35 കോടിയുടെ അപ്പാര്‍മെന്‍റുകൾ വില്പന നടത്തിയതിനെ തുടർന്ന് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഗെയിൽ ബോംസെ.

യുഎസിലെ ഹാംപ്ടൺസിൽ നടന്ന ഒരു സംഗീത പരിപാടിയിൽ സൗജന്യ ടീ-ഷർട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മാൻഹട്ടനിൽ നിന്നുള്ള 75 കാരി, എഴ് വയസുള്ള ഒരു പെണ്‍കുട്ടിയുടെ കൈയില്‍ കടിച്ചെന്ന് പരാതി. കഴിഞ്ഞയാഴ്ച ടൗസ്ഡേസ് ഓൺ മെയിൻ ബീച്ച് എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഇവര്‍ പരിപാടിക്കെത്തിയ നിരവധി കുട്ടികളെ ആക്രമിച്ചെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മാൻഹട്ടനില്‍ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഏജന്‍റ് കൂടിയായ ഗെയിൽ ബോംസെ കുറ്റം ചെയ്തിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ അവകാശപ്പെട്ട് രംഗത്തെത്തി.

സംഗീത കച്ചേരിയിൽ വിതരണം ചെയ്ത സൗജന്യ ടീ-ഷർട്ടുകളിൽ ഒന്ന് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ കുട്ടികളെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടതായി ചില ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. ഇതിനിടെയായിരുന്നു ഗെയിൽ ബോംസെ ഒരു ഏഴ് വയസുകാരിയുടെ കൈത്തണ്ടയില്‍ കടിച്ചത്. കുട്ടിയുടെ കൈയില്‍ നിന്നും രക്തം വന്നെന്നും പിന്നാലെ കൈ തടിച്ച് വീങ്ങിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എന്നാല്‍, കുറ്റം നിഷേധിച്ച ഗെയിൽ ബോംസെയുടെ അഭിഭാഷകന്‍ 75 വയസുള്ള ഒരു മുത്തശ്ശിയാണിവരെന്നും സംഗീത കച്ചേരിക്കിടെ ടീ ഷർട്ടിന് വേണ്ടി കൗമാരക്കാര്‍ ഗെയിൽ ബോംസെയെ തള്ളിത്താഴെയിടുകയും ചവിട്ടുകയും ചെയ്തെന്നും ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പരിക്കേറ്റെന്നും മാധ്യമങ്ങളോട് പറഞ്ഞു. യുഎസിലെ ആഡംബര പ്രോപ്പർട്ടികളിൽ വില്പനകളില്‍ ഏറെ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഏജന്‍റാണ് ഗെയിൽ ബോംസെയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 35 കോടിയുടെ അപ്പാര്‍മെന്‍റുകൾ വില്പന നടത്തിയതിനെ തുടർന്ന് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഗെയിൽ ബോംസെ.