അഡ്രിയാനയുടെ ശരീരം നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു. മാത്രമല്ല അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു.

റൊമാനിയയിലെ ബുക്കാറെസ്റ്റിൽ താമസിക്കുന്ന അഡ്രിയാന നീഗോ എന്ന 34 -കാരി വലിയ നായപ്രേമിയായിരുന്നു. ഒരു ദിവസം അവളെ വിളിച്ചിട്ടോ മെസ്സേജ് അയച്ചിട്ടോ പ്രതികരണമൊന്നും കിട്ടാതെ വന്നതോ‌ടെയാണ് അവളുടെ വീട്ടുകാർ അവളുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റ് പൂട്ടിയിട്ട് കണ്ടതോടെ പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു. വാതിൽ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. 

അഡ്രിയാനയുടെ ശരീരം നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു. മാത്രമല്ല അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. എങ്ങനെയോ അഡ്രിയാന മരിച്ചുവെന്നും പിന്നാലെ വിശന്നു തുടങ്ങിയപ്പോൾ നായകൾ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ് കരുതുന്നത്. 

എന്നാൽ, വീട്ടിൽ യാതൊരു തരത്തിലുള്ള ബലപ്രയോ​ഗങ്ങളും നടന്നതിന് തെളിവില്ല. ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമാണ് അഡ്രിയാനയുടെ മരണകാരണം എന്തെന്ന് വ്യക്തമായി പറയാൻ കഴിയൂ എന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

പ്രിയപ്പെട്ട ഉടമയെ നഷ്ടപ്പെട്ട് അനാഥരായ അവളുടെ രണ്ട് നായകളെയും അവിടെ നിന്നും നായകളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. നിരവധിപ്പേരാണ് അഡ്രിയാനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റിട്ടിരിക്കുന്നത്. 

അവളുടെ സഹോദരി ഇട്ടിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, 'മറ്റൊരു മാലാഖ കൂടി സ്വർ​ഗത്തിലേക്ക് യാത്ര പോയിരിക്കുന്നു, എൻ്റെ സുന്ദരിയായ സഹോദരി ആൻഡ സാഷ ഇനി നമുക്കൊപ്പം ഇല്ല' എന്നാണ്. 

ഇതാദ്യമായിട്ടല്ല ഒരു മൃഗസ്‌നേഹിയുടെ മൃതദേഹം അവരുടെ വളർത്തുമൃഗങ്ങൾ തിന്നിരിക്കുന്ന നിലയിൽ കണ്ടെത്തുന്നത്. 2013 -ൽ യുകെയിലെ ഹാംഷെയറിലും സമാനമായ സംഭവം നടന്നിരുന്നു. ഇവിടെ 56 -കാരിയായ ഒരു സ്ത്രീ സ്വന്തം വീട്ടിൽവച്ച് മരിക്കുകയായിരുന്നു. അവളുടെ ദേഹം പൂച്ചകൾ ഭക്ഷിച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടമകള്‍ മരിച്ച ശേഷം ഭക്ഷണം കിട്ടാതെ വന്നതിനാലാവണം അവ ഇത് ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം