്‌ഗ്വാനിലെ തെരുവുകളിൽ ചിത്രീകരിച്ച ആ വീഡിയോയിൽ യുവാവ് തന്റെ പ്രായത്തെ കുറിച്ചും, ഒരു ജോലി കണ്ടെത്താൻ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും എല്ലാം വിശദമാക്കുന്നു. സ്ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കുന്ന പിതാവിനെ പിന്തുണയ്ക്കാൻ തനിക്ക് ഒരു ജോലി കൂടിയേ തീരൂ എന്നയാൾ സങ്കടപ്പെടുന്നതും അതിൽ കാണാം.  

ഷെങ്ങിന്റെ കഥ ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. അവരിൽ പലരും അയാൾക്ക് അവസരം നൽകാതിരുന്ന തൊഴിലുടമകളെ വലിയ രീതിയിൽ വിമർശിച്ചു. എന്നാൽ അയാൾ ഓൺലൈനിൽ പ്രശസ്തനായ ശേഷം, ധാരാളം സംരംഭകർ അയാൾക്ക് ജോലി വാഗ്ദാനം ചെയ്യുകയുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടിക്ടോക്കിൽ അയാൾ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ തനിക്ക് നിരവധി ഓഫറുകൾ ലഭിച്ചുവെന്നും, അതിലൊന്ന് താൻ സ്വീകരിച്ചുവെന്നും പറയുന്നു. പിതാവിനെ ചികിത്സിക്കാൻ ആവശ്യമായ വരുമാനം ഇതിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അതിൽ വെളിപ്പെടുത്തി. ജീവിതം ഒന്ന് മെച്ചപ്പെട്ടാൽ, ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം ചെയ്യണമെന്നാണ് ഷെങിന്റെ ആഗ്രഹം.  

മാവോ ഷെങ്ങിന്റെ കഥ ചൈനയിലെ നിരവധി വാർത്താ മാധ്യമങ്ങൾ ചർച്ച ചെയ്തുവെങ്കിലും, 27 വയസ്സുള്ള യുവാവിന്റെ ഈ രൂപത്തിന് പിന്നിലുള്ള മെഡിക്കൽ കാരണം അവരാരും സൂചിപ്പിച്ചിട്ടില്ല. ശാരീരിക വളർച്ചയെ നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഓൺലൈനിൽ പലരും ചോദിച്ചു.  

Follow Us:
Download App:
  • android
  • ios