160 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇത്രയധികം യാത്രക്കാരുടെ ജീവൻ ഇയാൾ അപകടത്തിലാക്കിയത് ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ പശ്ചാത്തലത്തിലാണത്രെ.
തിരക്കേറിയ സബ്‌വേയിൽ തീയിട്ട കേസിൽ 67 വയസുകാരൻ അറസ്റ്റിൽ. ഞെട്ടിക്കുന്ന സംഭവം നടന്നത് ദക്ഷിണ കൊറിയയിലെ സിയോളിലാണ്. സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഒരാൾ ഒരു ദ്രാവകം ഒഴിച്ച ശേഷം ട്രെയിനിന് തീയിടുന്നത് ഇതിൽ കാണാം. എന്നാൽ, അതിനുണ്ടായ കാരണമാണ് ആളുകളെ അമ്പരപ്പിച്ചത്. ഭാര്യയുമായുള്ള വിവാഹമോചനമാണത്രെ ഇതിന് കാരണം.
സിയോൾ സതേൺ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് വീഡിയോ പുറത്ത് വിട്ടത്. ഇതിൽ, ഇയാൾ തറയിൽ പെട്രോൾ പോലെ എന്തോ ദ്രാവകം ഒഴിക്കുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ, അയാൾ അത് കത്തിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി ഓടിപ്പോകുന്നതാണ് കാണുന്നത്.
മെയ് 31 -ന് രാവിലെ നല്ല തിരക്കുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് കൊറിയ ജൂങ് ആങ് റിപ്പോർട്ട് ചെയ്യുന്നത്. വോൺ എന്നയാളാണ് തീയിട്ടത് എന്നും പിന്നീട് തിരിച്ചറിഞ്ഞു. ട്രെയിനിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇയാൾ ഒരു വെളുത്ത തൊപ്പി ധരിച്ചാണ് എത്തിയിരിക്കുന്നത് എന്ന് കാണാം. പിന്നീട്, നിലത്തേക്ക് പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്യുകയാണ്. വളരെ ശാന്തമായിട്ടാണ് ഇയാൾ ഇത് ചെയ്യുന്നത്.
160 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇത്രയധികം യാത്രക്കാരുടെ ജീവൻ ഇയാൾ അപകടത്തിലാക്കിയത് ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ പശ്ചാത്തലത്തിലാണത്രെ.
സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതിനെ തുടർന്ന് പ്രതി ഉൾപ്പടെ നിരവധി പേർക്ക് ചികിത്സ നൽകേണ്ടി വന്നു. 67 -കാരനായ ഇയാൾക്കെതിരെ കൊലപാതകശ്രമം, തീവയ്പ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേരാണ് അഭിപ്രായപ്രകടനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഡിവോഴ്സായി പോകുന്ന ഭാര്യയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആരെങ്കിലും ഇത് ചെയ്യുമോ? ഇയാളെന്തൊരു മനുഷ്യനാണ് എന്ന് നിരവധിപ്പേരാണ് പറഞ്ഞിരിക്കുന്നത്. രക്ഷാപ്രവർത്തനം വൈകിയിരുന്നുവെങ്കിൽ ഒരുപാടുപേരുടെ ജീവന് അപകടം സംഭവിച്ചേനെ എന്നും നിരവധിപ്പേർ പറഞ്ഞു.


