യുഎസിലെ അർക്കാൻസാസിൽ, 14  വയസ്സുള്ള ബെല്ലയും 12 വയസ്സുള്ള ഹണ്ടറും മാതാപിതാക്കളായി. കുടുംബങ്ങളുടെ എതിർപ്പുകൾക്കിടയിലും അവർ കുഞ്ഞിന് ജന്മം നൽകി. കൗമാര ഗർഭധാരണത്തിന്‍റെ വെല്ലുവിളികളെക്കുറിച്ച് ഇരുവരും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു.

മേരിക്കയിലെ അർക്കാൻസാസിൽ നിന്ന് അസാധാരണമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്കൂൾ പ്രായത്തിലുള്ള രണ്ട് കുട്ടികൾ അച്ഛനും അമ്മയുമായെന്നായിരുന്നു ‌ആ ഞെട്ടിക്കുന്ന വാർത്ത. വാർത്തയ്ക്ക് പിന്നാലെ ബെല്ലയും കാമുകൻ ഹണ്ടറും സമൂഹ മാധ്യമങ്ങിൽ വൈറലായി. ഇരുവരും ഇന്ന് ഒരു ആണ്‍ കുഞ്ഞിന്‍റെ മാതാപിതാക്കളാണ്. ഇരുവർക്കും യഥാക്രമം 15 ഉം 13 ഉം വയസാണ് പ്രായം.

14 ഉം 12 ഉം വയസുള്ള മാതാപിതാക്കൾ

കഴിഞ്ഞ വർഷം അതായത്, ബെല്ലയ്ക്ക് 14 ഉം കാമുകൻ ഹണ്ടറിന് 12 ഉം വയസുള്ളപ്പോഴാണ് താൻ ഗർഭിണിയാണെന്ന് ബെല്ല വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മാർച്ചിൽ ബെല്ല ഒരു ആണ്‍ കുഞ്ഞിന് (വെസ്‌ലി) ജന്മം നൽകി. മകൻ വെസ്ലിയോടൊപ്പമാണ് ഇപ്പോൾ ഇരുവരുടെയും താമസം. ഹണ്ടറിന് 12 വയസ്സുള്ളപ്പോഴാണ് ബെല്ല ഗർഭിണിയായതെന്നത് പലരെയും ഞെട്ടിച്ചു. വിവരമറിഞ്ഞ് ഇരു കുടുംബങ്ങളും അമ്പരന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒടുവിൽ ബെല്ലയുടെ മാതാപിതാക്കൾ മകളെ പിന്തുണയ്ക്കാൻ തീരുമാനിച്ചെങ്കിലും, ഹണ്ടറിന്‍റെ കുടുംബം ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ആദ്യം എതിർപ്പ്, പിന്നെ...

ഹണ്ടറിന്‍റെ കുടുംബത്തിന്‍റെ പിന്തുണ ഇല്ലാതിരുന്നിട്ടും കുഞ്ഞിനെ പ്രസവിക്കാൻ തന്നെയായിരുന്നു ബെല്ലയുടെ തീരുമാനം. ടിഎൽസിയുടെ ജനപ്രിയ റിയാലിറ്റി ഷോയായ അൺഎക്‌സ്‌പെക്റ്റഡിൽ നിന്നുള്ള ഒരു പ്രൊമോഷണൽ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെയാണ് ഇരുവരുടെയും ജീവിതം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളാകുന്ന കൗമാരക്കാരെക്കുറിച്ചുള്ള ഒരു പ്രോഗ്രാമാണിത്.

View post on Instagram

ബെല്ലയുടെ അമ്മ ഫാലണിന് മകളുടെ ഗർഭധാരണം ഒരു പേടിസ്വപ്നം പോലെയാണ് തോന്നിയത്. താൻ ആകെ തകർന്നുപോയെന്നും ഇത്രയും ചെറുപ്പത്തിൽ തന്നെ തന്‍റെ മകൾക്ക് ഗർഭധാരണത്തെ എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയതായും അവർ പറഞ്ഞു. ബെല്ലയുടെ മാതാപിതാക്കൾ തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും, പിന്നീട് അവർ മകളെയും പേരക്കുട്ടിയെയും കുടുംബത്തോടൊപ്പം നിർത്തി. എന്നാൽ, ഹണ്ടറിന്‍റെ കുടുംബം വളരെ വ്യത്യസ്തമായി പ്രതികരിച്ചെന്ന് ബെല്ല പറയുന്നു. ഗർഭഛിദ്രം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ ബെല്ല തയ്യാറായില്ല.

ആരും അനുകരിക്കരുത്

ഇന്ന് തന്‍റെ കുഞ്ഞുക്കുടുംബവുമായി ബെല്ല സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പുതിയ ജീവിതത്തെ കുറിച്ച് അവർ വീഡിയോകൾ പങ്കുവയ്ക്കുന്നു. താന്‍ അമ്മയാകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബെല്ല തന്‍റെ വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഒരു കുട്ടിയെ വളർത്തുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്നും തന്‍റെ അനുഭവം ആവർത്തിക്കരുതെന്നും അവർ മറ്റ് പെൺകുട്ടികളോട് അഭ്യർത്ഥിക്കുന്നു. കൗമാര ഗർഭധാരണത്തെ താൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, തന്‍റെ ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണെന്നും അവർ വീഡിയോകളിലൂടെ നിരന്തരം പറയുന്നു. എന്നാൽ. വാർത്തയെ അവിശ്വാസത്തോടെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ നോക്കിയത്. ഇത്രയും കുറഞ്ഞ പ്രായത്തിൽ മാതാപിതാക്കളാകാൻ കഴിയുമോയെന്നായിരുന്നു പലരുടെയും സംശയം. 'ഒരു കുട്ടിക്ക് ഒരു കുട്ടിയുണ്ടാകുന്നു എന്ന വാർത്ത കേട്ട് എന്‍റെ മനസ്സ് മരവിച്ചുപോകുന്നു'വെന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.