കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാൻ ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയനായ 36-കാരനായ ചൈനീസ് യുവാവ് മരിച്ചു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വഷളായതിനെ തുടർന്നായിരുന്നു മരണം. ആശുപത്രിയുടെ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
കാമുകിയുടെ മാതാപിതാക്കളിൽ ഒരു നല്ല മതിപ്പ് ഉണ്ടാക്കുന്നതിനായി ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയനായ 36 -കാരനായ ചൈനീസ് യുവാവിന് ദാരുണാന്ത്യം. പിന്നാലെ ശസ്ത്രക്രിയ ചെയ്ത ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. ആശുപത്രി അധികൃതരുടെ പിഴവാണ് മരണ കാരണമെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്.
ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ
കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ലി ജിയാങ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അത് പെട്ടെന്ന് വേണമെന്നതിനാല്‍ അദ്ദേഹം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചു. ഹെനാൻ പ്രവിശ്യയിലെ സിൻക്സിയാങ്ങിൽ നിന്നുള്ള ലി ജിയാങിന് 174 സെന്‍റീമീറ്റർ ഉയരവും 130 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നു. ഇയാൾ വർഷങ്ങളായി അമിതവണ്ണവും ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
പ്രണയം
അടുത്തിടെയാണ് ലിയ്ക്ക് ഒരു പ്രണയമുണ്ടാകുന്നത്. കാമുകിയുടെ കുടുംബത്തെ നേരില്‍ കാണാനുള്ള ആവേശത്തിലായിരുന്നു ലിയെന്ന് മൂത്ത സഹോദരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കാമുകിയുടെ മാതാപിതാക്കളെ കാണുന്നതിന് മുമ്പ് ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനവും ലിയുടെതായിരുന്നു. അതിനിടൊണ് സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്യാസ്ട്രിക് ബൈപാസ് സർജറിക്കായി സെപ്റ്റംബർ 30 -നാണ് ലിയെ ഷെങ്‌ഷൗവിലെ ഒമ്പതാം പീപ്പിൾസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 2 ന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജനറൽ വാർഡിലേക്ക് മാറ്റുന്നതിന് മുമ്പ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കി.
ആരോഗ്യം വഷളാകുന്നു
എന്നാൽ ഒക്ടോബർ 4 -ന് ലിയുടെ ആരോഗ്യാവസ്ഥ അപ്രതീക്ഷിതമായി വഷളായി. രാവിലെ 6.40 ഓടെ അദ്ദേഹത്തിന് ശ്വസിക്കാൻ പോലും ബുദ്ധിമുട്ടി. പിന്നാലെ അടിയന്തര ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിലേക്ക് വീണ്ടും മാറ്റിയെങ്കിലും ശക്തമായ ശ്വാസതടസം മൂലം ഒക്ടോബർ 5 ന് ലി മരിച്ചെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദ്ദവും ഫാറ്റി ലിവറും ഉണ്ടായിരുന്ന ലിയ്ക്ക് മെറ്റബോളിക് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഉറക്കത്തിൽ ലി ഉച്ചത്തിൽ കൂർക്കംവലിച്ചിരുന്നു. ഈ അവസ്ഥകൾ ശസ്ത്രക്രിയയെ സങ്കീർണ്ണമാക്കിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ലിയുടെ കുടുംബം പോസ്റ്റോമോർട്ടം വേണമെന്നും മരണ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.


