ഉറക്കത്തിലാണ് ശരീരത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അറിഞ്ഞതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ദ്ധനഗ്‌നയാക്കിയ ശേഷം, സഹയാത്രികന്‍ തന്നെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. 


വിമാനത്തിലെ രാത്രിയാത്രക്കിടെ സഹയാത്രികയെ ബലാല്‍സംഗം ചെയ്ത കേസില്‍ 40 -കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ നിന്നും ബ്രിട്ടനിലെ ലണ്ടനിലേക്ക് പോവുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് സഹയാത്രികയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ബ്രിട്ടീഷുകാരിയായ യുവതിയാണ് പരാതിപ്പെട്ടത്. പിടിയിലായതും ബ്രിട്ടീഷ് പൗരനാണെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു രണ്ട് യാത്രികരും സഞ്ചരിച്ചിരുന്നത്. യാത്രയുടെ തുടക്കത്തില്‍ ഇരുവരും സംസാരിച്ചിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരസ്പരം സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്ത ശേഷമാണ് രാത്രി വൈകി സ്ത്രീയ്‌ക്കെതിരെ ഇയാള്‍ ആക്രമണം നടത്തിയത്. ബിസിനസ് ക്ലാസ് ആയതിനാല്‍ ഇരുവരും വെവ്വേറെ കാബിനില്‍ ആയിരുന്നു. ഇവിടെ വെച്ച് മറ്റു യാത്രികര്‍ ഉറങ്ങുന്ന നേരത്ത് ഇയാള്‍ അടുത്ത കാബിനിലേക്ക് ഇഴഞ്ഞുചെന്ന് സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. 

കുറേയേറെ സ്വകാര്യ പ്രശ്‌നങ്ങളിലായിരുന്നു താനെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി ഡെയിലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ അല്‍പ്പം അസ്വസ്ഥയാണെന്ന് സംസാരിക്കുന്ന കൂട്ടത്തില്‍ ആരോപണവിധേയനായ യാത്രക്കാരനോട് പറഞ്ഞിരുന്നതായി യുവതി പറഞ്ഞു. ലൈറ്റ് ഓഫ് ചെയ്യും മുമ്പ് ഉറങ്ങാനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതിനാല്‍ താന്‍ പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി. 

ഉറക്കത്തിലാണ് ശരീരത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അറിഞ്ഞതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ദ്ധനഗ്‌നയാക്കിയ ശേഷം, സഹയാത്രികന്‍ തന്നെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റു യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നതിനാലും വായ പൊത്തിപ്പിടിച്ചതിനാലും ആരെയും വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. താന്‍ ബഹളം വെക്കുമെന്ന് കണ്ട് അവസാനം ഇയാള്‍ തന്നെ പിന്തിരിയുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഉടനെ തന്നെ യുവതി എഴുന്നേറ്റു ചെന്ന് വിമാന ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായ ആരോപണം ആയതിനാല്‍, ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ മേലധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന്, വിമാനക്കമ്പനി പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയെ ഉടനെ തന്നെ ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള കൗണ്‍സലിംഗ് സെന്ററിലേക്ക് കൊണ്ടുപോയി. ഇവരില്‍നിന്നും പൊലീസ് വിശദമായ മൊഴി എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.