പത്ത് വര്‍ഷമായി തന്‍റെ ഒപ്പമുള്ള പൂച്ച തന്‍റെ മരണ ശേഷം അനാഥയാകുമെന്ന ചിന്തയാണ് ഇത്തരമൊരു വാഗ്ദാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ന്‍റെ വളർത്തു പൂച്ചയെ പരിപാലിക്കുന്ന ഏതൊരാൾക്കും മുഴുവൻ സമ്പാദ്യവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈനയിൽ നിന്നുള്ള 82 -കരനായ ഒരു വൃദ്ധൻ. സംഗതി ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തിയത്. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പൂച്ചയുടെ സംരക്ഷണം വലിയ ചര്‍ച്ചയായെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ താമസിക്കുന്ന ലോങ് എന്ന് വിളിപ്പേരുള്ള 82 -കാരനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. പത്ത് വർഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട ശേഷം, ലോങ് തന്‍റെ വളര്‍ത്തു പൂച്ചയായ സിയാങ്‌ബയ്‌ക്കൊപ്പമാണ് താമസം. ശക്തമായ മഴയുള്ള ഒരു ദിവസം തെരുവില്‍ നിന്ന് ലോങാണ് സിയാന്‍ബയെയും അവളുടെ മൂന്ന് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് കുഞ്ഞുങ്ങൾ മൂന്നും മരിച്ച് പോയി. ഇന്ന് ലോങും സിയാങ്ബയും മാത്രമാണ് ഇവിടെ താമസം.

തന്‍റെ മരണ ശേഷം സിയാങ്ബയ്ക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരമൊരു വാഗ്ദാനത്തിന് പ്രേരിപ്പിച്ചത്. തന്‍റെ പൂച്ചയെ 'നന്നായി പരിപാലിക്കാൻ' സമ്മതിക്കുന്ന ഏതൊരാൾക്കും തന്‍റെ ഫ്ലാറ്റ്, സമ്പാദ്യം, മറ്റ് സ്വത്തുക്കൾ എന്നിവ കൈമാറാൻ തയ്യാറാണെന്ന് ലോങ് വ്യക്തമാക്കിയതായി ഗ്വാങ്‌ഡോംഗ് റേഡിയോ ആൻഡ് ടെലിവിഷനും പറയുന്നു. ഒപ്പം ലോങ് അനുയോജ്യനായ ഒരാളെ അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തന്‍റെ ആഗ്രഹത്തിന് ഒത്ത ഒരാളെ ഇതുവരെ കണ്ടെത്താന്‍ ലോങിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

അതേസമയം ലോങിന്‍റ കരാറെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് നിയമപരമായ സങ്കീര്‍ണതൾക്ക് കാരണമാകുമോയെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ആശങ്കപ്പെട്ടു. കരാർ അടിസ്ഥാനമാക്കി തന്‍റെ സ്വത്തുക്കൾ അദ്ദേഹം കൈമാറിയേക്കാം. എന്നാല്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കൾ, തങ്ങളുടെ അവകാശം ചൂണ്ടിക്കാട്ടി കൊടുക്കുന്ന കേസുകൾ പിന്നീട് നേരിടേണ്ടിവന്നേക്കാമെന്ന് ഒരാൾ എഴുതി. അതേസമയം 2021 -ല്‍ വന്ന ചൈനയുടെ സിവിൽ കോഡ് അനുസരിച്ച് ഒരു വ്യക്തിക്ക് തന്‍റെ സ്വത്തിന്‍റെ അവകാശം വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിനോ വില്‍ത്രം വഴി വല്‍കാന്‍ അനുവദിക്കുന്നു. അതേസമയം നിരവധി പേര്‍ പണം വേണ്ടെന്നും പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അറിയിച്ച് രംഗത്തെത്തി.